T20 World Cup: മാര്‍ഷും ഹേസല്‍വുഡും ഇനി യുവരാജിനൊപ്പം! അപൂര്‍വ്വ റെക്കോര്‍ഡ്
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളികളായതോടെ അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷും പേസര്‍ ജോഷ് ഹേസല്‍വുഡും. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരായ ഫൈനലില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡ് ടീമിനെ തകര്‍ത്തായിരുന്നു ഓസീസിന്റെ കിരീടധാരണം. അഞ്ചു തവണ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായി ക്രിക്കറ്റിനെ അടക്കിഭരിച്ച ഓസീസിന്റെ കന്നി ടി20 ലോകകപ്പ് കിരീടനേട്ടം കൂടിയാണിത്. നേരത്തേ 2010ലെ ഫൈനലില്‍ അവര്‍ കളിച്ചിരുന്നെങ്കിലും അന്നു ഇംഗ്ലണ്ടിനോടു പരാജയം സമ്മതിക്കുകയായിരുന്നു.
തകര്‍പ്പന്‍ റണ്‍ചേസിനൊടുവില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയായിരുന്നു ഓസീസ് സ്വന്തമാക്കിയത്. പുറത്താവാതെ 77 റണ്‍സെടുത്ത മാര്‍ഷായിരുന്നു ഓസീസിന്റെ ഹീറോ. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 53 റണ്‍സോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

യുവരാജിന്റെ നേട്ടത്തിനൊപ്പം
ടി20 ലോകകപ്പ് നേട്ടം കുറിച്ചതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു മാത്രം സ്വന്തമായിരുന്ന അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് മിച്ചെല്‍ മാര്‍ഷും ജോഷ് ഹേസല്‍വുഡും. ദേശീയ ടീമിനോടൊപ്പം അണ്ടര്‍ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവ കരസ്ഥമാക്കിയ താരങ്ങളായാണ് മാര്‍ഷും ഹേസല്‍വുഡും മാറിയത്. നേരത്തേ യുവി തനിച്ച് കൈയടക്കിവച്ച റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്.
2000ത്തിലെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടമുയര്‍ത്തിയായിരുന്നു യുവിയുടെ തുടക്കം. അദ്ദേഹത്തിനു സീനിയര്‍ ടീമിലേക്കു വഴിതുറന്നതും ഈ പ്രകടനമായിരുന്നു. 2007ല്‍ എംഎസ് ധോണിക്കു കീഴില്‍ പ്രഥമ ടി20 ലോകകപ്പ് വിജയത്തില്‍ യുവി പങ്കാളിയായി. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ യുവരാജ് സംഘത്തിലുണ്ടായിരുന്നു. ഈ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

മാര്‍ഷും ഹേസല്‍വുഡും
മാര്‍ഷ്, ഹേസല്‍വുഡ് എന്നിവരിലേക്കു വരികയാണെങ്കില്‍ അണ്ടര്‍ 19 തലം മുതല്‍ ഇരുവരും ഓസ്‌ട്രേലിയക്കു വേണ്ടി ഒരുമിച്ച് കളിക്കുന്നവരാണ്. 2010ലെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ബാബര്‍ ആസം നയിച്ച പാകിസ്താനെ 25 റണ്‍സിനു തോല്‍പ്പിച്ചായിരുന്നു ഓസീസിന്റെ കിരീടധാരണം. അന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു മാര്‍ഷ്. ഫൈനലില്‍ പക്ഷെ അദ്ദേഹത്തിനു ഏഴു റണ്‍സെടുക്കാനേ ആയുള്ളൂ. ഹേസല്‍വുഡ് പക്ഷെ ബൗളിങില്‍ കസറി. നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചും ഹേസല്‍വുഡായിരുന്നു.
പിന്നീട് 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സീനിയര്‍ ടീമിനൊപ്പവും മാര്‍ഷും ഹേസല്‍വുഡും കിരീടം നേടി. മെല്‍ബണില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനായിരുന്നു ഓസീസ് കെട്ടുകെട്ടിച്ചത്. മാര്‍ഷ് ഓസീസ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഹേസല്‍വുഡ് ഓസീസ് ഇലവനിലുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു വിക്കറ്റൊന്നും വീഴ്ത്താനായില്ല.

വിവരിക്കാന്‍ വാക്കുകളില്ലെന്നു മാര്‍ഷ്
ഓസ്‌ട്രേലിയന്‍ ടീമിന്റെ ടി20 ലോകകപ്പ് കിരീട വിജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തനിക്കു വാക്കുകളില്ലെന്നു ഫൈനലിനു ശേഷം മിച്ചെല്‍ മാര്‍ഷ് പ്രതികരിച്ചു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗ്രൂപ്പിനോടൊപ്പം അദ്ഭുകരമായ ആറാഴ്ചയാണ് കടന്നുപോയത്. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തവെയാണ് കോച്ചിങ് സ്റ്റാഫ് എന്റെയടുത്ത് വന്ന് നീയായിരിക്കും ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്ന് അറിയിച്ചത്. ഈ ഐഡിയ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് എനിക്കു തോന്നിയതെന്നും മാര്‍ഷ് വെളിപ്പെടുത്തി.ഫൈനലില്‍ വെറും 50 ബോളിലായിരുന്നു ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം മാര്‍ഷ് പുറത്താവാതെ 77 റണ്‍സ് വാരിക്കൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications