ടി20 ലോകകിരീടം നിലനിര്‍ത്താനുള്ള പടയൊരുക്കത്തിനിടെ ടീം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക്. ഈ ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകവും യുവ ഓള്‍റൗണ്ടറുമായ തിലക് വര്‍മ പരിക്കു കാരണം ടൂര്‍ണമെന്റില്‍ കളിച്ചേക്കില്ല.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഹൈദരാബാദിനായി കളിക്കവെയാണ് താരത്തിന്റെ സ്വകാര്യ ഭാഗത്തു പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ തിലകിനു നാലാഴ്ചയോളം വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെയാണ് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ലോകകപ്പില്‍ അദ്ദേഹം കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുന്നത്, മിന്നുന്ന ഫോമിലുള്ള തിലകിനു പിന്‍മാറേണ്ടി വന്നാല്‍ അതു ടീമിനു വലിയ ക്ഷീണമായി മാറുമെന്ന കാര്യമുറപ്പാണ്. അദ്ദേഹത്തിനു കളിക്കാനായില്ലെങ്കില്‍ പകരം ടീമിലേക്കു മികച്ച ഓപ്ഷനുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
നറുക്കു വീഴുകയാര്‍ക്ക്?
ടി20 ലോകകപ്പില്‍ തിലക് വര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നാല്‍ പകരം ഇന്ത്യക്കു പരിഗണിക്കാവുന്ന താരങ്ങള്‍ പ്രധാനമായും മൂന്നു പേരാണ്. സ്റ്റാര്‍ ബാറ്ററും ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍, മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, വലംകൈ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണിത്. മൂന്നു പേരും ഈ റോളില്‍ ബെസ്റ്റ് ഓപ്ഷനുകളുമാണ്.
ഇവരില്‍ ടീമിനു ഏറ്റവുമധികം മുതല്‍ക്കൂട്ടായി മാറുന്നയാള്‍ ശ്രേയസായിരിക്കും. കാരണം അനുഭവസമ്പത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ കളിക്കാനുള്ള മിടുക്കും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. നേരത്തേ മോശം സ്‌ട്രൈക്ക് റേറ്റും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസും കാരണം ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ശ്രേയസ്.
പക്ഷെ ഇപ്പോള്‍ ഈ ദൗര്‍ബല്യങ്ങളെല്ലാം പരിഹരിച്ച അദ്ദേഹം ഒരു യഥാര്‍ഥ ടി20 ബാറ്ററായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പര്‍ പ്രകടനങ്ങള്‍ ഇതു ശരിയും വയ്ക്കുന്നു. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനായി 500ന് മുകളില്‍ റണ്‍സാണ് ശ്രേയസ് വാരിക്കൂട്ടിയത്.
ഇന്ത്യക്കു വേണ്ടി ഇതിനകം 51 ടി20കളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ലോകകപ്പ് ടീമില്‍ ഇന്ത്യക്കു ആവശ്യവും ഇങ്ങനെയൊരാളെയാണ്. 30.66 ശരാശരിയില്‍ 1104 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വീണ്ടും ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടാല്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം തീര്‍ച്ചയായും ശ്രേയസിനു പുറത്തെടുക്കാന്‍ കഴിയും.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് റുതുരാജ്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനു വേണ്ടി സ്ഥിരമായി കളിക്കാനുള്ള മികവുണ്ടായിട്ടും അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഒരു ഫോര്‍മാറ്റിലും ഇപ്പോള്‍ റുതു ടീമിന്റെ ഭാഗമല്ല.

സൗത്താഫ്രിക്കയുമായുള്ള എകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ സെഞ്ച്വറി നേടിയിട്ടും അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ഇനി തിലകിന പകരം ടി20 ലോകകപ്പ്
ടീമില്‍ ഇടം ലഭിച്ചാല്‍ അവിടെയും റുതുവില്‍ നിനും മികച്ച പ്രകടനം പ്രതീക്ഷിക്കാം.
ദേശീയ ടീമിനായി 24 ടി20കളില്‍ റുതുരാജ് കളിച്ചിട്ടുണ്ട്. 39.56 ശരാശരിയില്‍ 143 സ്‌ട്രൈക്ക് റേറ്റില്‍ 633 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കമാണിത്. ഇത്ര മികച്ച റെക്കോഡുണ്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ റുതുരാജിനു കൂടുതല്‍ അവസങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.
എന്നാല്‍ ദേവ്ദത്തിനു ഇന്ത്യന്‍ ടീമിനൊപ്പം ഇനിയും വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിട്ടില്ല. വെറും രണ്ടു വീതം ടി20യും ടെസ്റ്റും മാത്രമാണ് താരം കളിച്ചത്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ താരം ഇപ്പോള്‍ വന്‍ റണ്‍വേട്ടയാണ് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ 600ന് മുകളില്‍ റണ്‍സ് താരം വാരിക്കൂട്ടി കഴിഞ്ഞു. ഇപ്പോഴത്തെ ഫോമില്‍ അദ്ദേഹത്തെ ലോകകപ്പ് ടീമിലെടുക്കുന്നതും മികച്ചൊരു തീരുമാനമായിരിക്കും.