ടി20 ലോകകപ്പിലെ ഡൂ ഓര്‍ ഡൈ പോരാട്ടത്തില്‍ ഇന്ത്യ സിംബാബ്‌വെയെ തറപറ്റിച്ചിരിക്കുകയാണ്. ഇന്നലെത്തെ മത്സരത്തോടെ ഇന്ത്യ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 256 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാംബ്‌വേക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ.

ബാറ്റിംഗിനിറങ്ങിയവരെല്ലാം മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയതാണ് ടീം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു സാംസണ്‍ (24), അഭിഷേക് ശര്‍മ്മ (55), ഇഷന്‍ കിഷന്‍ (38), സൂര്യകുമാര്‍ യാദവ് (33), ഹര്‍ദിക് പാണ്ഡ്യ (50*), തിലക് വര്‍മ്മ (44*) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. പന്തുകള്‍ അധികം പാഴാക്കാതെ വെടിക്കെട്ട് പ്രകടനമാണ് ബാറ്റ്‌സ്മാന്‍മാരെല്ലാം നടത്തിയത്.

ഇത് അവരുടെ സ്‌ട്രൈക്ക് റേറ്റിലും പ്രതിഫലിച്ചു. ഇതാദ്യമായാണ് ടി20 ലോകകപ്പ് ഇന്നിംഗ്സില്‍ ഒരു ടീമിലെ 6 ബാറ്റ്സ്മാന്‍മാര്‍ക്ക് കുറഞ്ഞത് 150 സ്‌ട്രൈക്ക് റേറ്റോടെ 20 റണ്‍സെങ്കിലും നേടുന്നത്. സഞ്ജു സാംസണ്‍ (160), അഭിഷേക് ശര്‍മ്മ (183.33), ഇഷന്‍ കിഷന്‍ (158.33), സൂര്യകുമാര്‍ യാദവ് (253.84), ഹര്‍ദിക് പാണ്ഡ്യ (217.39), തിലക് വര്‍മ്മ (275) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ്.

സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ്മ വരെയുള്ള എല്ലാവരും 150 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടി. ഇന്നിംഗ്‌സിന്റെ രണ്ടാം പന്ത് തന്നെ സിക്‌സ് പറത്തി സഞ്ജുവാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഏറ്റവും വേഗം കുറഞ്ഞ് റണ്‍സ് കണ്ടെത്തിയ ഇഷാന്‍ കിഷന് പോലും 158 ആണ് സ്‌ട്രൈക്ക്് റേറ്റ് എന്ന് കാണാം. തിലക് ആണ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ബാറ്റ്സ്മാന്‍. അതേസമയം മറ്റ് ചില റെക്കോഡുകളും ഇന്നലത്തെ സൂപ്പര്‍ 8 മത്സരത്തിന്റെ തിളക്കം കൂട്ടി.
ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. കൂടാതെ സിംബാബ്വേയ്ക്കെതിരെ ഇന്ത്യ 17 സിക്സറുകള്‍ നേടി. ഒരു ടി20 ലോകകപ്പ് ഇന്നിംഗ്സില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനമാണിത്. 2024 ല്‍ ഗ്രോസ് ഐലറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 15 സിക്സറുകള്‍ ആയിരുന്നു ഇതിന് മുന്‍പിലെ മികച്ച റെക്കോഡ്. ഈ ലോകകപ്പില്‍ ഇന്ത്യ 63 സിക്സറുകള്‍ അടിച്ചു.

ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളാണിത്. 2024 ലെ പതിപ്പില്‍ 61 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. ഈ ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് അവരെക്കാള്‍ കൂടുതല്‍ നേടിയത്, 66. സിംബാബ്വേയ്ക്കെതിരെ ഇന്ത്യ 26 ഡോട്ട് ബോളുകള്‍ മാത്രമാണ് കളിച്ചത്. ഇതും റെക്കോഡാണ്. 2016 ല്‍ ഇംഗ്ലണ്ടിനെതിരെ വാങ്കഡെയില്‍ ദക്ഷിണാഫ്രിക്കയും ഇത്രയും കുറഞ്ഞ ഡോട്ട് ബോളുകളായിരുന്നു കളിച്ചത്.