അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും മലയാളി സൂപ്പര്‍ താരം സഞ്ജു സംസണ്‍ തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി കളിക്കണമെന്നു ദേശീയ ടീമിന്റെ മുന്‍ ബാറ്റിങ് കോച്ചും മലയാളിയുമായ അഭിഷേക് നായര്‍. പക്ഷെ അതിനു വേണ്ടി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഒരു കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുഖ്യ കോച്ച് കൂടിയായ അഭിഷേക്. ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില് കൡക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.

മധ്യനിര ബാറ്ററായി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും നല്ല അവസരം കൂടിയായിരിക്കും അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പര. ഏറ്റവും അവസാനമായി ഇന്ത്യ ചാംപ്യന്മാരായ ഏഷ്യാ കപ്പിലും സഞ്ജുവിനെ മധ്യനിര ബാറ്ററായിട്ടാണ് കണ്ടത്.
സഞ്ജുവിനെ മാറ്റരുത്
ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി മടങ്ങിയെത്തിയതോടെ സഞ്ജു സാംസണിനെ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറ്റിക്കഴിഞ്ഞു. പക്ഷെ ഇനി ഇവിടെ അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നാണ് അഭിഷേക് നായരുടെ അഭിപ്രായം.
ടി20യില്‍ സഞ്ജു സാംസണിന്റെ പ്രകടനം നോക്കൂ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷെ നിങ്ങള്‍ അദ്ദേഹത്തെ ഓപ്പണിങില്‍ നിന്നും താഴേക്കു ഇറക്കി. ഇനി അടുത്ത വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പ് വരെ ഇനി സഞ്ജുവിനെ അതേ റോളില്‍ തന്നെ കളിപ്പിക്കുകയും വേണം.
ഇങ്ങനെ നിരന്തരം ഒരേ റോളില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതുമായി അദ്ദേഹം കൂടുതലായി പൊരുത്തപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെയാള്‍ സഞ്ജു തന്നെയായിരിക്കുമെന്നും അഭിഷേക് വിലയിരുത്തി.
ഓസ്‌ട്രേലിയയില്‍ കസറും
ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജു സാംസണ്‍ കസറുമെന്നാണ് അഭിഷേക് നായര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടുത്തെ ബാറ്റിങ് സാഹചര്യങ്ങള്‍ മലയാളി താരത്തിനു അനുകൂലമാണെന്നും അദ്ദേഹം പറയുന്നു.

സഞ്ജു സാംസണിന്റെ ബാറ്റിങിനെ കുറിച്ചു നമുക്കെല്ലാം അറിയാം. പിക്കപ്പ് ഷോട്ടുകളും പുള്‍, കട്ട് ഷോട്ടുകളുമെല്ലാം കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിനു ഏറെ അനുയോജ്യമാണ് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍.
സഞ്ജുവോ, ജിതേഷ് ശര്‍മയോ, മറ്റാരുമാവട്ടെ അടുത്ത ടി20 ലോകകപ്പില്‍ നിങ്ങള്‍ ഒരു പൊസിഷനില്‍ ഏതെങ്കിലുമൊരു താരത്തെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള അയാളുടെ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ആ താരത്തിനു അടുത്ത ലോകകപ്പില്‍ തന്റെ റോളിനെക്കുറിച്ച് വ്യക്തത ലഭിക്കുകയും ചെയ്യും.
ചിലപ്പോള്‍ ആ റോളില്‍ ആ താരം റണ്ണെടുത്തേക്കാം, ചിലപ്പോള്‍ ഫ്‌ളോപ്പുമായി മാറിയേക്കാം. പക്ഷെ ലോകകപ്പ് പോലെ വലിയൊരു ദൗത്യത്തിനു മുമ്പ് ഒരു താരത്തിന് തന്റെ റോള്‍ എന്താണെന്നു മനസ്സിലാക്കാനും അതിനു വേണ്ടി തയ്യാറെടുക്കാനും തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടുകയും വേണം. ഇതു തീര്‍ച്ചയായും അര്‍ഹിക്കുന്നയാളാണ് സഞ്ജു സാംസണ്‍.
അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും നമ്മള്‍ മാറ്റങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ല. അഞ്ചോ, ആറോ, ഏഴോ ഏതു ബാറ്റിങ് പൊസിഷനോ ആവട്ടെ സഞ്ജുവിനു അതേ റോളില്‍ സ്ഥിരമായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണമെന്നും അഭിഷേക് ആവശ്യപ്പെടുന്നു.