അന്താരാഷ്ട്ര ടി20 കരിയര്‍ അവസാനിച്ചെന്നു എല്ലാവരും വിധിയെഴുതിയ ഇടത്തു നിന്നും ഗംഭീര തിരിച്ചുവരവിന്റെ വക്കിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. 2022ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തിനു ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്നാണ് കരുതപ്പെട്ടുരുന്നത്.
എന്നാല്‍ അസാധ്യമായി ഒന്നും തന്നെയില്ലെന്നു തെളിയിക്കാനൊരുങ്ങുകയാണ് രാഹുല്‍. ഐപിഎല്ലിന്റെ 18ാം സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ അദ്ദേഹത്തിലേക്കു വന്നിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടി20 ടീമിലേക്കു രാഹുലിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കാമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരിച്ചുവരവ് എപ്പോള്‍?
ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അടുത്ത ടി20 പരമ്പര നടക്കാനിരിക്കുന്നത് ആഗസ്റ്റിലാണ്. ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ പരമ്പരയിലേക്കു കെആല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ (Times Of India) റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഈ സീസണിലെ ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് രാഹുലിനെ സെലക്ടര്‍മാരുടെ നോട്ടപ്പുളളിയാക്കി മാറ്റിയത്. ഐപിഎല്ലില്‍ ഇന്ത്യയുടെ മറ്റു വിക്കറ്റ് കീപ്പര്‍മാരെല്ലാം നിരാശപ്പെടുത്തവെയാണ് അവരെയെല്ലാം പിന്നിലാക്കി രാഹുലിന്റെ കുതിപ്പ്. അടുത്ത വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിന്റെയും പ്ലാനുകളുടെ ഭാഗമായി രാഹുല്‍ പരിഗണിക്കപ്പെടുന്നതായാണ് വിവരം.
ബംഗ്ലാദേശുമായുള്ള അടുത്ത ടി20 പരമ്പരയില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹത്തെ ടീമില്‍ നമുക്കു പ്രതീക്ഷിക്കാം. രാഹുലിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് സഞ്ജു സാംസണുള്‍പ്പെടെ ഇന്ത്യയുടെ പല വിക്കറ്റ് കീപ്പര്‍മാരുടെയും ഉറക്കം കെടുത്തുന്നുണ്ട്.
സമീപകാലത്തു ടി20യിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി സഞ്ജുവിനെയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ പരിഗണിച്ചത്. ബാക്കപ്പായി യുവതാരം ധ്രുവ് ജുറേലും ടീമിന്റെ ഭാഗമായി. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍ ഇരുവരുമായിരുന്നു. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെല്ലം ടി20 ടീമുകൡ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.
സഞ്ജുവും ജുറേലും ടി20 ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനിടെയാണ് ഇപ്പോള്‍ രാഹുലിന്റെ അപ്രതീക്ഷിത വരവ്. ഇതോടെ രണ്ടിലൊരാള്‍ക്കു ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. അതു ജുറേല്‍ തന്നെയാവാനാണ് സാധ്യത. തന്റെ ഫേവറിറ്റ് കൂടിയായ സഞ്ജുവിനെ ഗംഭീര്‍ കൈവിടാന്‍ സാധ്യതയില്ല.

രാഹുല്‍ ഷോ
ഈ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായത്തില്‍ കെഎല്‍ രാഹുല്‍ ഷോ തന്നെയാണ് കാണുന്നത്. 500 റണ്‍സെന്ന മാന്തികസംഖ്യക്കു തൊട്ടരികില്‍ നില്‍ക്കുകയാണ് 33 കാരനായ അദ്ദേഹം. 11 മല്‍സരങ്ങളിലാണ് രാഹുല്‍ ഇത്തവണ കളിച്ചത്. 61.63 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 493 റണ്‍സും താരം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. 148.05 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ രാഹുല്‍ അപരാജിത സെഞ്ച്വറി കുറിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ ശേഷം 65 ബോളില്‍ 112 റണ്‍സാണ് അദ്ദേഹം കുറിച്ചത്. ഓള്‍ടൈം റെക്കോര്‍ഡും ഇതോടെ രാഹുലിനെ തേടിയെത്തിയിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നു വ്യത്യസ്ത ടീമുക്കായി സെഞ്ച്വറിയടിച്ച ആദ്യത്ത താരമായാണ് അദ്ദേഹം മാറിയത്.