വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ എത്തിനില്‍ക്കുകയാണ്. ഇനി കഷ്ടിച്ച് ഒരു മാസം മാത്രമാണ് ടൂര്‍ണമെന്റിനു ബാക്കിയുള്ളത്. അടുത്ത മാസം ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള അങ്കം നടക്കാനിരിക്കുന്നത്.
നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം കാത്തുസൂക്ഷിക്കാനുറച്ചാവും കളത്തിലിറങ്ങുക. പക്ഷെ 2024ല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ സ്വന്തമാക്കിയ ട്രോഫി കാത്തുസൂക്ഷിക്കുകയെന്നത് സൂര്യകുമാര്‍ യാദവിനും സംഘത്തിനും ദുഷ്‌കരമായിരിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ കപ്പുയര്‍ത്തുകയും ചെയ്തിട്ടില്ല.
ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകളെയെടുത്താല്‍ ചിലരുടെ ഓപ്പണിങ് കോമ്പിനേഷന്‍ എതിരാളികളുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. ഏറ്റവും അപകാരികളായ ഓപ്പണിങ് ജോടികളുള്ള ടീമുകള്‍ ആരുടേതൊക്കെയാണന്നു നോക്കാം.

ഓപ്പണിങില്‍ ഇവരെ സൂക്ഷിച്ചോ
ടി20 ലോകകപ്പില്‍ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന കിടിലന്‍ ഓപ്പണിങ് ജോടിയെയാണ് ഇന്ത്യ ഇത്തവണ കയറൂരി വിടുന്നത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനൊപ്പംലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയാണ് ഓപ്പണിങിലെത്തുക.
അതിനിടെ ഏഷ്യാ കപ്പ് മുതല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പര മറ്റൊരു ഓപ്പണിങ് ജോടിയെ ഇന്ത്യ പരീക്ഷിച്ചെങ്കിലും അതു ദയനീയമായി പരാജയപ്പെട്ടു. അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്തത് ശുഭ്മന്‍ ഗില്ലായിരുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നല്‍കി. പക്ഷെ ഗില്ലിന് ഈ റോള്‍ ചേരില്ലെന്നു ബോധ്യമായതോടെയാണ് ലോകകപ്പില്‍ സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ വിളിച്ചത്.
ടൂര്‍ണമെന്റില്‍ ടീമിനു വേണ്ടിയിരുന്നതും ഇങ്ങനെയൊരു ഓപ്പണിങ് കോമ്പിനേഷനാണ്. ക്രീസിലെത്തിയാല്‍ ആദ്യ ബോള്‍ മുതല്‍ വളരെ അഗ്രസീവായി അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇതിനകം 12 ടി20കളില്‍ സഞ്ജു- അഭിഷേക് ജോടി ഓപ്പണ്‍ ചെയ്തു കഴിഞ്ഞു.
9.82 ഇക്കോണമി റേറ്റില്‍ അടിച്ചെടുത്തത് 267 റണ്‍സാണ്. ഈ സഖ്യം ഓപ്പണ്‍ ചെയ്ത 12 മല്‍സരങ്ങളില്‍ 10ലും ടീം ജയിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതില്‍ ഇവര്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
ഓപ്പണിങിലെ വ്യക്തിഗത റെക്കോര്‍ഡ് നോക്കിയാല്‍ അഭിഷേക് 30ന് മുകളിലും സഞ്ജു 17 ടി20കളിലുമാണ് ഈ റോളിലെത്തിയത്. അഭിഷേക് രണ്ടു സെഞ്ച്വറികളടക്കം 196 സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കോര്‍ ചെയ്തത്. സഞ്ജുവിന്റെ പ്രഹരശേഷി 161 ആണ്. മൂന്നു സെഞ്ച്വറികളും അദ്ദേഹം കുറിച്ചു.
ഓസ്‌ട്രേലിലയയുടെ മിച്ചെല്‍ മാര്‍ഷ്-ട്രാവിസ് ഹെഡ് എന്നിവരാണ് ടി20 ലോകകപ്പിലെ മറ്റൊരു കിടിലന്‍ ഓപ്പണിങ് ജോടി. രണ്ടു പേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുളളവരാണ്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളിങ് ആക്രമണത്തെയും പഞ്ഞിക്കിടാന്‍ സാധിക്കുകയും ചെയ്യും.

ടി20യില്‍ ഇരവരും ഓസീസിനായി ഒരുപാട് മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്തിട്ടില്ല. ഏകദിനത്തിലാണ് രണ്ടു പേരും കൂടുതലും ഓപ്പണ്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ കെമിസ്ട്രി ടി20യിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ടീം.
ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍- ഫില്‍ സാള്‍ട്ട് എന്നിവരാണ് ടി20 ലോകകപ്പിലെ മറ്റൊരു മാരക കോംബോ. ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകള്‍ കൂടിയാണ് ഇരുവരും. ടി20യില്‍ 1000 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ആദ്യ ഇംഗ്ലീഷ് ജോടിയെന്ന റെക്കോര്‍ഡും ബട്‌ലര്‍- സാള്‍ട്ട് സഖ്യത്തിന് അവകാശപ്പെട്ടതാണ്. 60.43 എന്ന ഗംഭീര ശരാശരിയും ഇംഗീഷ് സൂപ്പര്‍ ജോടിക്കുണ്ട്.
സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്- എയ്ഡന്‍ മാര്‍ക്രം സഖ്യത്തെയും ടി20 ലോകകപ്പില്‍ പേടിക്കണം. കഴിഞ്ഞ ടി20 ലോകകപ്പിലും ഇവരാണ് ഓപ്പണിങില്‍ ഇറങ്ങിയത്. അന്നു ഈ ജോടി വലിയ വിജയമാവുകയും ചെയ്തു. സൗത്താഫ്രിക്കയെ ലോകകപ്പില്‍ റണ്ണറപ്പാക്കുന്നതില്‍ വലിയ റോള്‍ ഈ ജോടിക്കുണ്ടായിരുന്നു.