ഐസിസി ടി20 ലോകകപ്പ് തൊട്ടരികിലെത്തി നില്‍ക്കവെ ചില പ്രധാന താരങ്ങള്‍ പരിക്കേറ്റ് വീണത് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായത്. ഇതേ തുടര്‍ന്നു ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ ആദ്യ മൂന്നു കളിയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനു പരിക്കേറ്റിരിക്കുകയാണ്. കിവീസിനെിതിരായ ആദ്യ ഏകദിനത്തിനിടെയാണ് ഇടതു വാരിയെല്ലിന്റെ ഭാഗത്ത് അദ്ദേഹത്തിനു പരിക്കേറ്റത്. പിന്നാലെ പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരവും വാഷിക്ക് നഷ്ടമാവുകയും ചെയ്തു.

പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നും ലോകകപ്പില്‍ താരത്തിനു കളിക്കാനാവുമോയെന്നതും ഇനിയും ഉറപ്പായിട്ടില്ല. ലോകകപ്പില്‍ വിന്നും വാഷിങ്ടണിനു പിന്‍മാറേണ്ടി വന്നാല്‍ പകരം ഇന്ത്യക്കു ടീമിലേക്കു പരിഗണിക്കാവുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
പകരം ഇവരിലൊരാള്‍?
വാഷിങ്ടണ്‍ സുന്ദറിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കു മികച്ച ഓപ്ഷനാണ് ബറോഡ ക്യാപ്റ്റനും ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഒരുപാട് മല്‍സരങ്ങളില്‍ കൡച്ച് അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. ഇതു തീര്‍ച്ചയായു ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.
വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കായി ക്രുനാല്‍ മിന്നിച്ചിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 53.50 ശരാശരിയില്‍ 321 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 63 ബോളില്‍ നേടിയ 109 റണ്‍സും ഇതിലുള്‍പ്പെടും.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചാംപ്യന്‍മാരാക്കുന്നതിലും ക്രുനാലിന് നിര്‍ണായക റോളുണ്ടായിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 126.74 സ്‌ട്രൈക്ക് റേറ്റില്‍ 109 റണ്‍സെടുക്കുന്നതിനൊപ്പം 15 ഇന്നിങ്‌സില്‍ നിന്നും 8.24 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളുമായി ബൗളിങിലും അദ്ദേഹം മിന്നിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത 26 കാരനായ ഓള്‍റൗണ്ടര്‍ ആയുഷ് ബഡോനിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. വാഷിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി കഴിഞ്ഞു. ഇതാദ്യമായാണ് താരത്തിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ളയളാണ് ബഡോനി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായാണ് ഐപിഎല്ലില്‍ താരം കളിക്കുന്നത്. 46 ഇന്നിങ്‌സുകളില്‍ നിന്നും 138 സ്‌ട്രൈക്ക് റേറ്റില്‍ 963 റണ്‍സാണ് ബഡോനിയുടെ സമ്പാദ്യം. ആറു ഫിഫ്റ്റികളടക്കമാണിത്. ഏഴിന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത താരം നാലു വിക്കറ്റെടുക്കുകയും ചെയ്തു.
ടി20 കരിയറിലേക്കു വന്നാല്‍ ഇതിനകം 79 ഇന്നിങ്‌സുകളില്‍ ബഡോനി ബാറ്റ്് ചെയ്തിട്ടുണ്ട്. 137 സ്‌ട്രൈക്ക് റേറ്റില്‍ 1788 റണ്‍സും അദ്ദേഹം നേടി. 10 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെ അകമ്പടിയോടെയാണിത്. ബൗളിങെടുത്താല്‍ 26 ഇന്നിങ്‌സില്‍ 17 വിക്കറ്റുകളാണ് ബഡോനിക്കു സ്വന്തമാക്കാനായത്.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനു കീഴില്‍ ഉയര്‍ന്നുവന്ന യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഇന്ത്യയുടെ ലോകകകപ്പ് സ്‌ക്വാഡില്‍ എത്തിയേക്കാവുന്ന മൂന്നാമത്തെ താരം. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പരാഗ്.
സീനിയല്‍ ടീമിനായി ഒമ്പതു ടി20കളിലും അദ്ദേഹം കളിച്ചു കഴിഞ്ഞു. 151 സ്‌ട്രൈക്ക് റേറ്റില്‍ 106 റണ്‍സെടുത്ത പരാഗ് നാലു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ടി20 കരിയറെടുത്താല്‍ 143 മല്‍സരങ്ങളുടെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 23 ഫിഫ്റ്റികളടക്കം 3168 റണ്‍സും താരം വാരിക്കൂട്ടി. കൂടാതെ 7.34 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 48 വിക്കറ്റുകളും പരാഗ് പോക്കറ്റിലാക്കിയിട്ടുണ്ട്.