അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ്. ഇന്ത്യക്കൊപ്പം ശ്രീലങ്കയും ലോകകപ്പിനു സംയുക്ത വേദികളാവും.
കഴിഞ്ഞ ദിവസമാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ മാച്ച് വിന്നര്‍മാരുടെ മികച്ചൊരു നിര തന്നെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കുണ്ട്. അതിനാല്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമെന്നാണ് ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.

തുറുപ്പുചീട്ട് അവന്‍ തന്നെ
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ആരായിരിക്കും തുറുപ്പുചീട്ടെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടിയത്. ലോക ഒന്നാം നമ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെയോ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയോ അല്ല മറിച്ച് വരുണ്‍ ചക്രവര്‍ത്തിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
എന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട് വരുണ്‍ ചക്രവര്‍ത്തിയാണ്. അവന്‍ വളരെ ബ്രില്ല്യന്റായ ബൗളറാണ്. വരുണായിരിക്കും കളിയില്‍ വലിയ വ്യത്യാസമുണ്ടാക്കുകയെന്നാണ് എനിക്കു തോന്നുന്നത്. വിജയത്തിനും തോല്‍വിക്കുമിടയിലെ വ്യത്യാസം ജസ്പ്രീത് ബുംറയുമായിരിക്കും. രണ്ടു പേര്‍ക്കും നല്ല ദിവസമാണങ്കില്‍ അന്നു ടീം ഇന്ത്യ മല്‍സരവും ജയിക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു.
ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ളവരെല്ലാം വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള ബൗളര്‍മാരാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്പിന്‍ അനുകൂല പിച്ച് കിട്ടിയാല്‍ എതിരാളികള്‍ക്കു മേല്‍ നമുക്കു ആധിപത്യം നേടാനും സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ബൗളിങും ശക്തം
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് മുമ്പ് തന്നെ ശക്തമാണെങ്കിലും ബൗളിങിനു ഇത്രത്തോളം മൂര്‍ച്ച നേരത്തേ ഉണ്ടയായിരുന്നില്ലെന്നു ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. നമ്മുടെ ബാറ്റിങ് എല്ലായ്‌പ്പോഴും ശക്തമായിരുന്നു. പക്ഷെ ബൗളിങ് അങ്ങനെ ആയിരുന്നില്ല. എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ചേക്കുമെന്നും ഇതു കാരണം ഒരുപാട് റണ്‍സ് വഴങ്ങിയേ്ക്കുമെന്ന തോന്നലും നമുക്കുണ്ടായിരുന്നു.

പക്ഷെ ഇപ്പോഴത്തെ ടീമിനെ കുറിച്ച് നമുക്കു അത്തരം ആശങ്കകളൊന്നുമില്ല. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങി ടീമിലെ മുഴുവന്‍ ബൗളര്‍മാരും വിക്കറ്റുകളെടുക്കാന്‍ മിടുക്കുള്ളവരാണ്.
ഇനി കുല്‍ദീപ് യാദവിനു അവസരം ലഭിക്കുകയാണെങ്കില്‍ സാഹചര്യത്തെയും ഗ്രൗണ്ടിനെയുമെല്ലാം ആശ്രയിച്ചായിരിക്കും പ്രകടനം. സ്പിന്നിനെ തുണയ്ക്കുന്ന, സ്ലോ പിച്ചുകളിലാണ് മല്‍സരമെങ്കില്‍ എല്ലാവരെയും ഇന്ത്യ തരിപ്പണമാക്കുമെന്നും ഭാജി ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായി എട്ടു ടി20 പരമ്പരകളില്‍ ജയിച്ച് പടയോട്ടം നടത്തുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം നാട്ടിലോ, വിദേശത്തോ ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. ഏറ്റവും അവസാനമായി കരുത്തരായ സൗത്താഫ്രിക്കയെ അഞ്ചു ടി2കളുടെ പരമ്പരയില്‍ 3-1നാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.
ഇനി ലോകകപ്പിനു മുമ്പ് ഒരു ടി20 പരമ്പര കൂടിയാണ് ഇന്ത്യ കളിക്കുക. ജനുവരിയില്‍ ന്യൂസിലാന്‍ഡുമായി അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കം. ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത അതേ ടീം തന്നെയാണ് ന്യൂസിലാന്‍ഡിനെതിരേയും അണിനിരക്കുക.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്.