ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മുറുകുകയാണ്. ഭൂരിഭാഗം പേരും സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തെ അനുകൂലിക്കുമ്പോള്‍ മറുഭാഗത്ത് ഇതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്.
ഫോമില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഗില്ലിനെ തഴഞ്ഞതെങ്കില്‍ ആദ്യം പുറത്തുപോവേണ്ടത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവല്ലേയെന്നും ഇവര്‍ ചോദിക്കുന്നു. ഗില്ലിനെ ടീമിലുള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഭൂരിഭാഗം ഇതിനെ എതിര്‍ത്തതാണ് താരത്തിനു വിനയായതെന്നും വാര്‍ത്തകള്‍ വന്നു. പക്ഷെ ഗില്‍ പുറത്താക്കപ്പെടാനുള്ള പ്രധാന കാരണക്കാരന്‍ നായകന്‍ സൂര്യയാണെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍.

ഗില്ലിന്റെ ചീട്ട് കീറിയത് സൂര്യ?
ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ശുഭ്മന്‍ ഗില്‍ തഴയപ്പെട്ടത്തില്‍ പ്രധാന റോള്‍ നായകന്‍ സൂര്യകുമാര്‍ യാദവിനാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കാറുള്ളതെങ്കിലും ക്യാപ്റ്റനും കോച്ച് ഗൗതം ഗംഭീറിനും കൂടി ഇക്കാര്യത്തില്‍ കോളുണ്ടാവും.
ഇവരുടെ കൂടി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയ ശേഷം മാത്രമേ സെലക്ഷന്‍ കമ്മിറ്റി അന്തിമ സ്‌ക്വാഡിനെ തീരുമാനിക്കുകയുള്ളൂ. ടി20 ലോകകപ്പിനുള്ള ടീമിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. അഗാര്‍ക്കറും ഗംഭീറുമെല്ലാം ഗില്‍ ടീമില്‍ വേണമെന്ന അഭിപ്രായക്കാരായിരുന്നു.
എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്നു പപേര്‍ ഇതിനെ അനുകൂലിച്ചില്ല. അവരുടെ അതേ അഭിപ്രായം തന്നെയാണ് സൂര്യക്കും ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതോടെ ഗില്ലിന്റെ സ്ഥാനവും തെറിക്കുകയായിരുന്നു.
പിന്നീട് ടീം പ്രഖ്യാപന ചടങ്ങില്‍ അദ്ദേഹത്തിന്റെ അഭാവത്തെ കുറിച്ച് വാര്‍ത്താ സ്‌മ്മേളനത്തില്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ആദ്യം പ്രതികരിച്ചതും വിശദീകരണം നല്‍കിയതുമെല്ലാം സൂര്യ തന്നെയാണ്. ഇതും അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് സംശയം ബലപ്പെടുത്തുന്നു.
നേരത്തേയും ശ്രമിച്ചു
ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാക്കുന്നതിനോടു നേരത്ത തന്നെ യോജിപ്പില്ലാത്തയാളാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഗില്ലിന്റെ സ്ലോ ബാറ്റിങ് ടീമിന്റെ ഇപ്പോഴത്തെ അഗ്രസീവ് സമീപനത്തിന് യോജിച്ചതല്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. പക്ഷെ സൂര്യയുടെ എതിര്‍പ്പ് മറികടന്നാണ് ഗില്ലിനെ ടീമിലേക്കു തിരികെ കൊണ്ടുന്നത്.

യുഎഇയില്‍ ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലൂടെയാണ് ഒരു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനു ശേഷം അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുന്നത്. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി ഓപ്പണിങില്‍ മികച്ച രീതിയില്‍ പോയിക്കൊണ്ടിരിക്കവെയായിരുന്നു ഇത്. ഗില്ലിനെ ടി20 ടീമിലേക്കു തിരികെ വിളിക്കുക മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നു.
ഏഷ്യാ കപ്പില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുന്നതിനെ സൂര്യ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷെ ഗില്‍ വേണമെന്ന അഭിപ്രായമാണ് കോച്ച് ഗൗതം ഗംഭീറിനുണ്ടായിരുന്നത്. ടീമില്‍ അദ്ദേഹം ഉറപ്പായും വേണമെന്നു കോച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണ കൂടി ലഭിച്ചതോടെ സൂര്യയുടെ അഭിപ്രായം തള്ളി ഗില്ലിനെ ടീമിലെടുക്കുകയും ചെയ്തു.
എന്നാല്‍ സൂര്യയായിരുന്നു ശരിയെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ശേഷം കളിച്ച 15 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനായില്ല. ഇപ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതും ഈ ഫ്‌ളോപ്പ് ഷോ തന്നെയാണ്.