അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പകളെയും വേദികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ റെവ്‌സ്‌പോര്‍ട്‌സാണ് ടൂര്‍ണണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരിക്കല്‍ക്കൂടി ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വരുന്നുവെന്നതാണ് ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ആവേശം കൊള്ളിക്കുന് കാര്യം. മാത്രമല്ല, ഏറ്റവും അനായാസ ഗ്രൂപ്പിലുമാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളത്.

ഇന്ത്യക്കു ഈസി ഗ്രൂപ്പ്
അടുത്ത വര്‍ഷം ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ട് വരെയാവും ടി20 ലോകകപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതയുള്ളൂ. റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗ്രൂപ്പു ചാംപ്യന്‍മാരായി തന്നെ സൂപ്പര് എട്ടിലേക്കു ഇന്ത്യ മുന്നേറുമെന്നുറപ്പാണ്.
അത്രയും എളുപ്പമുള്ള ഗ്രൂപ്പിലാണ് സൂര്യകുമാര്‍ യാദവും സംഘവും ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന് മാത്രമാണ് ഇന്ത്യക്കു അല്‍പ്പമെങ്കിലും വെല്ലുവിളിയുയര്‍ത്താനിടുള്ള എതിരാളി. അമേരിക്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു എതിരാളികള്‍.
ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ എല്‍ ക്ലാസിക്കോ ഫെബ്രുവരി 15നു ശ്രീലങ്കയിലെ കൊളംബോയിലായിരിക്കും. പാക് ടീം ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഈ മല്‍സരം ശ്രീലങ്കയിലേക്കു മാറ്റിയത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ മറ്റു കളികളെല്ലാം നാട്ടില്‍ തന്നെയാണ്,
ഫെബ്രുവരി എട്ടിനു അമേരിക്കയുമായുള്ള മല്‍സരത്തോടെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ തുടക്കം കുറിക്കുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. 12നു ഡല്‍ഹിയില്‍ മറ്റൊരു കുഞ്ഞന്‍ ടീമായ നമീബിയയുമായി ഇന്ത്യ കൊമ്പുകോര്‍ക്കും.
തുടര്‍ന്നാണ് 15നു കൊളംബോയില്‍ വച്ച് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ഇന്ത്യയുടെ അവസാന മല്‍സരം 18നു നെതര്‍ലാന്‍ഡ്‌സുമായിട്ടാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയമാണ് ഈ മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക.
സൂപ്പര്‍ എട്ടിലെത്തിയാല്‍ എ വണ്‍ ആയിട്ടാണ് ഇന്ത്യ സീഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സി വണ്ണുമായി ഫെബ്രുവരി 22നു അഹമ്മദാബാദിലാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ കളി. അടുത്ത മല്‍സരം 26നു ചെന്നൈയില്‍ വച്ച് ഡി 2വുമായിട്ടാണ്.
തുടര്‍ന്നു മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ ബി 2വുമായും ഇന്ത്യ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യ കളിക്കുക. മാര്‍ച്ച് അഞ്ചിനു മുംബൈയിലാണ് ഈ പോരാട്ടം. ഫൈനല്‍ എട്ടിനു നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കുമെന്നും റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ലൈനപ്പ് എങ്ങനെ?
നിലവിലെ ജേതാക്കളായതിനാല്‍ തന്നെ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ചാലഞ്ചുമായിട്ടാവും ടി20 ലോകകപ്പില്‍ ഇന്ത്യയിറങ്ങുക. അതിശക്തമായ ടീമിനെയാണ് ടി20യില്‍ ഇന്ത്യ ഇപ്പോള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

2024ലെ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ കളിച്ച ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. മാത്രമല്ല, ഈ വര്‍ഷം ഏഷ്യാ കപ്പില്‍ ടീം കിരീടം ചൂടുകയും ചെയ്തു.
അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തന്നെയാവും ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യയെത്തുമ്പോള്‍ നാലാമന്‍ തിലക് വര്‍മയാവും. ഫസ്റ്റ് ചോയ്‌സ് കീപ്പറായ സഞ്ജു സാംസണിനെ അഞ്ചാം നമ്പറില്‍ കാണാം.
ആറാമന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും തൊട്ടുപിറകെ അക്ഷര്‍ പട്ടേലുമാവും ക്രീസിലെത്തുക. സൂപ്പര്‍ സ്പിന്‍ ജോടികളായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഉറപ്പായുമുണ്ടാവും. പേസാക്രമണത്തിന്റെ ചുമതല ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിങിനുമായിരിക്കും.
ഇതാ സാധ്യതാ സ്ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് വര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.