ടി20 ലോകകപ്പില്‍ നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 5 വിക്കറ്റിന് തോല്‍പ്പിച്ച് സെമി പ്രവേശനം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യ. സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനത്തിന്റെ (97*) പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച വിജയത്തോടെ ഇന്ത്യ സെമിയിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ആരാധരകരെല്ലാവരും. എന്നാല്‍ ഇതിനിടയിലും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു ഘടകമുണ്ട്.

ഫീല്‍ഡിംഗ് ആണ് അത്. ഈ ലോകകപ്പില്‍ സൂപ്പര്‍ 8 കളിച്ച ടീമുകളില്‍ ഏറ്റവും മോശം ഫീല്‍ഡിംഗ് പ്രകടനം ഇന്ത്യയുടേതാണ്. ഇന്നലെ വിന്‍ഡീസിനെതിരായ മത്സരത്തിലും ഇത് കാണാമായിരുന്നു. ക്യാച്ചുകള്‍ നിലത്തിടുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ ലോകകപ്പില്‍ ക്യാച്ചുകള്‍ സുരക്ഷിതമായി എടുക്കാന്‍ ടീം ഇന്ത്യ പാടുപെട്ടു. കിരീടത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ടീമിനെ ഇത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലെ ഏറ്റവും മോശം ക്യാച്ചിംഗ് ടീമാണ് സൂര്യകുമാര്‍ യാദവിന്റെ ടീം എന്ന് കണക്കുകള്‍ പറയുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ മാത്രം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നാല് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇന്നലത്തെ മത്സരത്തില്‍ തന്നെ നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. അഞ്ചാം ഓവറില്‍ അഭിഷേക് ശര്‍മ്മ റോസ്റ്റണ്‍ ചേസിന്റെ ക്യാച്ച് നിലത്തിട്ടിരുന്നു.

ഫലമോ ചേസ് 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടി വിന്‍ഡീസ് ബാറ്റിംഗിന്റെ കരുത്തായി. തിലക് വര്‍മ്മ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെ ക്യാച്ച് മിസ്സാക്കിയിരുന്നു. 19 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ പവലിന്റെ ക്യാച്ചും അഭിഷേക് നിലത്തിട്ടിരുന്നു. ഇത് ടീമിനെ മോശമായി ബാധിക്കുക മാത്രമല്ല, വലിയ വില കൊടുക്കേണ്ടിയും വന്നു. ഈ ടൂര്‍ണമെന്റില്‍ ആകെ 13 തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ച് മിസ്സാക്കിയത്.
അതായത്, അവരുടെ ക്യാച്ചിംഗ് കാര്യക്ഷമത 72.7% കുറഞ്ഞു. ഈ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ തൊട്ടുമുകളിലുള്ള ശ്രീലങ്കയുടെ ക്യാച്ചിംഗ് എഫിഷ്യന്‍സി 77.8% ആണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പാകിസ്ഥാന്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. 83.3% ആണ് പാകിസ്ഥാന്റെ ക്യാച്ചിംഗ് എഫിഷ്യന്‍സി. 87.2% ക്യാച്ചുകളോടെ ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാമത്.

സെമിയില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത് എന്നതിനാല്‍ തന്നെ ഫീല്‍ഡിംഗില്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കും. സിംബാബ്വെ 85.4%, വെസ്റ്റ് ഇന്‍ഡീസ് 84.6%, ന്യൂസിലാന്‍ഡ് 83.9%, ദക്ഷിണാഫ്രിക്ക 81.1% എന്നിവരാണ് ക്യാച്ചിംഗ് എഫിഷ്യന്‍സിയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ടീമുകള്‍.