ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് യുവ ഓപ്പണറും അതു വരെ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ അഭാവമായിരുന്നു. യുഎഇ വേദിയായ കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ടീമിന്റെ ഉപനായക സ്ഥാനത്ത് അദ്ദേഹമുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലും ഗില്‍ സ്ഥാനമുറപ്പിച്ചിരുന്നു.
ഭാവി ഓള്‍ ഫോാര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐ കണ്ടു വച്ചിട്ടുള്ളതും അദ്ദേഹത്തെയാണ്. ഇങ്ങനെയൊരാളെ ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ നിന്നും അവസാന നിമിഷം കൈവിടുമെന്നും ആരും പ്രതീക്ഷിച്ചതല്ല. ടീം പ്രഖ്യാപനം അറിഞ്ഞതിനു ശേഷം ഗില്‍ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗില്‍ ചെയ്തതറിയാം
എല്ലാവരെയും പോലെ താന്‍ ടി20 ലോകകപ്പിലുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാവുമെന്നു ശുഭ്മന്‍ ഗില്ലും ഉറപ്പിച്ചിരുന്നു. മാനസികമായി അദ്ദേഹം ഇതിനു തയ്യാറെടുക്കുകയും ചെയ്തിരുന്നു. ടീം പ്രഖ്യാപനത്തിനു മിനിറ്റുകള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ട കാര്യം ഗില്ലിനെ സെലക്ഷന്‍ കമ്മിറ്റിയിലുള്ളവര്‍ വിളിച്ച് അറിയിച്ചത്.
സൗത്താഫ്രിക്കയുമായി അഹമ്മദാബാദില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20ക്കു ശേഷം അദ്ദേഹം അപ്പോഴും ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. ഒരു വ്യക്തത വരുത്താനെ ടീമില്‍ നിന്നും ഈ തരത്തില്‍ പുറത്താക്കപ്പെട്ടത് ഗില്ലിനെ ഏറെ നിരാശനാക്കിയെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടീമില്‍ കളിക്കാര്‍ക്കിടയിലുള്ള ആശയവിനിമയം വളരെ സുതാര്യമായിരിക്കണമെന്നു പലപ്പോഴും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളയാണ് ഗില്‍. എന്നാല്‍ ഇതേയാള്‍ക്കാണ് ഈ തരത്തില്‍ ടി20 ലോകകപ്പില്‍ അവഗണനയും നേരിട്ടത്. മുഖ്യ കോച്ച് ഗൗതം ഗംഭീറുമായി വളരെ നല്ല അടുപ്പം പുലര്‍ത്തുന്നയാള്‍ കൂടിയാണ് ഗില്‍. എന്നിട്ടും താന്‍ ലോകകപ്പ് ടീമിലുണ്ടാവില്ലെന്നതിനെ കുറിച്ച് ഒരു സൂചനയും കോച്ച് നല്‍കിയില്ലെന്നതും അദ്ദേഹത്തെ നിരാശപ്പെടുത്തി.
പക്ഷെ ലോകകപ്പില്‍ നേരിട്ട അവഗണനയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ഗില്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ടീമില്‍ ഇല്ലെന്നു അറിഞ്ഞ ശേഷം മൊഹാലിയിലെ പിസിഎ സ്‌റ്റേഡിയത്തിലെത്തി ദീര്‍ഘനേരം അദ്ദേഹം തനിച്ചു ബാറ്റിങ് പരിശീലനവും നടത്തി. അടിസ്ഥാനപരമായ കാര്യങ്ങളിലും അച്ചടക്കത്തിലും കൂടുതല്‍ ശ്രദ്ധിച്ചുള്ളതായിരുന്നു ഗില്ലിന്റെ പരിശീലനം.
ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു, സമീപകാലത്തു ചില പരിക്കുകള്‍ ഗില്ലിനെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്ന അദ്ദേഹത്തിനു സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയും നഷ്ടമായി.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ പഞ്ചാബിനായി കളിക്കാന്‍ ഗില്‍ തീരുമാനിച്ചിട്ടുണ്ട്. അതു വഴി ബാറ്റിങിലെ ഫോം വീണ്ടെടുകക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
അടുത്ത മാസം ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് ഇന്ത്യക്കായി ഗില്‍ ഇനി കളിക്കുക. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമായിരിക്കും.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).