അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ നാലു സെമി ഫൈനലിസ്റ്റുകളെയും വിജയികളെയും പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടൂര്‍ണമെന്റ്് നടക്കാനിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കരീബിയന്‍ മണ്ണില്‍ രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയ കിരീടം കാത്തുസൂക്ഷിക്കാനുറച്ചായിരിക്കും സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യയിറങ്ങുക. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും രണ്ടു തവണ ചാംപ്യന്മാരായിട്ടില്ലെന്നതിനാല്‍ തന്നെ അതു തിരുത്തിക്കുറിക്കാന്‍ നമുക്കു കഴിമോയെന്നതു കണ്ടറിയണം.

ഭാജിയുടെ പ്രവചനം
രണ്ടു ഏഷ്യന്‍ ടീമുകളടക്കം നാലു പേരെയാണ് അടുത്ത ഐസിസി ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായി ഹര്‍ഭജന്‍ സിങ്. ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സെമി ലിസ്റ്റിലെ ടീമുകള്‍. ഇതില്‍ കിരീട ഫേവറിറ്റുകളായി ഭാജി തിരഞ്ഞെടുക്കുന്നത് ഇന്ത്യയെയുമാണ്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വളരെയധികം സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു. വളരെ ശക്തമായ ടീമാണ് നമ്മുടേത്. കൂടാതെ ടൂര്‍ണമെന്റ് നാട്ടിലാണെന്നതിന്റെ ആനുകൂല്യവുമുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള്‍ മറ്റാരേക്കാളും അറിയുന്നതും നമുക്കാണ്.
എന്നിരുന്നാലും ലോകകപ്പിലെ സമ്മര്‍ദ്ദം മറ്റുള്ളവരേക്കാള്‍ നന്നായി കൈകാര്യം ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും 90 ലീഗ് നാലാം സീസണിന്റെ ലോഞ്ചിനെത്തിയപ്പോള്‍ ഹര്‍ഭജന്‍ വ്യക്തമാക്കി. ടൂര്‍ണമെന്റ് നാട്ടിലാണെന്ന കാരണത്താല്‍ ഒരിക്കലും അലംഭാവം കാണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സൗത്താഫ്രിക്കയും വളരെ ശക്തരായ ടീമാണ്. അവരും കിരീടത്തിനായി രംഗത്തുണ്ടാവും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ സൂക്ഷിക്കേണ്ട എതിരാളികളാണ് അവര്‍. ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും വളരെ മികച്ച ടീമാണ്.
ഏതു ടൂര്‍ണമെന്റില്‍ കളിച്ചാലും കിരീട ഫേവറിറ്റുകളിലും അവര്‍ മുന്നില്‍ തന്നെയുണ്ടാവും. സമീപകാലത്തു വളരരെ ഗംഭീരമായ ക്രിക്കറ്റാണ് ഓസീസ് ടീം കാഴ്ചവയ്ക്കുകയും ചെയ്യുന്നത്.
അഫ്ഗാനിസ്താനാണ് വളരെ ശക്തരായ മറ്റൊരു ടീം. പ്രത്യേകിച്ചും മികച്ച സ്പിന്നര്‍മാരുടെ സാന്നിധ്യം അവരെ അപകടകാരികളുമാക്കുന്നു. ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ അവര്‍ക്കു ആരെയും പരാജയപ്പെടുത്താന്‍ സാധിക്കും. ഈ നാലു ടീമുകളെയാണ് അടുത്ത ടി20 ലോകകപ്പിലെ നാലു സെമി ഫൈനലിസ്റ്റുകളായി താന്‍ തിരഞ്ഞെടുക്കുകയെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടത്. 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായ ശേഷം ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടവുമായിരുന്നു ഇത്.
ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 176 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ സൗത്താഫ്രിക്കയ്ക്ക് എട്ടു വിക്കറ്റിന് 169 റണ്‍സെടുക്കാനേ ആയുള്ളൂ. തോല്‍വിയുടെ വക്കില്‍ നിന്നാണ് അവസാന ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ പിഴുത് ഇന്ത്യ ജയം പിടിച്ചെടുത്തത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്.