ഇന്ത്യന്‍ കുപ്പായത്തില്‍ വളരെ മോശം ഫോമിലൂടെ കടന്നു പോവുന്ന ടി20 ക്യാപ്റ്ററും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. ഐസിസി ടി20 ലോകകപ്പ് തൊട്ടരികിലെത്തി നില്‍ക്കവെ സൂര്യയുടെ ദയനീയ ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ടി20യില്‍ ഒരു ഫിഫ്റ്റി പോലും സൂര്യ നേടിയിട്ടില്ല. തുടര്‍ച്ചയായി 22 ടി20കളാണ് ഫിഫ്റ്റിയില്ലാതെ അദ്ദേഹം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ മോശം ഫോമിന്റെ പേരില്‍ മാത്രം സൂര്യയെ പൂര്‍ണമായും എഴുതിത്തള്ളേണ്ടെന്ന അഭിപ്രായമാണ് ഉത്തപ്പയ്ക്കുള്ളത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നു ധോണിയും ഫോമൗട്ട്
ഇന്ത്യന്‍ ടീം കിരീടം ചൂടിയ 2011ലെ ഐസിസി ഏകദിന ലോകകപ്പിനു മുമ്പ് അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയുടെ മോശം ഫോമുമായാണ് സൂര്യയുടെ ഇപ്പോഴത്തെ അവസ്ഥയെ റോബിന്‍ ഉത്തപ്പ താരതമ്യം ചെയ്തത്.
എംഎസ് ധോണി അന്നു അത്ര മികച്ച ഫോമില്‍ ആയിരുന്നില്ലെന്നു ഞാന്‍ ഓര്‍മിക്കുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്നത്തെ ലോകകപ്പ് മുഴുവന്‍ നോക്കിയാല്‍ ഒന്നോ, രണ്ടോ ഫിഫ്റ്റികളില്‍ കൂടുതല്‍ അദ്ദേഹം നേടിയിട്ടില്ല. ഇതിലൊന്നാവട്ടെ ഫൈനലിലുമായിരുന്നു. ധോണി മികച്ച ഫോമിലായിരുന്നില്ല.
എന്നാല്‍ അതിനു മുമ്പും ഇതു സംഭവിച്ചിട്ടുണ്ട്. മോശം ഫോമിലായിട്ടും ചില കളിക്കാരെ ടീമുകള്‍ അവര്‍ക്കൊപ്പം കൂട്ടിയിട്ടുണ്ട്. കാരണം മാച്ച് വിന്നര്‍മാരായ അവര്‍ക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നു ടീമുകള്‍ക്കു അറിയാമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.
സൂര്യ മോശം ഫോമിലല്ല
ഇന്ത്യക്കു വേണ്ടി പ്രതീക്ഷിച്ചതു പോലെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും സൂര്യകുമാര്‍ യാദവ് മോശം ഫോമിലല്ലെന്നാണ് റോബിന്‍ ഉത്തപ്പയുടെ വിലയിരുത്തല്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പപരമ്പരയ്ക്കിടെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ വളരെ മികച്ച ഫോമിലാണ് സൂര്യ കാണപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌കൈ ഫോമൗട്ടാണെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹം മോശം ഫോമിലല്ലെന്നു ഞങ്ങള്‍ പറയുമ്പോള്‍ ഒരു നിശ്ചിത ലെവല്‍ വരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവര്‍ക്കു അതു മനസ്സിലാവണമെന്നില്ല. സൂര്യക്കു മതിയായ റണ്‍സ് നേടാന്‍ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ യാഥാര്‍ഥ്യം.

എന്നാല്‍ ഇംഗ്ലണ്ടിന്റെ ഓലി പോപ്പ് ഫോമൗട്ടാണ്. ശുഭ്മന്‍ ഗില്ലും മോശം ഫോമിലാണ് കാണപ്പെടുന്നത്. നെറ്റ്‌സില്‍ സ്‌കൈ ബാറ്റ് ചെയ്യുന്നത് ഞാന്‍ നേരിട്ടു കണ്ടതാണ്. വളരെ മികച് രീതിയിലാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചത്. തേര്‍ഡ്മാനിനു മുകളിലൂടെ ഫുള്‍ ലെങ്ത്ത് ബോള്‍ സിക്‌സറിലേക്കും സൂര്യ പായിച്ചിരുന്നു.
ഐപിഎല്ലില്‍ അദ്ദേഹം കളിക്കാറുള്ള ഷോട്ടുകള്‍ പോലെയായിരുന്നു അത്. ഫ്രണ്ട് ഫൂട്ടിലും അത്തരത്തിലുള്ള ഷോട്ടുകള്‍ സൂര്യ നെറ്റ്‌സില്‍ കളിച്ചു. ഫോമൗട്ടാണെങ്കില്‍ നിങ്ങള്‍ക്കു അങ്ങനെയുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം സൂര്യയുടെ ടി20യിലെ ബാറ്റിങ് ശരാശരി വെറും 13.62 ആണ്. 21 ഇന്നിങ്‌സുകളില്‍ നിന്നും 123.16 സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം നേടിയതാവട്ടെ 218 റണ്‍സുമാണ്.
എന്നാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മാരക ഫോമിലായിരുന്നു സൂര്യ. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 167.92 സ്‌ട്രൈക്ക്. റേറ്റില്‍ സൂര്യ വാരിക്കൂട്ടിയതാവട്ടെ 717 റണ്‍സുമാണ്.