അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ലഭ്യമായതില്‍ വച്ച് ഏറ്റവു മികച്ച സ്‌ക്വാഡിനെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്നു നിസംശയം പറയാം. അര്‍ഹരായ താരങ്ങളെല്ലാം ടീം ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടമൊഴിച്ച് ബാക്കിയുള്ള മല്‍സരങ്ങളെല്ലാം നാട്ടില്‍ തന്നെ ഇന്ത്യ കളിക്കുകയും ചെയ്യും. ടീമിലെ ചില താരങ്ങളെ സംബന്ധിച്ച് ഇതു കരിയറിലെ കന്നി ലോകകപ്പ് കൂടിയാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

അരങ്ങേറ്റക്കാര്‍ ആരൊക്കെ?
ഇന്ത്യന്‍ ജഴ്‌സിയില്‍ കന്നി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ താരം വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മായാണ്. വലിയ പ്രതീക്ഷകളുമായാണ് പഞ്ചാബില്‍ നിന്നുള്ള ഇടംകൈയന്‍ ബാറ്റര്‍ ലോകകപ്പില്‍ ഇറങ്ങുക.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അഭിഷേക്. സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ വളരെ പെട്ടെന്നു ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറുകയും ചെയ്തു. ഇതിനകം 33 ടി20കളിലാണ് അഭിഷേക് കളിച്ചത്. 188.02 സ്‌ട്രൈക്ക് റേറ്റില്‍ 1115 റണ്‍സും അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
അഭിഷേക് കഴിഞാല്‍ അരങ്ങേറ്റക്കാരുടെ ലിസ്റ്റിലെ അടുത്തയാള്‍ മറ്റൊരു യുവ സൂപ്പര്‍ താരം തിലക് വര്‍മയാണ്. ടി20 ടീമിലെ നിര്‍ണായക സാന്നിധ്യമായി ഈ 23 കാരന്‍ മാറിക്കഴിഞ്ഞു. 2023 ആഗസ്റ്റിലാണ് തിലക് ഇന്ത്യക്കായി അരങ്ങേറിയതെങ്കിലും കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല.
40 ടി20കളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 144.09 സ്‌ട്രൈക്ക് റേറ്റില്‍ 1183 റണ്‍സും നേടി. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റിയുമടക്കമാണിത്. സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങൡ സെഞ്ച്വറികളോടെ തിലക് ഹീറോയായത്.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് കന്നി ടി20 ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്ന മൂന്നാമത്തെ താരം. 2017 ഡിസംബറില്‍ ദേശീയ ടീമിനായി അരങ്ങേറിയെങ്കിലും ഇതുവരെ ഒരു ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടില്ല. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം വാഷി പലപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുകയായിരുന്നു.
എന്നാല്‍ സമീപകാലത്തു ടീമിലെ സജീവ സാന്നിധ്യമായി അദ്ദേഹം മാറിയിരിക്കുകയാണ്. 58 ടി20കളില്‍ താരം കളിച്ചു കഴിഞ്ഞു. 6.91 ഇക്കോണമി റേറ്റില്‍ 58 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ബാറ്റിങിലാവട്ടെ 134.39 സ്‌ട്രൈക്ക് റേറ്റില്‍ 254 റണ്‍സാണ് വാഷിയുടെ സമ്പാദ്യം.

യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് കരിയറിലെ ആദ്യ ലോകകപ്പ് കളിക്കുന്ന നാലാമത്തെയാള്‍. ഈ വര്‍ഷം ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ആറു ടി20കളിലാണ് ഇതിനകം കളിച്ചത്. ഏഴു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.
ഫിനിഷറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ റിങ്കു സിങാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെ താരം. കഴിഞ്ഞ ലേകകപ്പില്‍ റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു, പക്ഷെ പ്രധാന ടീമിലേക്കു വരാനുള്ള ഭാഗ്യമുണ്ടായില്ല.
ഗൗതം ഗംഭീര്‍ കോച്ചായ ശേഷം റിങ്കുവിനു ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവും അവസാനനമായി കളിച്ച ടി20 പരമ്പരയില്‍ റിങ്കു ടീമിന്റെ ഭാഗമായിരുന്നില്ല. പക്ഷെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ റിങ്കുവിനു അപ്രതീക്ഷിതമായി കോള്‍ ലഭിക്കുകയായിരുന്നു.