ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന അടുത്ത ഐസിസി ടി20 ലോകകപ്പിനു ഇനി വെറും മൂന്നു മാസങ്ങള്‍ മാത്രം. അതുകൊണ്ടു തന്നെ ഇനിയുള്ള ഓരോ ടി20കളും ഈ ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ പടയൊരുക്കം കൂടിയാണ്. ലോകകപ്പിലെ ഏറ്റവും ബെസ്റ്റ് ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇനി ഇന്ത്യക്കു മുന്നിലുള്ളത് വെറും 15 ടി20കള്‍ മാത്രം. ഇതിലെ അഞ്ചു മല്‍സരങ്ങളാണ് ഈയാഴ്ച ഓസ്‌ട്രേലിയയുമായി തുടങ്ങാനിരിക്കുന്നത്.
പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഈ പരമ്പര നഷ്ടമായതിനാല്‍ അദ്ദേഹത്തിന്റെ ബാക്കപ്പിനെ തീരുമാനിക്കാന്‍ ഗൗതഗംഭറീറിനു ലഭിച്ച അവസരം കൂടിയാണ് ഈ ടി20 പരമ്പര. ശിവം ദുബെയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഈ റോളിലേക്കു മല്‍സരരംഗത്തുള്ളത്.

15 അംഗ സ്‌ക്വാഡിനെയാണ് അടുത്ത ലോകകപ്പിനായി ഇന്ത്യക്കു തിരഞ്ഞെടുക്കണ്ടി വരിക. ഇതില്‍ 10 പേരെയു ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞുവെന്നു പറയാം. ശേഷിച്ച അഞ്ചു പേരെയാണ് ഇനി തീരുമാനിക്കാനുള്ളത്. ഇതേക്കുറിച്ചു നമുക്കു വിശദമായി പരിശോധിക്കാം.
സീറ്റുറപ്പ് ആര്‍ക്കെല്ലാം
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ അഞ്ചു ഇന്ത്യന്‍ ബാറ്റര്‍മാര്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, ഓപ്പണര്‍ അഭിഷേക് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ഓള്‍റൗണ്ടര്‍ തിലക് വര്‍മ, ഫിനിഷറായ റിങ്കു സിങ് എന്നിവരാണ്.
കഴിഞ്ഞ ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനത്തോടെയാണ് ടി20യില്‍ ഇന്ത്യന്‍ ടീമിനു ഇനി തന്നെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നു അഭിഷേക് തെളിയിച്ചത്. ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ കൂടി ആയതോടെ അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ട് കൂടി ആയി മാറിയിരിക്കുകയാണ്.
ടി20യില്‍ കാര്യമായ റെക്കോര്‍ഡൊന്നും അവകാശപ്പെടാനില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍സി ലഭിച്ചതോടെ ഗില്ലും ടീമിലെ സ്ഥാനം ഭദ്രമാക്കി. ടി20യില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയാണ് തിലക് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്തത്. സൂര്യയാവട്ടെ ക്യാപ്റ്റനായതു കൊണ്ടു തന്നെ ടീമിലെ സ്ഥിരം സാന്നിധ്യവുമാണ്.
റിങ്കു പ്ലെയിങ് ഇലവനില്‍ ഇനിയും സ്ഥാനമുറപ്പാക്കിയിട്ടില്ലെങ്കിലും ഫിനിഷിങില്‍ അദ്ദേഹത്തിന്റെ മിടുക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഈ റോളില്‍ ടീമിനു നിലയില്‍ അധികം ഓപ്ഷനുകളില്ലാത്തതിനാല്‍ റിങ്കുവിനെ ലോകകപ്പ് സംഘത്തില്‍ ഉറപ്പായും പ്രതീക്ഷിക്കാം.
ഓള്‍റൗണ്ടര്‍മാരിലേക്കു വരികയാണെങ്കില്‍ സീം ബൗളിങില്‍ ഹാര്‍ദിക് പാണ്ഡ്യയും സ്പിന്‍ ബൗളിങില്‍ അക്ഷര്‍ പട്ടേലുമാണ് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പുള്ളവര്‍. ഹാര്‍ദിക്കിന്റെ പിന്‍ഗാമിയായി പലരെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും ആ ലെവലിലേക്കു എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാനുള്ള കളിവും മൂന്നു മുതല്‍ എട്ടു വരെ എവിടെയും ബാറ്റ് ചെയ്യാനുള്ള മിടുക്കമാണ് ഹാര്‍ദിക്കിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. അക്ഷറാവട്ടെ ഏതു ഫോര്‍മാറ്റില്‍ ഏതു റോളിലും കളിക്കാനും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നയാളുമാണ്.
സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഉറപ്പായും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. നാട്ടിലെ സ്ലോ പിച്ചുകളില്‍ ബൗളിങില്‍ ടീമിന്റെ കുന്തമുനകളായിരിക്കും ഇരുവരും. രണ്ടു പേരെയും പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. പേസ് നിരയില്‍ ഉറപ്പായും ടീമിലുണ്ടാവുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും.
ഏതൈാക്ക സ്ഥാനങ്ങളില്‍ ഒഴിവ്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇനിയും ആരും ഉറപ്പിച്ചിട്ടില്ലെന്നു പറയാം. മലയാളി സൂ്പ്പര്‍ താരം സഞ്ജു സാംസണാണ് ഈ റോളിലേക്കു ഫേവറിറ്റെങ്കിലും ജിതേഷ് ശര്‍മയും ധ്രുവ് ജുറേലുമെല്ലാം മല്‍സരരംഗത്തുണ്ട്. കോച്ച് ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാര്‍ യാദവിനും കൂടുതല്‍ താല്‍പ്പര്യം സഞ്ജുവിനോടാണ്.

അതുകൊണ്ടു ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലടക്കം ഇനിയുള്ള ടി20കളില്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം അദ്ദേഹം നന്നായി മുതലാക്കിയേ തീരൂ. അല്ലെങ്കില്‍ ജിതേിലേക്കും ജുറേലിലേക്കുമെല്ലാം ടീം മാനേജ്‌മെന്റ് പോയേക്കുകയും ചെയ്യും.
ഓള്‍റൗണ്ടര്‍മാരില്‍ ടീമിലേക്കു മല്‍സരിക്കുന്നവര്‍ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ്. ഇവരില്‍ വാഷിങ്ടണിനായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. ടൂര്‍ണമെന്റ് നാട്ടിലാണെന്നതാണ് കാരണം.
പേസര്‍മാരില്‍ ടീമിലെ സ്ഥാനതതിനായി പോരടിക്കുന്നത് ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ്. ബാറ്റിങില്‍ കൂടി മുതല്‍ക്കൂട്ടാവുമെന്നതിനാലും കോച്ച് ഗൗതം ഗംഭീറിനുള്ള പ്രത്യേക താല്‍പ്പര്യം കൊണ്ടും ഹര്‍ഷിത്തിനു അവസരം കിട്ടിയേക്കും.