For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയുടെ മെന്ററാവാം, താല്‍പര്യം അറിയിച്ച് യുവരാജ്- പരിഗണിക്കുമോ?

മൊഹാലി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം പതിയെ കടക്കുകയാണ്. ജൂണ്‍ 1 മുതല്‍ 29 വരെ നടക്കുന്ന ടി20 ലോകകപ്പിന്റെ ഫിക്‌സ്ചറടക്കം പുറത്തുവന്നിട്ടുണ്ട്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പന്നരായ താരങ്ങളേയും ടീമുകള്‍ക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ടി20 ലോകകപ്പിലുള്ളത്.

സ്വന്തം തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം എന്തുവിലകൊടുത്തും അലമാരയിലേക്കെത്തിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ടി20യിലെ പ്രകടനം മികച്ചതാണ്. പ്രതിഭാശാലികളായ ചില യുവതാരങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ ടി20യില്‍ മികവ് കാട്ടിയ ഉപദേഷ്ടാവിന്റെ സാന്നിധ്യം സഹായിച്ചേക്കും. ഇപ്പോഴിതാ ഇന്ത്യയുടെ ഉപദേഷ്ടാവാകാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ് സിങ്.

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജിനെ ഒപ്പം കൂട്ടിയാല്‍ ടീമിനത് വലിയ കരുത്തുനല്‍കുമെന്നുറപ്പ്. ടീമിലെ യുവതാരങ്ങള്‍ക്കടക്കം അത് വലിയ ആത്മവിശ്വാസം നല്‍കിയേക്കും. 'ഉപദേഷ്ടാവാകുകയെന്നത് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാര്യമാണ്. കുട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവന്‍ അല്‍പ്പം കൂടി വളര്‍ന്നാല്‍ ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. യുവതാരങ്ങള്‍ക്ക് മെച്ചപ്പെടാന്‍ സഹായിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

വലിയ ടൂര്‍ണമെന്റുകളില്‍ മാനസികമായ വെല്ലുവിളികള്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കരുതുന്നത്. മാനസികമായ കാര്യങ്ങള്‍ക്ക് ക്രിക്കറ്റില്‍ വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്. ഭാവിയില്‍ ഇത്തരത്തിലുള്ള താരങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് അവരെ സഹായിക്കാനാവുമെന്നാണ് കരുതുന്നത്. മധ്യനിരയിലെ താരങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ പറഞ്ഞുനല്‍കാനാവുമെന്നാണ് വിശ്വാസം. അവരുടെ സാങ്കേതികത മാത്രമല്ല മാനസികമായ കാര്യങ്ങളിലും ഇടപെടല്‍ ആവശ്യമാണ്'- യുവരാജ് പറഞ്ഞു.

yuvraj singh

2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചത് യുവിയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു. മധ്യനിരയില്‍ ഇന്ത്യക്കായി കസറിയ യുവരാജ് സ്പിന്നുകൊണ്ടും എതിരാളികളെ വട്ടം കറക്കി. പ്രധാന മത്സരങ്ങളിലും സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും കസറാനും ടീമിന്റെ നെടുന്തൂണാവാനും യുവരാജിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കുന്നില്ല.

2013ന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാനാവാതെ പോയതിന്റെ കാരണങ്ങളിലൊന്ന് മാനസികമായ മുന്നൊരുക്കം ഇല്ലാത്തതാണെന്നാണ് യുവരാജ് പറഞ്ഞത്. 'ഇന്ത്യ സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം കിരീടത്തിലേക്കെത്താതെ പോയത് മാനസികമായ മുന്നൊരുക്കം ഇല്ലാത്തതിനാലാണ്. ശാരീരികമായ മുന്നൊരുക്കത്തോടൊപ്പം മാനസികമായ മുന്നൊരുക്കവും ഇന്ത്യന്‍ താരങ്ങള്‍ക്കാവശ്യമാണ്. യുവതാരങ്ങളെ പ്രചോദിപ്പിച്ച് ആത്മവിശ്വാസം നല്‍കണം.

സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അവരെ വളര്‍ത്തണം. ഒന്നോ രണ്ടോ താരങ്ങളുടെയെല്ല ടീമിലെ എല്ലാ താരങ്ങളുടേയും മനോഭാവം മാറണം. ഗുജറാത്ത് ടൈറ്റന്‍സില്‍ പ്രവര്‍ത്തിക്കാന്‍ ആശിഷ് നെഹ്‌റയോട് അവസരം ചോദിച്ചെങ്കിലും അത് ലഭിച്ചില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഞാന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നുറപ്പ്. നിരവധി കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ എനിക്ക് സാധിക്കും'- യുവരാജ് കൂട്ടിച്ചേര്‍ത്തു.

അര്‍ബുദത്തോട് പൊരുതി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത താരമാണ് യുവരാജ്. യുവതാരങ്ങളെ സംബന്ധിച്ച് യുവിയുടെ കരിയര്‍ തന്നെ വലിയ പ്രചോദനമാണ്. ആക്രമണോത്സകതയോടെ കളിക്കുന്ന യുവി 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ യുവരാജിനെപ്പോലൊരു മികച്ച താരത്തെ അത്യാവശ്യമാണ്. യുവരാജിനെ ഇന്ത്യ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച തീരുമാനമായിരിക്കും. എന്നാല്‍ അതിന് സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത.

Story first published: Sunday, January 14, 2024, 6:51 [IST]
Other articles published on Jan 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+