ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പല പ്രമുഖ ടീമുകളും ഫേവറേറ്റുകളായി പ്രവചിക്കുന്നതും ഇന്ത്യയെയാണ്.
ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ഇന്ത്യ കരുത്ത് മനസിലാക്കി കളിച്ചാല്‍ കപ്പിലേക്കെത്താമെന്നാണ് യുവരാജിന്റെ ഉപദേശം. '2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയും ഫൈനലും കടന്ന് കിരീടത്തിലേക്കെത്തി. ഇത്തവണയും അതിന് സാധിക്കും. സമയത്തിന്റെ പ്രശ്‌നം മാത്രമാണത്. വലിയ ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ഏറ്റവും ആവശ്യമുള്ളത് ആത്മവിശ്വാസമാണ്.
ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം കരുത്തില്‍ വിശ്വസിക്കുകയും തങ്ങളുടെ കരുത്തില്‍ പിന്തുണക്കുകയും ചെയ്യുകയാണെങ്കില്‍ ഇത്തവണ തീര്‍ച്ചയായും കപ്പിലേക്കെത്താന്‍ സാധിക്കും. സെമിയില്‍ ഇന്ത്യ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ എത്താനാണ് സാധ്യത' യുവരാജ് സിങ് പറഞ്ഞു. ഇത്തവണത്തെ ഇന്ത്യയുടെ ടീം കരുത്ത് മോശമല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ സ്ഥിരതയും ഫോമുമാണ് പ്രശ്‌നം.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഇപ്പോഴും ടീം അമിതമായി ആശ്രയിക്കുന്നു. ഇരുവരും തുടക്കത്തിലേ പുറത്തായാല്‍ ടീം വലിയ സമ്മര്‍ദ്ദത്തിലേക്ക് പോവും. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആരൊക്കെയാവും തിളങ്ങുകയെന്നതാണ് കണ്ടറിയേണ്ടത്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവുള്ളവര്‍ ഇന്ത്യന്‍ നിരയില്‍ കുറവാണെന്ന് പറയാം.

എന്നാല്‍ ഇത്തവണ റിഷഭ് പന്ത് ടി20 ലോകകപ്പില്‍ നിര്‍ണ്ണായക പ്രകടനം നടത്തുമെന്നാണ് യുവരാജിന്റെ വിലയിരുത്തല്‍. വിരാട് കോലിയോടൊപ്പം ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുക റിഷഭാകുമെന്നും യുവരാജ് പറയുന്നു. വലിയ ഇടവേളക്ക് ശേഷമാണ് റിഷഭ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭ് അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
ഇത്തവണ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താവുമെന്നുറപ്പാണ്. സന്നാഹ മത്സരത്തില്‍ ഗംഭീര പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ റിഷഭിനായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയാല്‍ ഇന്ത്യയെയത് പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യ ഇത്തവണ നാല് സൂപ്പര്‍ സ്പിന്നര്‍മാരുമായാണ് വരുന്നത്. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യം സ്പിന്നിന് അനുകൂലമാണ്.
അതുകൊണ്ടുതന്നെ നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുക. ഇവരെല്ലാം അനുഭവസമ്പന്നരായതിനാല്‍ എതിരാളികള്‍ക്കെല്ലാം വലിയ തലവേദന സൃഷ്ടിക്കാന്‍ സാധിച്ചേക്കും. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ മികച്ച ഫോമിലാണുള്ളത്. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി ഉപയോഗിക്കാനാണ് കൂടുതല്‍ സാധ്യത. ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ഹാര്‍ദിക് എല്ലാവരുടേയും കൈയടി നേടി. സന്നാഹത്തിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഇതേ മികവ് നിര്‍ണ്ണായക മത്സരങ്ങളിലും കാഴ്ചവെക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.
പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ചിരവൈരി പോരാട്ടത്തിലടക്കം ഇന്ത്യക്ക് മുന്നില്‍ സമ്മര്‍ദ്ദമേറെയാണ്. ഇതിനെയെല്ലാം മറികടന്ന് ഇത്തവണ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.