മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഗൗതം ഗംഭീര്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. നിലവില്‍ ഗംഭീര്‍ മാത്രമാണ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗംഭീര്‍ തന്നെയാവും ഇന്ത്യയുടെ അടുത്ത പരിശീലകനെന്ന് ഉറപ്പായിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഗംഭീര്‍ സ്ഥാനമേറ്റെടുത്തേക്കും. കെകെആറിന്റെ ഉപദേഷ്ടാവ് റോള്‍ ഉപേക്ഷിച്ചാണ് ഗംഭീര്‍ മുഖ്യ പരിശീലകനാവുക.
ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ ഗംഭീര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. അതിലൊന്ന് നിലവിലെ പരിശീലകസംഘത്തിലെ പൊളിച്ചെഴുത്താണ്. രാഹുല്‍ ദ്രാവിഡിനൊപ്പം പരിശീലകസംഘത്തിലുണ്ടായിരുന്നവരെയെല്ലാം മാറ്റണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഗംഭീറിന് താല്‍പര്യമുള്ളവരെ പരിശീലക സംഘത്തിലേക്ക് കൊണ്ടുവരാനാവും. ബിസിസി ഐ ഇത് സമ്മതിച്ചെന്നാണ് വിവരം.
ഗംഭീറിനൊപ്പം പരിശീലകസംഘത്തിലേക്ക് ആരൊക്കെയാവും എത്തുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. പല പേരുകളും ഈ റോളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സഹ പരിശീലകനാവാന്‍ മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. യുവരാജ് സിങ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ യുവരാജ് കസറിയിരുന്നു.
ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമായിരുന്നു യുവരാജ്. അര്‍ബുദത്തെ പൊരുതി തോല്‍പ്പിച്ച താരമാണ് യുവരാജ്. അതുകൊണ്ടുതന്നെ യുവരാജിന്റെ വരവ് എല്ലാ താരങ്ങള്‍ക്കും വലിയ പ്രചോദനം നല്‍കുന്നതായിരിക്കും. യുവരാജും ഗംഭീറും അടുത്ത സുഹൃത് ബന്ധമുള്ളവരാണ്. രണ്ട് പേരും ലോകകപ്പിലടക്കം ഒരുമിച്ച് കളിച്ചവരാണ്. അതുകൊണ്ടുതന്നെ യുവരാജെത്തിയാല്‍ ഗംഭീറിന് അത് താല്‍പര്യമുണ്ടാവും.
യുവരാജ് നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമാവാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ഗംഭീര്‍ തന്റെ സഹ പരിശീലകരെ തീരുമാനിക്കുമെന്ന നിലപാടിലേക്കെത്തിയതിനാല്‍ യുവരാജിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഹമ്മദ് കൈഫിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി കൈഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗംഭീറുമായി വലിയ അടുപ്പമുള്ളയാളാണ് കൈഫെന്ന് പറയാനാവില്ല. മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്ന കൈഫ് ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വരവ് ടീമിനും ഗുണം ചെയ്‌തേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഗംഭീറിന്റെ നിലപാടാവും നിര്‍ണ്ണായകമാവുക. കെകെആറിന്റെ പരിശീലകരിലൊരാളായ അഭിഷേക് ശര്‍മയെ കൊണ്ടുവരാന്‍ ഗംഭീര്‍ ഇടപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും തന്റേതായ രീതിയില്‍ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം വരുത്താനുള്ള നീക്കമാണ് ഗംഭീര്‍ ഇപ്പോള്‍ നടത്തുന്നത്. തന്റെ ഇഷ്ടക്കാരെ ടീമിലേക്കെത്തിക്കാന്‍ ഗംഭീറിന് ബിസിസി ഐ അനുമതി നല്‍കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ആരെയൊക്കെയാവും ഗംഭീര്‍ പരിഗണിക്കുകയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം. കര്‍ക്കശ സ്വഭാവക്കാരനാണ് ഗംഭീര്‍. കയര്‍ക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കാന്‍ ഗംഭീര്‍ മടി കാട്ടാറില്ല.
ഇന്ത്യയുടെ പരിശീലകനാവുമ്പോള്‍ ഗംഭീറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി സീനിയേഴ്‌സിനെ എങ്ങനെ പരിഗണിക്കുമെന്നതാണ്. വിരാട് കോലിയും ഗംഭീറും തമ്മില്‍ നേരത്തെ തന്നെ തന്നെ ഉടക്കിലാണ്. ഐപിഎല്ലിനിടെ പല തവണ ഇവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനുള്ളിലെ ഇവരുടെ ബന്ധം എങ്ങനെയാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗംഭീറിന്റെ വരവ് യുവതാരങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നുറപ്പാണ്.