Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലി ഓപ്പണറോ? രോഹിത് മണ്ടത്തരം കാട്ടുന്നു; ജയ്‌സ്വാളിനെ വാഴ്ത്തി ഗംഭീര്‍

മുംബൈ: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് സെമിയോട് അടുത്തിരിക്കുകയാണ്. ഇന്ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ഏറെക്കുറെ സെമി സീറ്റുറപ്പിക്കാന്‍ ഇന്ത്യക്കാവും. ഇന്ത്യന്‍ ടീം തോല്‍വി അറിയാതെ മുന്നോട്ട് പോകുമ്പോഴും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. ഇന്ത്യ ചില യുവ പ്രതിഭകള്‍ക്ക് ഇതുവരെ കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല.

അതിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ താരം ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതെ ബെഞ്ചിലിരിക്കുകയാണ്. വിരാട് കോലിയെ ഓപ്പണറാക്കാനുള്ള രോഹിത് ശര്‍മയുടേയും രാഹുല്‍ ദ്രാവിഡിന്റേയും തീരുമാനമാണ് ജയ്‌സ്വാള്‍ പുറത്തിരിക്കാനുള്ള കാരണം. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ പ്രതിഭയെ വാഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. ജയ്‌സ്വാളിന് വലിയ ഭാവിയുണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്.

ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി ഗംഭീര്‍ വരുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് ജയ്‌സ്വാളിനെ വാഴ്ത്തി ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഞാന്‍ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനെയാവും തിരഞ്ഞെടുക്കുക. കാരണം അവന്‍ മികച്ച ഓപ്പണറാണ്. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. വലിയ ഭാവി അവനുണ്ട്. തുടര്‍ന്നും അവന്‍ കഠിനാധ്വാനം ചെയ്യുമെന്നും ഇതേ പ്രകടനം തുടരുമെന്നും കരുതാം.

കാരണം അവനെപ്പോലെയുള്ളവര്‍ക്ക് വലിയ കരിയര്‍ ഉണ്ടാകേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്' ഗംഭീര്‍ പറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് വരെ ജയ്‌സ്വാളായിരുന്നു ഇന്ത്യയുടെ പ്രധാന ഓപ്പണര്‍. രോഹിത് നായകനെന്ന നിലയില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുവശത്ത് റണ്‍റേറ്റുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ തികച്ചും അപ്രതീക്ഷിതമായി കോലിയെ ഓപ്പണറാക്കി.

rohit sharma virat kohli

ഇതോടെ കോലിയുടെ പ്രകടനം മോശമാവുകയും രോഹിത്തിനെയും ഇത് ബാധിക്കുകയും ചെയ്തു. ലോകകപ്പിലെ നാല് മത്സരത്തിലും ഓപ്പണര്‍മാര്‍ക്ക് തിളങ്ങാനായിട്ടില്ല. പ്രധാന മത്സരങ്ങള്‍ വരുമ്പോള്‍ ഓപ്പണര്‍മാര്‍ ഫ്‌ളോപ്പാവുന്നത് ഇന്ത്യയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇപ്പോഴും കോലിയെ ഓപ്പണിങ്ങില്‍ പിന്തുണക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചെയ്യുന്നത്. കോലി നാല് മത്സരത്തില്‍ നിന്ന് നേടിയത് 29 റണ്‍സാണ്. 7.25 ആണ് ശരാശരി.

സ്‌ട്രൈക്ക് റേറ്റ് 88 മാത്രമാണ്. രോഹിത് നേടിയത് 76 റണ്‍സാണ്. ശരാശരി 19 മാത്രം. എന്നിട്ടും ജയ്‌സ്വാളിനെ കൊണ്ടുവരാനുള്ള ശ്രമം ടീം മാനേജ്‌മെന്റ് നടത്തുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് മുന്‍ താരങ്ങളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയുടെ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. ജയ്‌സ്വാള്‍ മികവ് തെളിയിച്ച താരമാണ്.

ഐപിഎല്ലില്‍ നോക്കൗട്ട് മത്സരങ്ങളിലടക്കം തിളങ്ങാന്‍ ജയ്‌സ്വാളിന് സാധിച്ചു. എന്നിട്ടും അവസരം ലഭിക്കാതെ പുറത്തിരിക്കുകയാണ്. രോഹിത്തും കോലിയും ഓപ്പണര്‍മാരാവുമ്പോള്‍ പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോകുന്നു. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണ്ണായക മത്സരം വരാനിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഓപ്പണിങ് കൂട്ടുകെട്ട് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

പക്ഷെ ടീം മാനേജ്‌മെന്റ് തിരുത്താന്‍ തയ്യാറാവാത്തത് വലിയ തകര്‍ച്ചയിലേക്ക് ടീമിനെ എത്തിക്കുമെന്ന് തന്നെയാണ് പലരും വിലയിരുത്തുന്നത്. എന്തായാലും ഗംഭീര്‍ മുഖ്യ പരിശീലകനായി എത്തിയാല്‍ ഇത്തരം പൊളിച്ചെഴുത്തല്‍ നടത്തില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍ ഉള്‍പ്പെടെ പ്രതിഭയുള്ള യുവതാരങ്ങളെ കൂടുതലായും പരിഗണിക്കുമെന്ന വ്യക്തമായ തീരുമാനമാണ് ഇപ്പോള്‍ ഗംഭീര്‍ അറിയിച്ചിരിക്കുന്നത്.

Story first published: Saturday, June 22, 2024, 16:06 [IST]
Other articles published on Jun 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+