ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അമേരിക്കയോട് നാണംകെട്ടിരിക്കുകയാണ് പാകിസ്താന്‍. ഗ്രൂപ്പ് എയില്‍ വമ്പന്‍ ജയം സ്വപ്‌നം കണ്ടിറങ്ങിയ പാകിസ്താനെ അമേരിക്ക ഞെട്ടിക്കുകയായിരുന്നു. ഇരു ടീമും 159 റണ്‍സ് വീതം നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതോടെ പാകിസ്താന്റെ സൂപ്പര്‍ 8ലെ മോഹങ്ങള്‍ക്കുകൂടിയാണ് മങ്ങലേറ്റിരിക്കുന്നത്.
രണ്ട് ജയം നേടിയ അമേരിക്ക ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പാകിസ്താന് സൂപ്പര്‍ 8ലേക്കെത്തുക കടുപ്പമായിരിക്കുമെന്ന് പറയാം. സൂപ്പര്‍ 8ലെത്താന്‍ പാകിസ്താന്‍ എന്താണ് ചെയ്യേണ്ടത്. പാകിസ്താന് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയെ തോല്‍പ്പിക്കുകയെന്നതാണ്. 9ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചാലെ സൂപ്പര്‍ 8 പ്രതീക്ഷയുള്ളൂ.
ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ ബാബര്‍ ആസമും സംഘവും വിയര്‍ക്കും. ഇന്ത്യയോട് തോല്‍ക്കുകയും കാനഡ, അയര്‍ലന്‍ഡ് എന്നിവരോട് ജയിക്കുകയും ചെയ്താലും പാകിസ്താന് സൂപ്പര്‍ 8ല്‍ ഇടം ലഭിക്കുക കടുപ്പമായിരിക്കും. കാരണം അമേരിക്ക ഇതിനോടകം കാനഡയേയും പാകിസ്താനേയും തോല്‍പ്പിച്ചു. അമേരിക്കയ്ക്ക് ഇനി ഇന്ത്യ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേ മത്സരമുണ്ട്. ഇതില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ പാകിസ്താനെ മറികടന്ന് അമേരിക്ക സൂപ്പര്‍ 8ലേക്ക് മുന്നേറും.
അങ്ങനെ സംഭവിച്ചാല്‍ പാകിസ്താനത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്. അമേരിക്ക ഇന്ത്യയോടും അയര്‍ലന്‍ഡിനോട് തോല്‍ക്കുകയും പാകിസ്താന്‍ ഇന്ത്യയോട് തോല്‍ക്കുകയും കാനഡയോടും അയര്‍ലന്‍ഡിനോടും ജയിക്കുകയും ചെയ്താലും വലിയ കാര്യമുണ്ടാവില്ല. നെറ്റ് റണ്‍റേറ്റ് അപ്പോള്‍ വളരെ നിര്‍ണ്ണായകമായി മാറും. അമേരിക്ക ഇപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റിലാണുള്ളത്. വരുന്ന മത്സരങ്ങളില്‍ തോറ്റാലും മികച്ച പോരാട്ടം നടത്തിയാല്‍ നെറ്റ് റണ്‍റേറ്റ് ശക്തമായി നിലനിര്‍ത്താന്‍ അമേരിക്കയ്ക്കാവും.

ചുരുക്കി പറഞ്ഞാല്‍ പാകിസ്താന്റെ സൂപ്പര്‍ 8ലെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യയാണെന്ന് പറയാം. 9ന് നടക്കുന്ന സൂപ്പര്‍ പോരില്‍ ഇന്ത്യ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയാല്‍ ബാബറും സംഘവും വിയര്‍ക്കും. ഇന്ത്യ അമേരിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതും പാകിസ്താന്റെ സൂപ്പര്‍ 8ലെ സീറ്റ് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറും. ഇന്ത്യ കനിയാതെ പാകിസ്താന് സൂപ്പര്‍ 8ലെത്താന്‍ സാധിക്കില്ലെന്നതാണ് വസ്തുത.
പാകിസ്താന്‍ ടീമിലെ നേരത്തെ ചൂണ്ടിക്കാട്ടിയ ദൗര്‍ബല്യങ്ങളാണ് ഇപ്പോള്‍ ടീമിനെ പിന്നോട്ടടിക്കുന്നത്. പാകിസ്താന്റെ പേസ് നിര അതിശക്തമാണ്. എന്നാല്‍ ഇവരുടെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇത് വ്യക്തമാകുന്ന ബൗളിങ്ങാണ് അമേരിക്കയ്‌ക്കെതിരേ കണ്ടത്. ഷഹിന്‍ ഷാ അഫ്രീദിക്ക് പഴയ മൂര്‍ച്ചയില്ല. യോര്‍ക്കറിന് ശ്രമിക്കുന്നതെല്ലാം ഫുള്‍ട്ടോസായി മാറുന്നു. മുഹമ്മദ് അമീറിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല.
സൂപ്പര്‍ ഓവറിലടക്കം നിരവധി എക്‌സ്ട്രാസാണ് അമീര്‍ വിട്ടുകൊടുത്തത്. മികച്ച ലൈനോ ലെങ്‌തോ ഇടം കൈയന്‍ പേസര്‍ക്ക് ലഭിക്കുന്നില്ല. ഇതും പാകിസ്താനെ പിന്നോട്ടടിക്കുന്നു. ഹാരിസ് റഊഫ്, നസീം ഷാ എന്നിവര്‍ക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്താന് മുന്നോട്ടുള്ള മത്സരങ്ങള്‍ ജയിക്കുകയെന്നതും കടുപ്പമാണെന്ന് പറയാം. പാകിസ്താന്റെ ബാറ്റിങ് നിരയും ശോകമാണ്. അമേരിക്കയ്‌ക്കെതിരേ 23 റണ്‍സിനിടെ പാക് ടീമിന്റെ മൂന്ന് താരങ്ങള്‍ കൂടാരം കയറി.
വാലറ്റം ബാറ്റിങ്ങില്‍ തിളങ്ങിയില്ലായിരുന്നെങ്കില്‍ അമേരിക്കയോട് പാകിസ്താന്‍ തീര്‍ത്തും നിരാശപ്പെടുമായിരുന്നു. ഈ പ്രകടനംവെച്ച് നോക്കുമ്പോള്‍ ഇന്ത്യയോട് പാകിസ്താന്‍ നാണംകെട്ട് തോല്‍ക്കാനാണ് സാധ്യത. ഇന്ത്യയോട് തോറ്റാല്‍ പാകിസ്താന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.