ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെയാവും ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തില്‍ അവ്യക്ത തുടരവെ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ക്ലബ്ബ് പ്രെയറി ഫയറെന്ന യൂട്യൂബ് പോഡ്കാസ്റ്റില്‍ തല്‍സമയം അതിഥിയായി എത്തിയപ്പോളാണ് ഹിറ്റ്മാന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. മൂന്നാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ മുന്‍ നായകന്‍ വിരാട് കോലിയെ ലോകകപ്പില്‍ ഇന്ത്യ ഓപ്പണറാക്കിയേക്കുമെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോശം ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ തഴഞ്ഞേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
പക്ഷെ ലോകകപ്പിലെ തന്റെ ഓപ്പണിങ് പങ്കാളിയുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് രോഹിത് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡുമായി ബന്ധപ്പെട്ട് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി താന്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും രോഹിത് തള്ളിയിരിക്കുകയാണ്.

ഞങ്ങള്‍ ഇതുവരെ ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് കൂടിയാലോചന നടത്തിയിട്ടില്ല. ലോകകപ്പില്‍ ആരൊക്കെ ഓപ്പണ്‍ ചെയ്യുമെന്ന കാര്യവും ഇനിയും തീരുമാനിച്ചിട്ടില്ല. ഈയൊരു കാലത്ത് നിങ്ങള്‍ എന്നില്‍ നിന്നു നേരിട്ടോ, രാഹുല്‍ ഭായ്, അജിത് ഭായ് എന്നിവരില്‍ നിന്നോ നേരിട്ട് കേള്‍ക്കാതെ ഒരു കാര്യവും വിശ്വസിക്കരുത്. പുറത്തുവരുന്ന മറ്റു കാര്യങ്ങളെല്ലാം വ്യാജമാണെന്നും രോഹിത് വ്യക്തമാക്കി.
രോഹിത്തും ജയ്‌സ്വാളുമായിരിക്കും ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഈ ഫോര്‍മാറ്റില്‍ ഇരുവരും ഒരുപോലെ അഗ്രസീവായ ബാറ്റര്‍മാരാണ്. ശുഭ്മന്‍ ഗില്ലും ഓപ്പണിങ് റോളിലേക്കു രംഗത്തുണ്ടെങ്കിലും ടി20യിലെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇതാണ് ജയ്‌സ്വാളിനു മുന്‍തൂക്കം നല്‍കുന്നത്. പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം താരം ഓപ്പണിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്.
ഭേദപ്പെട്ട തുടക്കങ്ങള്‍ പലപ്പോഴും ജയ്‌സ്വാളിനു ലഭിക്കുന്നുണ്ടെങ്കിലും ഇവ മികച്ച സ്‌കോറുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. റോയല്‍സിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും 17.28 എന്ന മോശം ശരാശരിയില്‍ 145.78 സ്‌ട്രൈക്ക് റേറ്റില്‍ 121 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും ജയ്‌സ്വാളിന്റെ പേരിലില്ല. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സുമാണ്.

മറുഭാഗത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഒരിക്കല്‍ക്കൂടി ഓപ്പണറായി കളിച്ചു കൊണ്ടിരിക്കുന്ന കോലി ഉജ്ജ്വല ഫോമിലാണ്. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിന്റെ പേരിലാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 72.20 എന്ന കിടിലന്‍ ശരാശരിയില്‍ 147.34 സ്‌ട്രൈക്ക് റേറ്റില്‍ 361 റണ്‍സ് കോലി അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഉള്‍പ്പെടെയാണിത്.
ഐപിഎല്ലില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുമാണ് കോലിക്കുള്ളത്. 4000ത്തിനടുത്ത് റണ്‍സ് ഓപ്പണിങില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 136 സ്‌ട്രൈക്ക് റേറ്റിലാണിത്. എട്ടു ഐപിഎല്‍ സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. ഇവയെല്ലാം അദ്ദേഹം നേടിയത് ഓപ്പണറായി ഇറങ്ങിയപ്പോഴുമാണ്. അന്താരാഷ്ട്ര ടി20യില്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കോലി ഓപ്പണ്‍ ചെയ്തിട്ടുള്ളൂ. ഇവയില്‍ നിന്നും 57.14 ശരാശരിയില്‍ 161.29 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സും നേടി.