ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വാട്ടര്‍ബോയ് ആയി ഒതുങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ റിഷഭ് പന്തിനാണ് വിക്കറ്റ് കീപ്പറായി നറുക്കുവീത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലെങ്കിലും അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ബൗളിങ് കൂടിയുള്ളതിനാല്‍ ശിവം ദുബെ ടീമിലേക്കു വരികയായിരുന്നു.
ഇനിയുള്ള മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ഇനി ടീമിലെത്താമെന്ന പ്രതീക്ഷ സഞ്ജുവിനു വേണ്ട. കാരണം ഈ റോള്‍ റിഷഭ് ഭദ്രമാക്കിക്കഴിഞ്ഞു. ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ റിഷഭ് അപരാജിത ഫിഫ്റ്റിയുമായി കസറിയിരുന്നു. ഐറിഷ് ടീമിനെതിരായ കഴിഞ്ഞ കളിയിലാവട്ടെ പുറത്താവാതെ 36 റണ്‍സും അടിച്ചെടുത്തു. സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറിലാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റിഷഭ് ബാറ്റ് വീശിയത്. മൂന്നാം നമ്പറും സഞ്ജുവിനു ഇനി മറക്കാം.

അദ്ദേഹത്തിനു മുന്നില്‍ ഇനിയുള്ള ഏക സാധ്യത മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുകയെന്നതാണ്. പക്ഷെ അതും അത്ര എളുപ്പമല്ല. നിലവില്‍ സഞ്ജുവിനേക്കാള്‍ ടീം മാനേജ്‌മെന്റ് മൂല്യം കല്‍പ്പിക്കുന്നത് ദുബെയ്ക്കാണ്. രണ്ടോ, മൂന്നോ ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ താരത്തിനു സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. അങ്ങനെയെങ്കില്‍ സഞ്ജുവിനു ഈ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും ലഭിക്കില്ലേ? എല്ലാ കളിയിലും വാട്ടര്‍ ബോയ് ആയി തന്നെ ഒതുങ്ങേണ്ടി വരുമോ?
ചില കാര്യങ്ങള്‍ അനുകൂലമായി സംഭവിച്ചാല്‍ മാത്രമേ ഈ ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുകയെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയുള്ളൂ. ഇതിനായി ആദ്യം വേണ്ടത് ചിരവൈരികളായ പാകിസ്താനുമായുള്ള അടുത്ത മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയെന്നതാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഈ മല്‍സരത്തിലും സഞ്ജുവിനെ കളിപ്പിക്കാനിടയില്ല. ദുബെ തന്നെ ടീമില്‍ തുടരാനാണ് സാധ്യത.
പാകിസ്താനുമായുള്ള ഈ ക്ലാസിക്കില്‍ ഇന്ത്യ ജയിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് പ്രധാനമാണ്. ഈ മല്‍സരം തോറ്റാല്‍ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ ഒരവസരം പോലും ലഭിക്കാനിടയില്ല. പാകിസ്താനെതിരേ ഇന്ത്യ ജയിക്കുന്നതോടൊപ്പം മല്‍സരത്തില്‍ ദുബെയ്ക്കു ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാനും സാധിക്കരുത്. ഈ രണ്ടു കാര്യങ്ങളും സംഭവിച്ചാല്‍ സഞ്ജുവിനെ സംബന്ധിച്ച് റൂട്ട് ഏറെക്കുറെ ക്ലിയര്‍ ആയെന്നു ഉറപ്പിക്കാം.

പക്ഷെ ഇതുകൊണ്ടു മാത്രം ബുധനാഴ്ച അമേരിക്കയുമായുള്ള മല്‍സരത്തില്‍ സഞ്ജുവിനു നറുക്കുവീഴില്ല. ഗ്രൂപ്പ് എയില്‍ നിന്നും കുറഞ്ഞത് മൂന്നു മല്‍സരങ്ങളെങ്കിലും ജയിക്കാനായാല്‍ മാത്രമേ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഇന്ത്യക്കു സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. പാകിസ്താന്‍, അമേരിക്ക എന്നിവരുമായുള്ള അടുത്ത രണ്ടു മല്‍സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.
പാകിസ്താനു പിന്നാലെ അമേരിക്കയെയും തകര്‍ത്തുവിടാനായാല്‍ ഇന്ത്യക്കു സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കാം. അങ്ങനെ വന്നാല്‍ 15നു കാനഡയുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരം ഇന്ത്യക്കു അപ്രസക്തമായി മാറുകും ചെയ്യും. അങ്ങനെ വന്നാല്‍ സ്വാഭാവികമായും പ്ലെയിങ് ഇലവനില്‍ ചില പരീക്ഷണങ്ങള്‍ക്കു ഇന്ത്യ തുനിയുകയും ചെയ്യും.
ഇതാണ് സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വഴിയും തുറക്കുക. അതിനാല്‍ തന്നെ അടുത്ത മല്‍സരങ്ങളിലും ഇന്ത്യയുടെ വിജയത്തിനായി പ്രാര്‍ഥിക്കുക മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിനു മുന്നിലുള്ള ഒരേയൊരു മാര്‍ഗം. അതോടൊപ്പം ദുബെയില്‍ നിന്നും അസാധാരണമായ ഒരു പ്രകടനം ഇല്ലാതിരിക്കുകയും വേണം.