ന്യൂയോര്‍ക്ക്: അയര്‍ലാന്‍ഡിനെതിരായ ഏകപക്ഷീയ വിജയത്തിനു ശേഷം ടി20 ലോകകപ്പില്‍ അടുത്ത മല്‍സരത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ചിരവൈരികളായ പാകിസ്താനെതിരേ ഞായറാഴ്ചയാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ രണ്ടാമങ്കം. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു സൂപ്പര്‍ 8 എന്ന ലക്ഷ്യത്തിനു ഒരുപടി കൂടി അടുത്തെത്താം. പക്ഷെ ഈ മല്‍സരത്തിനു മുമ്പ് വലിയൊരു ആശങ്ക ഇന്ത്യന്‍ ടീമിനു മുന്നിലുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെ കാര്യത്തിലാണിത്.
ഐറിഷ് ടീമുമായുള്ള കഴിഞ്ഞ കളിയില്‍ ബാറ്റ് ചെയ്യവെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി രോഹിത്തിനു ക്രീസ് വിടേണ്ടി വരികയും ചെയ്തു. 37 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 52 റണ്‍സെടുത്തു നില്‍ക്കെയാണ് അദ്ദേഹം പിന്‍മാറിയത്. 10ാം ഓവറിവിനു ശേഷമായിരുന്നു രോഹിത്തിന്റെ പിന്‍മാറ്റം.

ബാറ്റ് ചെയ്യവെ എട്ടാം ഓവറില്‍ ജോഷ്വ ലിറ്റില്‍ എറിഞ്ഞ ബോള്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊണ്ടിരുന്നു. 10ാം ഓവറിനു ശേഷം വേദന കാരണം രോഹിത് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുയും ചെയ്തു. തുടര്‍ന്ന് ടീം ഫിസിയോയും ഗ്രൗണ്ടിലേക്കു വരികയായിരുന്നു. ഒടുവില്‍ ബാറ്റിങ് തുടരാതെ പിന്‍മാറാന്‍ രോഹിത് തീരുമാനിക്കുകയുമായിരുന്നു. പരിക്ക് അത്ര ഗൗരവുള്ളതല്ലെന്നാണ് വിവരം. പാകിസ്താനെതിരേ അദ്ദേഹത്തിനു കളിക്കാനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഹിറ്റ്മാന് ഈ മല്‍സരം നഷ്ടമായാല്‍ എങ്ങനെയായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനെന്നു നമുക്കു നോക്കാം.
പാകിസ്താനെതിരേ രോഹിത്തിനെ നഷ്ടമായാല്‍ ഓപ്പണറെ മാത്രമല്ല ക്യാപ്റ്റനെ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുക. രോഹിത്ത് ഇല്ലെങ്കില്‍ സ്വാഭാവികമായും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും നായകനായി നറുക്കുവീഴുക. ഓപ്പണിങിലേക്കു പുതിയൊരാളെ ടീമിനു കൊണ്ടുവരേണ്ടതായും വരും. നിലവില്‍ ടീമിലുള്ള സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ യുവതാരം യശസ്വി ജയ്‌സ്വാളാണ്. അത്ര മികച്ച ഫോമില്‍ അല്ലാത്തതു കാരണമാണ് അദ്ദേഹത്തിനു പകരം വിരാട് കോലിയെ ഓപ്പണിങിലേക്കു ഇന്ത്യ കൊണ്ടുവന്നത്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഓപ്പണറായുള്ള റണ്‍വേട്ടയും അദ്ദേഹത്തിനു തുണയായിരുന്നു. അയര്‍ലാന്‍ഡിനെതിരേ പക്ഷെ കോലി ഓപ്പണിങില്‍ ക്ലിക്കായില്ല. ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. എങ്കിലും പാകിസ്താനെതിരേയും കോലി ഓപ്പണറായി തന്നെ തുടരും.
രോഹിത്തിനു പകരം ജയ്‌സ്വാളോ, അതോ മലയാളി താരം സഞ്ജു സാംസണോ ആയിരിക്കും ഓപ്പണിങിലേക്കു വരുന്നത്. നേരത്തേ ബംഗ്ലാദേശുമായുള്ള സന്നാഹത്തില്‍ സഞ്ജു ഓപ്പണ്‍ ചെയ്തിരുന്നെങ്കിലും ഒരു റണ്‍സ് മാത്രമേ നേടിയുള്ളൂ. എന്നാല്‍ ടി20യില്‍ സഞ്ജു തന്റെ ഏക ഫിഫ്റ്റി കുറിച്ചത് ഓപ്പണറായി ബാറ്റ് ചെയ്തപ്പോഴാണ്. അയര്‍ലാന്‍ഡുമായുള്ള പരമ്പരയിലായിരുന്നു ഇത്. അതിനാല്‍ തന്നെ പാകിസ്താനെതിരേ ഓപ്പണറായി സഞ്ജു ഒരു മോശം ഓപ്ഷനല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ജയ്‌സ്വാളിനേക്കാള്‍ കൂടുതല്‍ റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു.
രോഹിത്തിനു പകരം പുതിയ ഓപ്പണറെത്തുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെ തുടരും. അഞ്ചാം നമ്പറില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ തുടരാനാണ് സാധ്യത. കഴിഞ്ഞ മല്‍സരത്തില്‍ താരം കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. ആറ് മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളില്‍ ഹാര്‍ദിക്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ഊഴമായിരിക്കും.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നീ മൂന്നു പേസര്‍മാരെയാണ് ഐറിഷ് ടീമിനെതിരേ ഇറക്കിയത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തിരുന്നു. പാകിസ്താനെതിരേയും ഇന്ത്യ ഇതു തുടര്‍ന്നേക്കും. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ പിച്ചാണ് പാകിസ്താനെതിരേ ഉപയോഗിക്കുകയെങ്കില്‍ സിറാജിനു പകരം കുല്‍ദീപ് യാദവ് ടീമിലേക്കു വന്നേക്കും.
രോഹിത്ത് ഇല്ലെങ്കില്‍ ഇന്ത്യയുടെ സാധ്യതാ 11
യശസ്വി ജയ്‌സ്വാള്‍/ സഞ്ജു സാംസണ്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് / മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.