മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് പിന്നാലെ തന്നെ ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കും. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാകുന്ന ടി20 ലോകകപ്പ് ജൂണ്‍ 1നാണ് ആരംഭിക്കുന്നത്. ഇന്ത്യ രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പിനിറങ്ങുമെന്നാണ് നിലവിലെ വിവരം. 2022ലെ ടി20 ലോകകപ്പിന് ശേഷം വലിയ ഇടവേളയെടുത്താണ് രോഹിത് ഇന്ത്യയുടെ ടി20 ടീമിലേക്കെത്തിയത്.
അഫ്ഗാന്‍ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി രോഹിത് കസറിയതോടെ ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴിലാവും ഇന്ത്യ കളിക്കുകയെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ രോഹിത്തിന്റെ നായകസ്ഥാനം ഉറപ്പായിട്ടില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ചില നിര്‍ണ്ണായക മാറ്റം ഐപിഎല്ലിന് ശേഷം നടത്താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് വിവരങ്ങളുള്ളത്. ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയാല്‍ അദ്ദേഹം തന്നെയാവും ഇന്ത്യയെ നയിക്കുകയെന്നാണ് സൂചന.
മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയിരുന്നു. പകരം ഹാര്‍ദിക്കിനെ നായകനാക്കുകയും ചെയ്തു. ഇടക്കിടെ പരിക്കേല്‍ക്കുന്നതാണ് ഹാര്‍ദിക്കിനെ ഇന്ത്യ ടി20 ലോകകപ്പ് സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കാതിരിക്കാന്‍ കാരണം. നേരത്തെ ഹാര്‍ദിക്കിന് കീഴിലായിരുന്നു ഇന്ത്യ ടി20 ലോകകപ്പിനായുള്ള പടയൊരുക്കം നടത്തിയിരുന്നത്. എന്നാല്‍ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ വീണ്ടും രോഹിത്തിലേക്ക് നായകസ്ഥാനമെത്തുകയായിരുന്നു.
ഹാര്‍ദിക് ഇപ്പോള്‍ ബൗളിങ്ങടക്കം നടത്തുന്നുണ്ട്. പൂര്‍ണ്ണ ഫിറ്റ്‌നസുള്ള ഹാര്‍ദിക്കിന് മുംബൈ ഇന്ത്യന്‍സിനൊപ്പം ഇത്തവണ തിളങ്ങാനായാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വീണ്ടും ഹാര്‍ദിക് പാണ്ഡ്യ എത്തുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് സാധ്യതയെന്നാണ് പുതിയ വിവരം. ഹാര്‍ദിക് നേരത്തെ തന്നെ യുവതാരങ്ങളെ വളര്‍ത്താനാണ് ശ്രമിച്ചിരുന്നത്.

രോഹിത്തും കോലിയും കളിച്ചാല്‍ പല യുവ പ്രതിഭകളും പുറത്തിരിക്കേണ്ടി വരും. രോഹിത് ഓപ്പണറായും കോലി മൂന്നാം നമ്പറിലും കളിച്ചാല്‍ ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഇവര്‍ക്ക് പ്ലേയിങ് 11ലേക്ക് എത്തിപ്പെടാന്‍ സാധിക്കാതെ വരും. ഈ സാഹചര്യത്തില്‍ രോഹിത്തിനെയും കോലിയേയും ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ടീമിനുള്ളില്‍ നടക്കുന്നുണ്ട്.
രോഹിത് ശര്‍മ അഫ്ഗാനെതിരേ സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹത്തിന്റെ ടി20യിലെ മറ്റ് പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. 2020ന് ശേഷം ഐപിഎല്ലിലും ഹിറ്റ്മാന് തിളങ്ങാനായിട്ടില്ല. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമില്ലാതെയാണ് രോഹിത് ഇറങ്ങുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയാല്‍ രോഹിത്തിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചേക്കും. എന്നാല്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിനെ നായകസ്ഥാനത്ത് പിന്തുണക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയുടെ സമീപകാലത്തെ ഐസിസി ട്രോഫിയിലെ കിരീട ക്ഷാമം വിലയിരുത്തി ഹാര്‍ദിക്കിന് അവസരം നല്‍കാമെന്ന അഭിപ്രായം സെലക്ടര്‍മാര്‍ക്കുണ്ട്. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസായിരുന്നു താരത്തിന് വിലങ്ങുതടിയായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് ഹാര്‍ദിക് എത്തിയതോടെ അദ്ദേഹത്തിനെ നായകനാക്കിത്തന്നെ മുന്നോട്ട് പോകാമെന്ന അഭിപ്രായത്തിലേക്ക് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറടക്കം എത്തിയിട്ടുണ്ടെന്നാണ് വിവരം.
പക്ഷെ ഐപിഎല്ലിലെ പ്രകടനമാവും ഇതില്‍ നിര്‍ണ്ണായകമാവുക. ഐപിഎല്ലില്‍ ഫ്‌ളോപ്പായാല്‍ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനായി മാറ്റി രോഹിത്തിനെ നായകനാക്കിത്തന്നെ ഇന്ത്യ മുന്നോട്ട് പോയേക്കും. എന്തായാലും രോഹിത്തിന്റെ നായകസ്ഥാനം ഉറപ്പിക്കാനായിട്ടില്ലെന്നാണ് നിലവിലെ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.
ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഐപിഎല്ലിന് ശേഷമാണെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നത് കാത്തിരുന്ന് കാണാം.