ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ അഗ്നിപരീക്ഷ ആരംഭിക്കാന്‍ പോവുന്നത് ഇനിയാണ്. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി സൂപ്പര്‍ എട്ടിലേക്കു മുന്നേറിയെങ്കിലും ഇവിടെ നിന്നും സെമി ഫൈനലിലേക്കു കുതിക്കണമെങ്കില്‍ ഇന്ത്യക്കു ഇപ്പോഴത്തെ കളി പോരാ. തീര്‍ച്ചയായും ബാറ്റിങില്‍, പ്രത്യേകിച്ചു മധ്യനിരയില്‍ നിന്നും തീപ്പൊരി ഇന്നിങ്‌സുകള്‍ വന്നാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങളും ഓള്‍റൗണ്ടര്‍മാരുമായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റുകള്‍ സൂപ്പര്‍ എട്ടില്‍ തീതുപ്പേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ലോകകിരീടം മറക്കുന്നതാവും ഇന്ത്യക്കു നല്ലത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം മികച്ച ഇന്നിങ്‌സുകള്‍ രണ്ടു പേരില്‍ നിന്നു ഇന്ത്യന്‍ ടീമിനു ഇനി ആവശ്യമാണ്.

സൂപ്പര്‍ എട്ട് മല്‍സരങ്ങളെല്ലാം വെസ്റ്റ് ഇന്‍ഡീസിലാണ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ ബാറ്റിങിനു അനുകൂലവുമാണ്. ആഴമേറിയ ബാറ്റിങ് ലൈനപ്പും, മധ്യ ഓവറിലും ഡെത്ത് ഓവറിലും തകര്‍ത്തടിക്കാന്‍ ശേഷിയുള്ള താരങ്ങളുമാണ് ടി20യില്‍ ഏതൊരു ടീമിനും ആവശ്യം. പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം എത്രത്തോളം മിടുക്കരാണെന്നതാണ് ഉയരുന്ന ചോദ്യം.
ഇന്ത്യന്‍ മധ്യനിരയില്‍ ബാറ്റിങില്‍ എക്‌സ് ഫാക്ടറെന്നു ചൂണ്ടിക്കാണിക്കാവുന്ന ഒരു താരമില്ലെന്നതാണ് പ്രശ്‌നം. ടൂര്‍ണമെന്റിലെ മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ മധ്യനിര ബാറ്റിങിനു മൂര്‍ച്ചയില്ലെന്നു ആരും സമ്മതിക്കും. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകളുടെ മധ്യനിര വെടിക്കെട്ട് ഇന്നിങ്‌സുകളുമായി കസറുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ തികഞ്ഞ ശോകമാണ്.
ഫിനിഷറായി കസറാന്‍ മിടുക്കനായ റിങ്കു സിങിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞ് പകരം ശിവം ദുബെയെ കൊണ്ടുവന്നത് വലിയ മണ്ടത്തരമാണെന്നു ഇതിനകം തെളിഞ്ഞുകഴിഞ്ഞു. മധ്യനിരയില്‍ ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന താരമായിരുന്നു റിങ്കു. പക്ഷെ അദ്ദേഹത്തെ പ്രധാന ടീമില്‍ നിന്നുമൊഴിവാക്കിയ ഇന്ത്യ റിസര്‍വ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയത്.
ഹാര്‍ദിക്കും ജഡേജയും ഈ ലോകകപ്പില്‍ ബാറ്റും ബോളും കൊണ്ട് ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഹാര്‍ദിക് ബൗളിങില്‍ മിന്നിക്കുന്നുണ്ടെങ്കിലും ബാറ്റിങില്‍ അഗ്രസീവ് പ്രകടനം ഇനിയും കാണാനായിട്ടില്ല. ജഡേജയാവട്ടെ സര്‍വ്വ മേഖലയിലും ദുരന്തമാണ്. ബാറ്റിങില്‍ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത ജഡ്ഡു ബൗളിങിലും വിക്കറ്റുകളൊന്നും വീഴ്ത്തിയിട്ടില്ല. ഇതേ രീതിയില്‍ സൂപ്പര്‍ എട്ടിലും അദ്ദേഹം തുടര്‍ന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും.

സമീപകാലത്തെ കണക്കുകളെടുത്താല്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മധ്യനിരയാണ് അടുത്ത കാലത്തു ടി20യില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചിട്ടുള്ളത്. അതിനു ശേഷം തൊട്ടുപിന്നാലെയുള്ളത് ഇംഗ്ലണ്ടുമാണ്. ഈ ലിസ്റ്റില്‍ ഏറെ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യന്‍ മധ്യനിരയില്‍ വലിയൊരു അഴിച്ചുപണി വൈകാതെ വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മധ്യനിരയ്ക്കു പ്രഹരശേഷി കുറവാണെങ്കിലും ഡെത്ത് ഓവറില്‍ ഇന്ത്യക്കു സമീപകാലത്തു ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. 2022 മുതലുള്ള കണക്കുകളെടുത്താല്‍ ഡെത്ത് ഓവറില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്.
ഇതു പക്ഷെ മധ്യനിരയുടെ മിടുക്ക് കാരണമല്ല. മറിച്ച് മുന്‍നിര ബാറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മിടുക്കാണ് പിന്നില്‍. അവസാനം വരെ ക്രീസില്‍ തുടര്‍ന്ന ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഇവര്‍ക്കായിരുന്നു.