T20 World Cup 2024: മലയാളി കളിക്കാതെ ഇന്ത്യ ലോകകപ്പ് നേടുമോ? ചരിത്രം കള്ളം പറയില്ല! അറിയാം
ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. രണ്ടാം ടി20 ലോകകപ്പ് കിരീടവും 2013ന് ശേഷമുള്ള ആദ്യത്തെ ഐസിസി ട്രോഫിയുമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് സജീവ കിരീട പ്രതീക്ഷയാണുള്ളത്. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ദക്ഷിണാഫ്രിക്കയും തോല്‍വി അറിയാതെയാണ് ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുന്നത്.
ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശിവം ദുബെ മോശം ഫോമില്‍ തുടരുമ്പോള്‍ ആ സ്ഥാനത്തേക്ക് സഞ്ജു സാംസണെയോ യശ്വസി ജയ്‌സ്വാളിനെയോ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യ വിരാട് കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയതിനാല്‍ ജയ്‌സ്വാളിന് കളിക്കാനുള്ള അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതേ സമയം മധ്യനിരയില്‍ സഞ്ജു അവസരം അര്‍ഹിക്കുന്നു.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ സഞ്ജുവിനെ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യ മലയാളിയെ കളിപ്പിക്കാതെ ലോകകപ്പ് നേടില്ല എന്ന പ്രചരണം ശക്തമാണ്. കാരണം ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോഴെല്ലാം മലയാളികള്‍ ടീമിന്റെ ഭാഗമായിരുന്നു. 1983ല്‍ കപില്‍ ദേവിന്റെ ഇന്ത്യ കന്നി ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുമ്പോള്‍ സുനില്‍ വല്‍സന്‍ ടീമിന്റെ ഭാഗമായിരുന്നു.
2007ല്‍ ഇന്ത്യ കന്നി ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യ 2024ലെ ടി20 ലോകകപ്പ് ഫൈനലിനിറങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഫൈനലിലും കളിപ്പിക്കാന്‍ സാധ്യതയില്ല.

ഇന്ത്യ മലയാളിയെ കളിപ്പിച്ചില്ലെങ്കില്‍ കപ്പ് നേടില്ലെന്ന് പറയാനാവില്ല. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം മലയാളി സാന്നിധ്യം ടീമിലുണ്ടായിരുന്നു. 1983ലെ ലോകകപ്പ് ടീമില്‍ സുനില്‍ വല്‍സന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചു. അതേ സമയം 2007ലെ ടി20 ലോകകപ്പില്‍ മലയാളി പേസറായ ശ്രീശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചു. ഓസ്‌ട്രേലിയക്കെതിരേ ഗംഭീര പ്രകടനത്തോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവാന്‍ ശ്രീശാന്തിനായി.
പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന താരത്തിന്റെ ക്യാച്ചെടുത്ത് ഇന്ത്യയുടെ വിജയ മുഹൂര്‍ത്തത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനും ശ്രീശാന്തിനായി. പിന്നീട് 2011ലെ ഏകദിന ലോകകപ്പില്‍ ആശിഷ് നെഹ്‌റക്ക് പരിക്കേറ്റതോടെയാണ് ശ്രീശാന്തിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. എന്തായാലും ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ആദ്യ മലയാളിയും ഏക മലയാളിയും ശ്രീശാന്താണ്. ഇത്തവണ സഞ്ജുവിന് അവസരം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഇടം കൈയനായ റിഷഭ് പന്ത് മികച്ച പ്രകടനം നടത്തുന്നതിനാല്‍ സഞ്ജുവിനെ ഒതുക്കിയിരിക്കുകയാണ്. സഞ്ജുവിനെ കളിപ്പിക്കാത്തതിനാല്‍ ഇന്ത്യ കപ്പ് നേടില്ലെന്ന് പറയാനാവില്ല. ഇന്ത്യന്‍ ടീമിലെ മലയാളി താരമായി ടീമിന്റെ ഭാഗ്യ അടയാളമായി സഞ്ജുവുണ്ടാകും. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഫൈനലില്‍ ഇന്ത്യ വിജയകൂട്ടുകെട്ട് പൊളിക്കാന്‍ സാധ്യതയില്ല. ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ ഒരു മാറ്റം മാത്രമാണ് ഇതുവരെ വരുത്തിയത്.
പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചു. ബാറ്റിങ് നിരയില്‍ യാതൊരു മാറ്റത്തിനും ഇന്ത്യ മുതിര്‍ന്നിട്ടില്ല. അതിന് തയ്യാറാകാനുള്ള സാധ്യതയും കുറവാണെന്ന് പറയാം. എന്തായാലും ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായി അഭിമാനിക്കാന്‍ സഞ്ജുവിനാകും. ഇന്ത്യ കിരീടം നേടിയാല്‍ ലോകകപ്പ് നേടുന്ന മുന്നാമത്തെ മലയാളി താരമെന്ന നേട്ടത്തിലേക്കെത്താനും സഞ്ജുവിന് മുന്നില്‍ അവസരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications