ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രോഹിത് ശര്‍മയും സംഘവും അമേരിക്കയിലെത്തിക്കഴിഞ്ഞു. ഇനിയൊരു മാസക്കാലം ടീം ഇന്ത്യ ലോകകപ്പ് ചൂടിലായിരിക്കും. അടുത്ത മാസമാരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച കളി കെട്ടഴിച്ച് ട്രോഫിയുമായി നാട്ടിലേക്കു മടങ്ങുകയാണ് ഹിറ്റ്മാന്റെയും സംഘത്തിന്റെയും ദൗത്യം. ലോകകപ്പിനു മുന്നോടിയായി തയ്യാറെടുപ്പിനായി ഒരവസരം മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്.
ടൂര്‍ണമെന്റിനു മുന്നോടിയായി ഒരു സന്നാഹ മല്‍സരമാണ് ഇന്ത്യ കളിക്കുക. ജൂണ്‍ ഒന്നിനു ബംഗ്ലാദേശുമായാണ് സന്നാഹത്തില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക. അമേരിക്കയിലെ സാഹചര്യങ്ങളുമായും പിച്ചുമായുമെല്ലാം പൊരുത്തപ്പെടാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണിത്. അതുകൊണ്ടു തന്നെ ഗൗരവത്തോടെയായിരിക്കും ഈ മല്‍സരത്തെ സമീപിക്കുക.

ലോകകപ്പില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് കോമ്പിനേഷന്‍ തീരുമാനിക്കാനും ഈ സന്നാഹ മല്‍സരം ഇന്ത്യയെ സഹായിക്കും. ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവില്‍ പലരെയും ബംഗ്ലാദേശിനെതിരേ ടീമില്‍ കാണാം. എന്നാല്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഈ സന്നാഹത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലേക്കു തിരിച്ച ഇന്ത്യന്‍ സംഘത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം ചെറിയൊരു ബ്രേക്കിലാണ്. സന്നാഹത്തില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡിനെതിരേയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിലായിരിക്കും കോലിയെ ഇന്ത്യന്‍ ഇലവനില്‍ കണ്ടേക്കുക.
ബംഗ്ലാദേശുമായുള്ള സന്നാഹത്തില്‍ കോലിയില്ലെങ്കില്‍ പകരക്കാരനായി കളിച്ചേക്കുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ തന്നെയാവും അദ്ദേഹത്തിനു ലഭിക്കുക. കാരണം കഴിഞ്ഞ ഐപിഎല്ലില്‍ ഇതേ പൊസിഷനില്‍ ഇറങ്ങിയാണ് സഞ്ജു 500 പ്ലസ് റണ്‍സ് അടിച്ചെടുത്തത്.
ബംഗ്ലാദേശിനെതിരേ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണാല്‍ അതു തീര്‍ച്ചയായും സഞ്ജു മുതലാക്കേണ്ടതുണ്ട്. കാരണം ലോകകപ്പില്‍ ഇന്ത്യന്‍ ഇലവനിലേക്കു അവകാശവാദമുന്നയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏക അവസരം കൂടിയായിരിക്കും ഇത്. റിഷഭ് പന്താണ് ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഫേവറിറ്റ്. റിഷഭിനെ മറികടക്കണമെങ്കില്‍ സന്നാഹത്തില്‍ സഞ്ജുവിനു മിന്നിച്ചേ തീരൂ.
അന്താരാഷ്ട്ര ടി20യില്‍ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല. 25 ടി20കളിലായി 22 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 18.7 എന്ന മോശം ശരാശരിയില്‍ 374 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇക്കൂട്ടത്തിലുള്ളൂ.

നായകന്‍ രോഹിത്തും യശസ്വി ജയ്‌സ്വാളും തന്നെയായിരിക്കും ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി സഞ്ജുവെത്തുമ്പോള്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരായിരിക്കും.
വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇനിയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെങ്കിലും സന്നാഹത്തില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാവുമ്പോള്‍ കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവും. പേസ് ബൗളിങ് കൈകാര്യം ചെയ്യുക ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരിക്കും.
ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്തു വ്യക്തമായ മേധാവിത്വമുണ്ടെന്നു കാണാം. ഇതുവരെ 13 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 12ലും ഇന്ത്യ തന്നെ വിജയക്കൊടി പാറിച്ചപ്പോള്‍ ബംഗ്ലാദേശിനു ജയിക്കാനായത് ഒന്നില്‍ മാത്രമാണ്. ഈ മുന്‍തൂക്കം സന്നാഹത്തില്‍ ഇന്ത്യക്കു വലിയ ആത്മവിശ്വാസവും നല്‍കും.