ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ ആവേശം സൂപ്പര്‍ എട്ടിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സൂപ്പര്‍ 8ല്‍ കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ ടീമുകളെ തകര്‍ത്ത ഇന്ത്യ സൂപ്പര്‍ എട്ട് ടിക്കറ്റെടുക്കുകയായിരുന്നു. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിക്കുമ്പോള്‍ വലിയ വെല്ലുവിളിയായുള്ളത് വിരാട് കോലിയുടെ മോശം ഫോമാണ്.
കോലി മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. കോലിയുടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്. 2012ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരത്തില്‍ നിന്ന് 90 റണ്‍സാണ് കോലി നേടിയത്.
2014ല്‍ നാല് മത്സരത്തില്‍ നിന്ന് 170 റണ്‍സ് കോലി നേടിയപ്പോള്‍ 2016 ല്‍ 4 മത്സരത്തില്‍ നിന്ന് 184 റണ്‍സും അടിച്ചെടുത്തു. 2021ല്‍ 3 മത്സത്തില്‍ നിന്ന് 68 റണ്‍സടിച്ച കോലി 2022ല്‍ 5 മത്സരത്തില്‍ 246 റണ്‍സും നേടി.
എന്നാല്‍ ഇത്തവണ 3 മത്സരത്തില്‍ നിന്ന് 5 റണ്‍സാണ് കോലിക്ക് നേടാനായത്. വലിയ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രധാന വിജയ ശില്‍പ്പി കോലിയാണ്. ഓപ്പണറായി കോലിയെ നിലനിര്‍ത്തുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ കോലിയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് അറിയേണ്ടത്. കോലി ഫ്‌ളോപ്പാവുമ്പോള്‍ രോഹിത് ശര്‍മയേയും അത് ബാധിക്കുന്നു. രണ്ട് പേരും ചെറിയ സ്‌കോറില്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാതെ വരുന്നു.
സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരങ്ങളെങ്കിലും ഇന്ത്യക്ക് ജയിക്കണം. പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാതെ പോയാല്‍ വലിയ മത്സരങ്ങളില്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കും. ഇക്കാരണത്താല്‍ത്തന്നെ കോലിയുടെ ഫോമിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാനഡക്കെതിരായ മത്സരത്തിലൂടെ കോലി ഫോമിലേക്കെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ കോലിക്ക് ഫോമിലേക്കെത്താനുള്ള അവസരം നഷ്ടമായി.

കൂടാതെ നെറ്റ്‌സ് പരിശീലനവും നടത്താനായിട്ടില്ല. കാനഡക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെക്ഷന്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു. അമേരിക്കയിലെ പിച്ചിലെ എക്‌സ്ട്രാ ബൗണ്‍സും പേസും മനസിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെട്ട് കളിക്കാനും കോലിക്ക് സാധിച്ചില്ല. ഓപ്പണറാവുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടതിനാല്‍ കോലി ശൈലി മാറ്റുകയായിരുന്നു. ഇതാണ് കോലിയുടെ മോശം പ്രകടനത്തിന് കാരണം.
മൂന്നാം നമ്പറിലേക്ക് കോലി ബാറ്റിങ് ഓഡര്‍ മാറ്റിയാല്‍ അല്‍പ്പനേരം പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഓപ്പണറാവുമ്പോള്‍ പവര്‍പ്ലേ മുതലാക്കാനുള്ള സമ്മര്‍ദ്ദം കോലിക്ക് മുകളിലുണ്ടാവും.
കൂടാതെ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് സമീപകാലത്തായി വലിയ ചര്‍ച്ചാ വിഷയമാണ്. ഇത് കോലിയെ വലിയ ഷോട്ട് കളിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കും. സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് വെസ്റ്റ് ഇന്‍ഡീസാണ് വേദി. ഇവിടുത്തെ സാഹചര്യം കോലിക്ക് അല്‍പ്പം കൂടി പരിചയമുള്ളതാണ്.
പക്ഷെ സ്പിന്നിനെതിരേ കോലിക്ക് ദൗര്‍ബല്യമുണ്ട്. അഫ്ഗാനും ഓസീസും ബംഗ്ലാദേശുമെല്ലാം മികച്ച സ്പിന്‍ കരുത്തുള്ള ടീമുകളാണ്. കോലിയുടെ മോശം ഫോമിനെ സ്പിന്നര്‍മാര്‍ മുതലാക്കിയാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടി നല്‍കുമെന്നുറപ്പാണ്. നിലവിലെ കോലിയുടെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നാല്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കത് അവസാനമിട്ടേക്കും.
പക്ഷെ അങ്ങനെ വരുമ്പോള്‍ ശിവം ദുബെയെ പുറത്തിരുത്തേണ്ടി വരും. ദുബെയുടെ വലിയ ഷോട്ട് കളിക്കാനുള്ള മികവിനെ നായകന്‍ രോഹിത് ശര്‍മ വിശ്വസിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ബൗളറെന്ന നിലയിലും ദുബെയെ ഉപയോഗിക്കാനാവും. ഇക്കാരണത്താല്‍ത്തന്നെ ദുബെ ടീമില്‍ വേണമെന്നതാണ് രോഹിത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ രോഹിത് കോലിയെ ഓപ്പണറാക്കി തന്നെ ഇറക്കാന്‍ താല്‍പര്യം കാട്ടുന്നു. സൂപ്പര്‍ എട്ടില്‍ കോലി, രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് ഫോമിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.