Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു നിര്‍ഭാഗ്യവാനാണോ? ഒരിക്കലുമല്ല! ഈ നേട്ടങ്ങള്‍ മറ്റാര്‍ക്കുണ്ട്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ സൂപ്പര്‍ എട്ടിലേക്ക് കടന്ന് മുന്നേറുകയാണ്. മത്സരം ആവേശകരമായി മുന്നോട്ട് പോകവെ ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്ന സഞ്ജു സാംസണിനെ തഴയുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏക മലയാളി താരമാണ് സഞ്ജു. ഐപിഎല്ലിലെ മിന്നല്‍ പ്രകടനം അദ്ദേഹത്തിന് മുന്നില്‍ ടി20 ലോകകപ്പിലേക്കുള്ള വഴി തുറന്നെങ്കിലും നാല് മത്സരങ്ങള്‍ കഴിയുമ്പോഴും ബെഞ്ചിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ടി20യിലെ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് അറിയാത്തവര്‍ ചുരുക്കമാണ്. വലിയ പ്രകടനം നടത്താന്‍ കഴിവുള്ള താരമായിട്ടും സഞ്ജുവിന് വേണ്ടത്ര അവസരം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. പ്രകടനംകൊണ്ട് കൈയടി നേടുമ്പോഴും ക്രിക്കറ്റ് ലോബികളുടെ താരാട്ട് പാട്ട് കേള്‍ക്കുന്ന പ്രമുഖര്‍ക്കായി സഞ്ജു എന്നും തഴയപ്പെടുന്നു. സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ഭാഗ്യവാനായ പ്രതിഭയെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ സഞ്ജു നിര്‍ഭാഗ്യവാനാണോ?

ഒരിക്കലുമല്ലെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് സഞ്ജുവിന് ലഭിച്ച അവസരങ്ങളാണ്. കേരള ക്രിക്കറ്റില്‍ നിന്ന് സഞ്ജുവിനെപ്പോലെ വളര്‍ന്ന മറ്റാരുണ്ട്?. സഞ്ജുവിന് മുമ്പ് കേരള ക്രിക്കറ്റില്‍ നിന്ന് ഭേദപ്പെട്ട കരിയര്‍ സൃഷ്ടിച്ച താരം ശ്രീശാന്താണ്. എന്നാല്‍ മോശം പെരുമാറ്റംകൊണ്ട് അഹങ്കാരിയെന്ന പേര് നേടിയെടുത്ത ശ്രീശാന്തിന് സംഭവിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട അധ്യായമാണ്. ശ്രീശാന്തിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സഞ്ജു.

കേരളം ആഭ്യന്തര ക്രിക്കറ്റിലെ വലിയ ശക്തികളല്ല. രഞ്ജി ട്രോഫിയിലടക്കം കാര്യമായൊന്നും അവകാശപ്പെടാനാവാത്ത കേരള ടീമില്‍ നിന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് തന്നെ മഹാ ഭാഗ്യമാണ്. ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി കളിച്ച സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നേടി ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. ഇന്ത്യന്‍ ടീമിലേക്ക് താന്‍ എത്തിയത് തന്നെ മഹാഭാഗ്യമാണെന്നും ഒരിക്കലും നിര്‍ഭാഗ്യവാനായി തോന്നുന്നില്ലെന്നും സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

sanju samson

ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കേരളത്തില്‍ നിന്ന് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയത് തന്നെ വലിയ ഭാഗ്യമായി കരുതാം. ഇനി ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജു ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഐപിഎല്‍ പോലെ ലോകം ശ്രദ്ധിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവുകയെന്നത് അത്ര ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഈ നേട്ടം മഹാ ഭാഗ്യം തന്നെയാണ്.

സഞ്ജുവിന്റെ കഴിവുകൊണ്ടാണ് അദ്ദേഹം ഈ സ്ഥാനത്തേക്കെത്തിയത്. രാജസ്ഥാന്റെ നായകസ്ഥാനമെന്നത് സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും സര്‍പ്രൈസായിരുന്നു. ഒരു തവണ ടീമിനെ ഫൈനലില്‍ കളിപ്പിച്ച സഞ്ജു അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്കുമെത്തിച്ചു. സഞ്ജുവിന്റെ നായകനെന്ന നിലയിലുള്ള വളര്‍ച്ചയും അഭിമാനിക്കാവുന്നതാണ്. കേരള ക്രിക്കറ്റില്‍ നിന്ന് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.

മറ്റൊരു കാര്യം സഞ്ജുവിന്റെ ആരാധക പിന്തുണയാണ്. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സഞ്ജുവിന് അവകാശപ്പെടാനാവില്ല. എന്നിട്ടും സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ വളരെ വലുതാണ്. ഇത് അധികം താരങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ഏറ്റവും ആരാധക പിന്തുണ ലഭിക്കുന്നവരിലൊരാള്‍ സഞ്ജുവാണ്. വിദേശ പര്യടനങ്ങളിലടക്കം സഞ്ജുവിനായി ആര്‍പ്പുവിളിക്കാന്‍ ആരാധകരെത്തുന്നു.

ഈ ഭാഗ്യവും സഞ്ജുവിന് ലഭിച്ചു. ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റുക എളുപ്പമല്ല. പല താരങ്ങളും ആരാധകരുടെ കണ്ണിലെ കരടാണെങ്കില്‍ സഞ്ജുവിന് ആരാധക ഹൃദയങ്ങളിലാണ് സ്ഥാനം. എന്തായാലും സഞ്ജുവിനെ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും ഭാഗ്യവാനായ താരമാണ് സഞ്ജുവെന്ന് നിസംശയം പറയാം.

Story first published: Saturday, June 22, 2024, 13:27 [IST]
Other articles published on Jun 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+