മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിന്ന് പുറത്തായ ടീമുകളില്‍ ഉള്‍പ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ ആദ്യ സംഘം അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. രോഹിത് ശര്‍മയും മുഹമ്മദ് സിറാജും റിഷഭ് പന്തും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമുള്‍പ്പെടെ പല പ്രധാന താരങ്ങളും ഒന്നാമത്തെ ഇന്ത്യന്‍ സംഘത്തോടൊപ്പം പോയിട്ടുണ്ട്. എന്നാല്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ഈ സംഘത്തോടൊപ്പമില്ല.
രണ്ട് പേരും ഒന്നാം തീയ്യതി ബംഗ്ലാദേശിനെതിരേ നടക്കുന്ന സന്നാഹ മത്സരവും കളിക്കില്ലെന്നാണ് വിവരം. ഇരുവരും സൂപ്പര്‍ താരങ്ങളും പ്ലേയിങ് 11ല്‍ സീറ്റ് ഉറപ്പുള്ളവരുമാണ്. എന്നാല്‍ ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പം സഞ്ജു സാംസണ്‍ പോയിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം പോകാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന്റെ വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടീമിനൊപ്പം അമേരിക്കയിലേക്ക് പോകാതിരുന്നത്. നിലവില്‍ സഞ്ജു ദുബായിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ ചാരുലതയും ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ കുടുംബപരമായ കാരണങ്ങളാലാണ് അദ്ദേഹം ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പം പോകാത്തതെന്നാണ് വിവരം.
സഞ്ജു സാംസണ്‍ അടുത്ത സംഘത്തിനൊപ്പമേ അമേരിക്കയിലേക്ക് പോകൂ. ഈ സംഘത്തില്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമുണ്ടാവും. എന്നാല്‍ അങ്ങനെ പോവുമ്പോള്‍ സഞ്ജുവിന് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം നഷ്ടമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്തായാലും സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇന്ത്യന്‍ ടീമില്‍ രണ്ടാം നമ്പര്‍ കീപ്പര്‍ സ്ഥാനമാവും സഞ്ജുവിനുണ്ടാവുക.

ഒന്നാം നമ്പര്‍ കീപ്പറാവുക റിഷഭ് പന്താവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് മധ്യനിരയില്‍ ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സഞ്ജുവിനെ മറികടന്ന് റിഷഭാവും പ്ലേയിങ് 11ലെത്തുക. റിഷഭ് പന്ത് ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ സഞ്ജുവിനെക്കാള്‍ മികവ് റിഷഭിനുണ്ട്. സഞ്ജു പ്ലേ ഓഫില്‍ രാജസ്ഥാനൊപ്പം നിരാശപ്പെടുത്തിയിരുന്നു.
17, 10 എന്നിങ്ങനെയാണ് സഞ്ജുവിന്റെ പ്ലേ ഓഫിലെ പ്രകടനം. പ്രധാന മത്സരങ്ങളിലെല്ലാം റിഷഭാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിന് ചെറിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ അവസരം ലഭിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ മത്സരത്തിലും സഞ്ജു പ്ലേയിങ് 11 പുറത്തിരുന്നാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം കൂടുതലാണ്.
അതുകൊണ്ടുതന്നെ റിഷഭിനെപ്പോലൊരു മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും സഞ്ജുവിനെക്കാള്‍ വിശ്വസിക്കുക റിഷഭിനെയാവും. സഞ്ജുവിന് റിഷഭിനെ മറികടക്കാനുള്ള അവസരം ലഭിച്ചതാണെങ്കിലും വേണ്ടവിധം ഉപയോഗിക്കാനായില്ല. പ്ലേ ഓഫില്‍ സഞ്ജു ഫ്‌ളോപ്പായതോടെ അദ്ദേഹം ടി20 ലോകകപ്പില്‍ പ്ലേയിങ് 11ലെത്താനുള്ള സാധ്യതയും കുറഞ്ഞു.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്പിന്നിന് വളരെ പ്രാധാന്യമുണ്ട്. നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. പേസ് നിരയും ബാറ്റിങ് നിരയും ശക്തമാണ്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടേയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാരണങ്ങളേറെയാണെന്ന് പറയാം. നാട്ടില്‍ ലോകകപ്പ് കൈവിട്ട ഇന്ത്യക്ക് ഇത്തവണ ലോകകപ്പ് നേടേണ്ടത് അത്യാവശ്യമാണ്.