ടി20 ലോകകപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പോലെ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. തോല്‍വിയറിയാതെ കുതിക്കുന്ന രോഹിത് ശര്‍മയും സംഘവും സെമി ഫൈനലിനു കൈയെത്തുംദൂരത്താണ്. സൂപ്പര്‍ എട്ടിലെ മൂന്നു മല്‍സരങ്ങളില്‍ ആദ്യത്തെ രണ്ടിലും ഇന്ത്യ ജയിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള അവസാന മല്‍സരം കൂടി ജയിച്ചാല്‍ ഇന്ത്യക്കു ഒന്നാംസ്ഥാനക്കാരായി തന്നെ സെമി ഫൈനലില്‍ കടക്കാം.
ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ ഇത്തവണ അവസാനിപ്പിക്കുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പക്ഷെ ഇന്ത്യയുടെ വലിയൊരു ദൗര്‍ബല്യം ഈ ടൂര്‍ണമെന്റില്‍ ഇതിനകം പുറത്തായിക്കഴിഞ്ഞു. പക്ഷെ മറ്റു ടീമുകള്‍ക്കൊന്നും ഇതു മുതലാക്കാനായിട്ടില്ല. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ഓസ്ട്രലിയന്‍ ടീം ഈ വീക്ക്‌നെസ് മുതലാക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ ഈ ദൗര്‍ബല്യം എന്താണെന്നു നമുക്കു നോക്കാം.

റണ്‍ചേസാണ് ഇന്ത്യയുടെ പ്രധാന വീക്ക്‌നെസായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കളിച്ചിട്ടുള്ള മല്‍സരങ്ങള്‍ നോക്കിയാല്‍ രണ്ടെണ്ണത്തില്‍ റണ്‍ചേസിലും ശേഷിച്ച രണ്ടെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്തപ്പോഴുമാണ് വിജയിച്ചിട്ടുള്ളത്. അയര്‍ലാഡുമായുള്ള ആദ്യ കളിയില്‍ റണ്‍ചേസില്‍ എട്ടു വിക്കറ്റിനും ഗ്രൂപ്പുഘട്ടത്തില്‍ തന്നെ അമേരിക്കയ്‌ക്കെതിരേ ഏഴു വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു.
ശേഷിച്ച മല്‍സരങ്ങളില്‍ ചിരവെരികളായ പാകിസ്താനെിരേ ആറു റണ്‍സിനും സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താനെതിരേ 47 റണ്‍സിനും ബംഗ്ലാദേശിനെതിരേ 50 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഒന്നില്‍പ്പോലും ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ക്കു ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനായിട്ടില്ലെന്നു കാണാ. മധ്യനിരയോ, ലോവര്‍ ഓര്‍ഡറോയാണ് ഇന്ത്യയെ സ്ഥിരമായി രക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം ബൗളര്‍മാരുടെ ഗംഭീര പ്രകടനം വിജയം എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടങ്ങുന്ന ഓപ്പണിങ് ജോടി ടൂര്‍ണമെന്റില്‍ ഇതുവരെയും ക്ലിക്കായിട്ടില്ല. രണ്ടു പേര്‍ക്കും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. രണ്ടിലൊരാള്‍ 15 ഓവറെങ്കിലും ബാറ്റ് ചെയ്യേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ റണ്‍ചേസില്‍ ഇന്ത്യക്കു ശക്തമയ അടിത്തറയിടാന്‍ സാധിക്കുകയുള്ളൂ.
മൂന്നാം നമ്പറില്‍ കളിക്കുന്ന റിഷഭ് പന്തിനെ ഒരിക്കലും ഇന്ത്യക്കു വിശ്വസിക്കാന്‍ സാധിക്കില്ല. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയെന്ന തരത്തില്‍ കണ്ണും പൂട്ടിയടിക്കുന്ന ശൈലിയാണ് റിഷഭിന്റേത്. പല മല്‍സരങ്ങളിലും എതിര്‍ ടീം ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ പാഴാക്കി ആയുസ് നീട്ടിക്കൊടുത്തതു കാരണമാണ് റിഷഭിനു ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിക്കാനായത്.
അല്ലായിരുന്നെങ്കില്‍ ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്താവുകമായിരുന്നു. റിഷഭ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇനിയുള്ള മല്‍സരങ്ങളില്‍ ബാറ്റ് ചെയ്‌തേ തീരൂ. മാത്രമല്ല ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അവസാനം വരെ തുടരാനും ശ്രമിക്കേണ്ടതുണ്ട്.

നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ് രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഇതിനകം നേടിയത്. ബാക്കിയുള്ളവയില്‍ ഫ്‌ളോപ്പാവുകയും ചെയ്തു. അഞ്ചാമനായ ശിവം ദുബെയുടെ കാര്യമെടുത്താല്‍ ബംഗ്ലാദേശുമായുള്ള അവസാന മല്‍സരത്തില്‍ മാത്രമേ ഭേദപ്പെട്ട ഇന്നിങ്സ് കളിച്ചിട്ടുള്ളൂ. ഈ തരത്തില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവിനു ഒട്ടും തന്നെ സ്ഥിരതയില്ലെന്നു ഉറപ്പിച്ചുപറയാം.
റണ്‍ചേസില്‍ ഇന്ത്യക്കു പണി കിട്ടാന്‍ പോവുന്നതും ഈ കാരണം കൊണ്ടു തന്നെ. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാവും. രോഹിത്തും കോലിയും പതിവുപോലെ പെട്ടെന്നു തന്നെ പുറത്താവുകയും റിഷഭ് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയും ചെയ്താല്‍ റണ്‍ചേസില്‍ ഇന്ത്യ കുഴപ്പത്തിലാവും.
മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി അടുത്തടുത്ത് വിക്കറ്റുകള്‍ ഇന്ത്യ കൈവിടുന്നത് മുന്‍ മല്‍സരങ്ങളിലെല്ലാം കണ്ടിട്ടുണ്ട്. പാകിസ്താനെതിരേ മൂന്നിന് 89ല്‍ നില്‍ക്കെയാണ് ഇന്ത്യ 119ന് ഓള്‍ഔട്ടായത്. അഫ്ഗാനുമായുള്ള സൂപ്പര്‍ എട്ട് മല്‍സസത്തില്‍ നാലിന് 149ല്‍ നിന്നും ഏഴിന് 165ലേക്കും ഇന്ത്യ വീണിരുന്നു. ഈ തരത്തിലുള്ള കൂട്ടത്തകര്‍ച്ച ഇനിയുള്ള മല്‍സരങ്ങളില്‍ ഒഴിവാക്കേണ്ടതും പ്രധാനമാണ്. ഇന്ത്യയുടെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് കഴിഞ്ഞ മല്‍സരത്തിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ തുറന്നു പറയുകയും ചെയ്തിരുന്നു.