ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. ആവേശകരമായ ഫൈനലില്‍ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലാണുള്ളത്. രണ്ടാം ടി20 ലോകകപ്പ് കിരീടം മോഹിച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ കന്നി ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. രണ്ട് ടീമും തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ആരാവും ജയിക്കുകയെന്ന് പ്രവചിക്കുക പോലും കടുപ്പം.
ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണെങ്കിലും ഐസിസിയുടെ തീരുമാനം ഇന്ത്യന്‍ താരങ്ങളേയും ആരാധകരേയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്. ഫൈനലിലെ അംപയര്‍മാരുടെ പാനലില്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയുള്ളതാണ് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നത്. കാരണം കെറ്റില്‍ബറോ അംപയറായി നിന്ന പ്രധാന നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റിട്ടുണ്ടെന്നതാണ് ചരിത്രം. ഇന്ത്യയെ സംബന്ധിച്ച് നിര്‍ഭാഗ്യത്തിന്റെ അടയാളമാണ് കെറ്റില്‍ബറോ. ഇത്തവണയും കെറ്റില്‍ബറോ ഇന്ത്യയുടെ വില്ലനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ കെറ്റില്‍ബറോയായിരുന്നു അംപയര്‍മാരിലൊരാള്‍. അതുവരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു. ഇവിടംകൊണ്ട് തീര്‍ന്നില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോഴും അംപയറായി കെറ്റില്‍ബറോയുണ്ടായിരുന്നു. ഏറ്റവും ഒടുവിലാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലാണ് കെറ്റല്‍ബറോ ഇന്ത്യയുടെ വില്ലനായത്.
ഇന്ത്യയുടെ സ്വന്തം തട്ടകത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റപ്പോഴും സാക്ഷിയായി കെറ്റല്‍ബറോയുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു ഫൈനലിന് കെറ്റല്‍ബറോ അംപയറായി എത്തുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. ക്രിക്കറ്റില്‍ ഭാഗ്യത്തിന് പ്രാധാന്യമേറെയാണ്. കെറ്റല്‍ബറോയെപ്പോലൊരു അംപയര്‍ ദുര്‍നിമിത്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് കിരീട നേട്ടം കടുപ്പമായി മാറുമെന്നുറപ്പാണ്.

കെറ്റില്‍ബറോയുടെ സാന്നിധ്യം മാനസികമായി ഇന്ത്യയെ തളര്‍ത്തുന്ന ഘടകമാണ്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റപ്പോഴും കെറ്റില്‍ബറോയായിരുന്നു അംപയര്‍. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് നാണംകെട്ടപ്പോള്‍ അംപയറായി അദ്ദേഹമുണ്ടായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റപ്പോഴും ദുര്‍നിമിത്തമായി കെറ്റില്‍ബറോയുണ്ടായിരുന്നു.
എന്നാല്‍ ഓണ്‍ഫീല്‍ഡ് അംപയറായി കെറ്റില്‍ബറോ ഉണ്ടാകില്ലെന്നതാണ് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം. അംപയര്‍ പാനലില്‍ ഉള്‍പ്പെട്ട അദ്ദേഹം പ്രത്യേക സാഹചര്യം ഉണ്ടായി ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ക്ക് പ്രയാസമുണ്ടായാല്‍ മാത്രമെ കളത്തിലേക്കെത്തുകയുള്ളൂ. അല്ലാത്ത പക്ഷം അദ്ദേഹത്തിന് മൈതാനത്തിറങ്ങേണ്ട ആവശ്യമുണ്ടാവില്ല. ഇത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. കെറ്റില്‍ബറോ മൈതാനത്തുണ്ടെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായി ക്രിസ് ഗഫാനിയും റിച്ചാര്‍ഡ് ഇല്ലിംഗര്‍ത്തും മാച്ച് റഫറിയായി റിച്ചി റിച്ചാര്‍ഡ്‌സനുമാണുള്ളത്. എന്തായാലും ഇവര്‍ ഇന്ത്യയുടെ നിര്‍ഭാഗ്യമായി മാറില്ലെന്നാണ് മുന്‍ ചരിത്രം വ്യക്തമാക്കുന്നത്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇത്തവണത്തെ ഫൈനല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ 11 വര്‍ഷത്തെ കാത്തിരിപ്പിടാനാണ് ആഗ്രഹിക്കുന്നത്. 2013ലാണ് ഇന്ത്യ അവസാനമായി ടി20 ലോകകപ്പ് കിരീടം നേടിയത്.
അതിന് ശേഷം പല തവണ സെമിയിലും ഫൈനലിലും എത്തിയെങ്കിലും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍ ഇന്ത്യയാണ്. ഇടവേളക്ക് ശേഷം രണ്ടാം കിരീടമാണ് ഇന്ത്യ മോഹിക്കുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 32 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്.
സുവര്‍ണ്ണാവസരം പാഴാക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായേക്കില്ല. രണ്ട് ടീമും താരസമ്പന്നമാണ്. ഇരു കൂട്ടരും തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയതും. അതുകൊണ്ടുതന്നെ കിരീട പോരാട്ടത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ റിസര്‍വ് ദിനമുള്ളതിനാല്‍ ഏത് വിധേനെയും മത്സരം പൂര്‍ത്തിയാക്കും.