ന്യൂയോര്‍ക്ക്: അമേരിക്കയുമായുള്ള ടി20 ലോകകപ്പില മൂന്നാംറൗണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍. ഈ മല്‍സരത്തില്‍ ഒരോവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചിരുന്നില്ല. ബാറ്റിങിലാവട്ടെ ജഡ്ഡുവിനു ഇറങ്ങേണ്ടിയും വന്നില്ല. ഇതിനു പിന്നാലെയാണ് ആരാധകര്‍ ആഞ്ഞടിച്ചത്.
ആറു ബൗളര്‍മാരെയാണ് അമേരിക്കയ്‌ക്കെതിരേ രോഹിത് പരീക്ഷിച്ചത്. ഇക്കൂട്ടത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയുമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് അദ്ദേഹത്തിനു ബൗളിങില്‍ നറുക്കുവീണത്. ഒരോവറാണ് ദുബെയെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിച്ചത്. 11 റണ്‍സ് ഈ ഓവറില്‍ താരം വിട്ടുകൊടുക്കുകയും ചെയ്തു. ദുബെ വരെ ബൗള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ജഡേജയ്ക്കു ഒരോവര്‍ പോലും നല്‍കാതിരുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളാണ് ജഡേജ. ബാറ്റിങിലും ബൗളിങിലും യാതൊരു സംഭാവനയും നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. അയര്‍ലാന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ജഡ്ഡു ബൗള്‍ ചെയ്തിരുന്നെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ബാറ്റിങെടുത്താല്‍ പാകിസ്താനെതിരേ മാത്രമാണ് അദ്ദേഹത്തിനു അവസരം കിട്ടിയത്. ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയും ചെയ്യുകയായിരുന്നു.
എന്നിട്ടും അമേരിക്ക്‌ക്കെതിരേ ജഡേജയെ ടീമിലുള്‍പ്പെടുത്തിയതിന് എതിരേയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തുവന്നത്. രവീന്ദ്ര ജഡേജയുടെ ഇന്ത്യന്‍ ടീമിലെ റോള്‍ ശരിക്കുമെന്താണ്? അമേരിക്കയ്‌ക്കെതിരേ അദ്ദേഹത്തിനു ഒരോവര്‍ പോലും ബൗള്‍ ചെയ്യേണ്ടി വന്നില്ല. അപ്പോള്‍ പിന്നെ സ്‌പെഷ്യലിസ്റ്റ് ഫീല്‍ഡറായാണോ ജഡ്ഡു ഇലവനിലേക്കു വന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയ്ക്കു പ്രത്യേക ക്വാട്ടയുണ്ടോ? ബാറ്റിങ് നേരത്തേ തന്നെയില്ല. ബൗളിങിലും ഉപാേഗിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഗഹത്തെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ജഡേജയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണിനെയോ, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെയോ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമേരിക്കയ്‌ക്കെതിരേ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ജയത്തോടെ സൂപ്പര്‍ എട്ടിലേക്കു ഇന്ത്യ മുന്നേറുകയും ചെയ്തു. ടോസിനു ശേഷം നായകന്‍ രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ ഞെട്ടിക്കുന്ന ബാറ്റിങാണ് അമേരിക്കന്‍ ടീം കാഴ്ചവച്ചത്. എട്ടു വിക്കറ്റിനു 110 റണ്‍സ് നേടാന്‍ അവര്‍ക്കു കഴിഞ്ഞു.

25 റണ്‍സെടുത്ത നിതീഷ് കുമാറാണ് അമേരിക്കയുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ 24 റണ്‍സും നേടി. നാലു വിക്കറ്റുകള്‍ പിഴുത അര്‍ഷ്ദീപ് സിങാണ് അമേരിക്കയെ 130 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കടുപ്പമായി മാറിയേനെ. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങില്‍ തുടക്കത്തില്‍ വിറച്ച ശേഷമാണ് ഇന്ത്യ രക്ഷപ്പെട്ടത്. വിരാട് കോലി ഗോള്‍ഡന്‍ ഡെക്കാവുകയും രോഹിത് മൂന്നു റണ്‍സിനു പുറത്താവുകയും ചെയ്തപ്പോള്‍ ഇന്ത്യ അട്ടിമറി തോല്‍വി മണത്തിരുന്നു. റിഷഭ് പന്തും (18) ഈ മല്‍സരത്തില്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ (50*) ഫിഫ്റ്റിയും ശിവം ദുബെയുടെ (31*) ഇന്നിങ്‌സും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 18.2 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു.