For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിനെ ഇഷാന്‍ ഓവര്‍ടേക്ക് ചെയ്യും! ഇന്ത്യന്‍ ടീമിലെത്തും, ഈ കാരണങ്ങള്‍

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി ത്രികോണ പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇഷാന്‍ കിഷന്‍, മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരാണ് വിക്കറ്റ് കീപ്പറുടെ സ്ഥാനം മോഹിച്ച് മല്‍സരരംഗത്തുള്ളത്. ഇവരില്‍ രണ്ടു പേര്‍ക്കായിരിക്കും വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഇടം ലഭിക്കുക. ഇതില്‍ ഒരാള്‍ ജിതേഷായിരിക്കുമെന്നാണ് സൂചന. രണ്ടാമനാവാന്‍ ഇഷാനും സഞ്ജുവുമാണ് രംഗത്ത്.

സമീപകാലത്തു ടീം മാനേജ്‌മെന്റിന്റെ അതൃപ്തിക്കു പാത്രമായി ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ലോകകപ്പില്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കു വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണായിരിക്കും ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമായി മാറുകയെന്നാണ് വിവരം.

ISHAN KISHAN

ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെയാണ് വേണ്ടതെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഇഷാനും രാജസ്ഥാന്‍ റോയല്‍ല്‍സിനായി സഞ്ജുവിനും ബാറ്റിങില്‍ കസറേണ്ടതുണ്ട്. പക്ഷെ ചില കാര്യങ്ങളാണ് സഞ്ജുവിനു ഇവിടെ തിരിച്ചടിയാവുന്നത്. ഇതിലൊന്ന് ഇഷാനെപ്പോലെ അദ്ദേഹത്തിനു ബാറ്റിങില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരായെന്നതാണ്.

റോയല്‍സ് ക്യാപ്റ്റനായതിനാല്‍ തന്നെ ടീമിന്റെ പ്രകടനവും സഞ്ജുവിനു ഏറെ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാറ്റിങില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ തവണ റോയല്‍സിനെ പ്ലേഓഫിലെത്തിക്കാന്‍ സഞ്ജുവിനായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ടീമിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുന്നതോടൊപ്പം ബാറ്റിങിലും തിളങ്ങുകയെന്നത് സഞ്ജുവിനു കടുപ്പമാവും.

മറുഭാഗത്തു ഇഷാന് അത്തരം ആശങ്കകളൊന്നും തന്നെയില്ല. ഓപ്പണിങില്‍ രോഹിത് ശര്‍മയോടൊപ്പം പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് മാത്രം അദ്ദേഹത്തിനു ആലോചിച്ചാല്‍ മതി. ഈ കാരണത്താല്‍ തന്നെ സഞ്ജുവിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഇഷാന് വരാനിരിക്കുന്ന സീസണില്‍ സ്‌കോര്‍ ചെയ്യാനും കഴിഞ്ഞേക്കും.

ഇഷാന് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു കാര്യം ഫ്‌ളോപ്പാവുമ്പോള്‍ അധികം ക്രൂശിക്കപ്പെടാറില്ലെന്നതാണ്. ഇഷാനേക്കാള്‍ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു. അതുപോലെ തന്നെ അദ്ദേഹത്തിനു ശത്രുക്കളും കുറവല്ല. ഈ കാരണത്താല്‍ തന്നെ സഞ്ജു ബാറ്റിങില്‍ നിരാശപ്പെടുത്തുമ്പോഴെല്ലാം വളരെയധികം വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങാറുമുണ്ട്. മറുഭാഗത്ത് ഇഷാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിനോളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുമില്ല. ഇതും സഞ്ജുവിന്റെ സമ്മര്‍ദ്ദം ഇരട്ടിയാക്കുന്ന ഘടകമാണ്.

SANJU SAMSON

ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഇഷാന് എല്ലായ്‌പ്പോഴും ലഭിച്ചുപോരുന്ന പിന്തുണയാണ് ലോകകപ്പില്‍ അദ്ദേഹത്തിനു തുണയാവാന്‍ പോവുന്ന മറ്റൊരു കാര്യം. ഇപ്പോള്‍ അല്‍പ്പം പിണക്കത്തിലാണെങ്കിലും ഇഷാനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനുമെല്ലാം വലിയ മതിപ്പാണുള്ളത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മുംബൈയ്ക്കായി ഒരുമിച്ച് കളിക്കവെ രോഹിത്തും ഇഷാനും തമ്മിലുള്ള സൗഹൃദം വീണ്ടും ദൃഢമാവാനുള്ള സാധ്യതയും കൂടുതലാണ്.

മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തുന്നതിനൊപ്പം രോഹിത്തുമായുള്ള അടുപ്പവും ഇഷാനെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ സഹായിക്കുകയും ചെയ്യും. പക്ഷെ സഞ്ജുവിനു ഈ തരത്തില്‍ രോഹിത്തുമായോ മറ്റുള്ളവരുമായോ വലിയ അടുപ്പമൊന്നുമില്ല. അതുകൊണ്ടു തന്നെ ഇഷാന്റെ പേര് തന്നെയായിരിക്കും ലോകകപ്പ് ടീം പ്രഖ്യാപന വേളയില്‍ ആദ്യം ഉയര്‍ന്നു വരികയെന്ന കാര്യമുറപ്പാണ്.

ലോകകപ്പില്‍ സഞ്ജുവിനെതിരേ ഇഷാന് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു കാര്യം ഇടംകൈന്‍ ബാറ്ററാണെന്നതാണ്. വലംകൈയന്മാര്‍ക്കു പ്രാധാന്യമുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ കൂടുതല്‍ ഇടംകൈയന്‍ ബാറ്റര്‍മാരെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കും. ഇതു ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ വൈവിധ്യം നല്‍കുന്നതിനൊപ്പം എതിര്‍ ടീം ബൗളര്‍മാര്‍ക്കു വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ കാര്യം കൂടി പരിഗണിക്കുമ്പോല്‍ സഞ്ജുവിനു പകരം ഇഷാനായിരിക്കും ഇന്ത്യ മുന്‍തൂക്കം നല്‍കുകയെന്ന് കാണാം.

Story first published: Sunday, February 11, 2024, 11:47 [IST]
Other articles published on Feb 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+