രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് ടി20 ലോകകപ്പിനു കച്ചമുറുക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മുന്‍നിര ബാറ്റര്‍മാര്‍ ഒട്ടും തന്നെ ബൗള്‍ ചെയ്യുന്നില്ലെന്നതു ഇന്ത്യയുടെ വലിയൊരു പോരായ്മ തന്നെയാണെന്നാണ് ഇര്‍ഫാന്‍ തുറന്നടിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ചു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച അയര്‍ലാന്‍ഡുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. മികച്ചൊരു വിജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം. നേരത്തേ നടന്ന സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. ഈ മല്‍സരത്തില്‍ ശിവം ദുബെയടക്കം എട്ടു പേരെയാണ് ബൗളിങില്‍ രോഹിത് പരീക്ഷിച്ചത്.

നിലവില്‍ തിരഞ്ഞെടുത്തിരിക്കുന്ന ലോകകപ്പ് ടീമിനെ വിലയിരുത്തുമ്പോള്‍ രണ്ടു കോമ്പിനേഷനുകളാണ് ഇന്ത്യക്കു പരീക്ഷിക്കാന്‍ സാധിക്കുകയെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ഒരു കോമ്പിനേഷനില്‍ ഇന്ത്യക്കു അക്ഷര്‍ പട്ടേലടക്കം ആറു ബൗളര്‍മാരെ കളിപ്പിക്കാന്‍ സാധിക്കും. ഇതു ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയും ചെയ്യും. രണ്ടാമത്തെ കോമ്പിനേഷനില്‍ നാലു മുന്‍നിര ബൗളര്‍മാരെ ഇറക്കി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെയും ബൗളിങില്‍ ഉപയോഗിക്കേണ്ടി വരുമെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.
ഇന്ത്യക്കു മുന്നില്‍ വേറെയും ഒരു ഓപ്ഷന്‍ കൂടിയുണ്ട്. നെറ്റ്‌സില്‍ ബൗള്‍ ചെയ്യാറുള്ള യുവതാരം യശസ്വി ജയ്‌സ്വാളിനെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കുകയെന്നതാണ് ഇത്. നെറ്റ്‌സില്‍ സ്ഥിരമായി ബൗള്‍ ചെയ്യാറുണ്ടെന്നു ഐപിഎല്ലിനിടെ ശിവം ദുബെയും പരാമര്‍ശിച്ചിരുന്നു. ലോകകപ്പില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ തയ്യാറാടെുക്കുകയാണെന്നും താരം പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ വ്യക്തമാക്കി.
മുന്‍നിര ബാറ്റര്‍മാര്‍ ബൗളിങില്‍ സംഭാവന ചെയ്യാതിരിക്കുന്നത് ഇന്ത്യയെ വൈകല്യമുള്ളവരാക്കി മാറ്റുന്നതായും മറ്റു ടീമുകളിലെ മുന്‍നിരയിലുള്ളവര്‍ ബൗളിങും ചെയ്യാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്- നാലു ഓവറുകള്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ ഈ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കും. നമ്മുടെ മറ്റു ബാറ്റര്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകമാര്‍ യാദവ് എന്നിവരൊന്നും ബൗള്‍ ചെയ്യുന്നില്ല. ഇവരില്‍ ആരെങ്കിലുമൊരാള്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ അതു ടീമിനു വളരെയധികം ഗുണം ചെയ്‌തേനെ.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെക്കുറിച്ചെല്ലാം നമ്മള്‍ സംസാരിക്കാറുണ്ട്. അവരുടെ ടോപ്പ് സെവനിലെ ബാറ്റര്‍മാരെയെടുത്താല്‍ ഒരുപാട് ഓള്‍റൗണ്ടര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, വില്‍ ജാക്കസ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ ബൗളിങ് ഓപ്ഷനുകളുള്ളത് എല്ലായ്‌പ്പോഴും നല്ലതാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും വൈകല്യമുള്ളവര്‍ തന്നെയാണെന്നും ഇര്‍ഫാന്‍ വിലയിരുത്തി.
ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയുടെ വീക്ക്‌നെസ് തന്നെയാണെന്നു ഇതേ ഷോയില്‍ പങ്കെടുത്ത മുന്‍ താരം സഞ്ജയ് ബാംഗറും ചൂണ്ടിക്കാട്ടി. വേണ്ടത്ര ഓള്‍റൗണ്ടര്‍മാരില്ലെന്നതു ഇന്ത്യയുടെ വീക്ക്‌നെസ് തന്നെയാണ്. ഓസ്‌ട്രേലിയയെ നോക്കൂ. മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം നാലോവര്‍ വീതം ബൗള്‍ ചെയ്യാന്‍ കഴിയുന്നവരാണ്. അതുകൊണ്ടായിരിക്കാം ഈ ലോകകപ്പില്‍ ശിവം ദുബെയെ ടീമിലേക്കു ഇന്ത്യ കൊണ്ടു വന്നതെന്നു കരുതുന്നുവെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.