ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ജയത്തോടെ തന്നെ തുടങ്ങിയതില്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. അയര്‍ലാന്‍ഡിനെതിരേ ഏകപക്ഷീയ വിജയത്തോടെയാണ് രോഹിത് ശര്‍മയും സംഘവും ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറന്നത്. ഗ്രൂപ്പ് ജേതാക്കളായി തന്നെ ഇത്തവണ സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പക്ഷെ സെമി ഫൈനലിലോ, ഫൈനലിലോ അടിതെറ്റുന്ന ദുശീലം ഇത്തവണയെങ്കിലും മാറ്റാനായാല്‍ മാത്രമേ ലോകകപ്പുമായി ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുകയുള്ളൂ.
നിര്‍ണായക മല്‍സരങ്ങളില്‍ സമ്മര്‍ദ്ദം കാരണം തോല്‍വിയിലേക്കു വീഴുന്ന പതിവ് മാറ്റാന്‍ ഇന്ത്യന്‍ ടീം എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ചായ പാഡി അപ്റ്റണ്‍. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ സമ്മര്‍ദ്ദത്തെ നന്നായി നേരിടാന്‍ സാധിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂവെന്നും അപ്റ്റണ്‍ ചൂണ്ടിക്കാട്ടി.

സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിനെ അംഗീകരിക്കുകയെന്നതാണ്. സമ്മര്‍ദ്ദത്തെ അവഗണിക്കുകയോ, വില കുറച്ചു കാണുകയോ ചെയ്യാന്‍ പാടില്ല. വലിയ മല്‍സരങ്ങള്‍ എല്ലായ്‌പ്പോഴും വലിയ മല്‍സരങ്ങള്‍ ആണെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷം ചെയ്യേണ്ടത് എല്ലാ മല്‍സരങ്ങളും ഫൈനല്‍ പോലെയാണെന്ന തരത്തില്‍ കളിക്കാരെ പരിശീലിപ്പിച്ചെടുക്കുകയെന്നതാണ്.
ഫൈനലെന്നതു പോലെയായിരിക്കണം ഓരോ തവണയും കളിക്കാര്‍ പരിശീലനം നടത്തേണ്ടത്. ഓരോ റൗണ്ട് റോബിന്‍ മല്‍സരത്തെയും ഫൈനലെന്നതുപോലെ തന്നെ സമീപിക്കണം. സമ്മര്‍ദ്ദത്തെയും ഭയത്തെയും നിരന്തരം നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ അതിനെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ താരങ്ങളെ സഹായിക്കുകയും ചെയുമെന്നും അപ്റ്റണ്‍ വിശദമാക്കി.
ഓരോ മല്‍സരത്തിന്റെയും പ്രാധാന്യം അനുസരിച്ച് സമ്മര്‍ദ്ദത്തിന്റെ തോതും കൂടിക്കൊണ്ടിരിക്കും. ടീം ജയിക്കാന്‍ എത്ര മാത്രം ആഗ്രഹിക്കുന്നോ അത്രത്തോളം സമ്മര്‍ദ്ദം അവര്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ടീം എല്ലായ്‌പ്പോഴും ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുക.
അതുകൊണ്ടു തന്നെ ഈ ടീമിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദവുമുണ്ടായിരിക്കും. എന്നാല്‍ കിരീട ഫേവറിറ്റുകളല്ലാത്ത ടീമുകള്‍ക്കു ഈ വെല്ലുവിളിയില്ല. ഒന്നും തന്നെ നഷ്ടപ്പെടാനില്ലെന്ന ധൈര്യം അവരെ അധികം സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അപ്റ്റണ്‍ നിരീക്ഷിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ എംഎസ് ധോണി, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരെല്ലാം അതീവ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരാണ്. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാം. ഇത്തരം ഘട്ടങ്ങളില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. അതുകൊണ്ടു തന്നെ കൂടുതല്‍ ഏകാഗ്രതയോടെ അതില്‍ ശ്രദ്ധ ക്രേന്ദീകരിക്കാനും ഇവര്‍ക്കു കഴിയും.
ഗംഭീറിന്റെ കാര്യമെടുത്താല്‍ മാനസികമായി വളരെ കരുത്തുറ്റയാളാണ്. പാറയെന്നായിരുന്നു ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കേസ്റ്റണ്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. 2011ലെ ലോകകപ്പ് ഫൈനലിേേലതു പോലെയുള്ള ഇന്നിങ്‌സുകള്‍ ഗംഭീര്‍ കളിക്കുന്നതില്‍ എനിക്കൊരു അദ്ഭുതവും തോന്നിയിട്ടില്ല.
അന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് ഗംഭീര്‍. കൂടുതല്‍ താരങ്ങളും ഇങ്ങനെയൊരു കഴിവോടെയാണ് ജനിക്കുന്നതെന്നു ഞാന്‍ കരുതുന്നു ചിലരാവട്ടെ വളരെ ചെറുപ്പത്തില്‍ തന്നെ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചരങ്ങളില്‍ എങ്ങനെ കളിക്കണമെന്നു പഠിച്ചെടുക്കുന്നവരുമാണെന്നും അപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.