ലോകോത്തര കളിക്കാരുണ്ടായിട്ടും കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഒരു ഐസിസി ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് ഇന്ത്യ. 2013ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം ഒരു ഐസിസി ടൂര്‍ണമെന്റും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യയുടെ കിരീടവരള്‍ച്ചയ്ക്കു കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരം ഡേവിഡ് ലോയ്ഡ്.
റിസ്‌ക്കുകളെടുക്കുന്നില്ലെന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതേ കാര്യം നേരത്തേയും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരക്ഷിതമായി കളിക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നതെന്നും പരിചിതമായ മുഖങ്ങളെയാണ് ഇന്ത്യ എല്ലായ്‌പ്പോളും ടീമിലുള്‍പ്പെടുത്തുന്നതെന്നുമെല്ലാം പലരും നേരത്തേും വിര്‍ശിച്ചിരുന്നു. സമാനമായ അഭിപ്രായം തന്നൊണ് ലോയ്ഡിനുമുള്ളത്.

ഇന്ത്യ വളരെ പ്രവചനീയമായ ടീമാണ്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ കഴിയുന്ന വീരേന്ദര്‍ സെവാഗിനപ്പോലെയുള്ള താരത്തെയാണ് ഇന്ത്യക്കു ആവശ്യമുള്ളത്. ഇന്ത്യയുടെ മികവിനെ എതിരാളികളും അംഗീകരിക്കുന്നതായി ഞാന്‍ കരുതുന്നു. പക്ഷെ ഇന്ത്യന്‍ ടീം ബാറ്റോ, ബോളോ കൊണ്ട് റിസ്‌ക്കുകളെടുക്കില്ലെന്നും അവര്‍ക്കറിയാം. കളിയില്‍ ഇന്ത്യക്കു അവരുടേതായ മുഹൂര്‍ത്തങ്ങളുണ്ടാവും. പക്ഷെ അവര്‍ വലിയ ഭീഷണിയുയര്‍ത്തില്ല.
പരാജയപ്പെടുമോയെന്ന ഭീതിയാണ് ഇന്ത്യന്‍ ടീമിനുള്ളത്. നിങ്ങള്‍ക്കു അതു വേണ്ടതു തന്നെയാണ്. പക്ഷെ അതോടൊപ്പം നിങ്ങള്‍ സ്വയം പിന്തുണയ്ക്കുകയും മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയും വേണമെന്നും ലോയ്ഡ് വിശദമാക്കി. ടി20 ലോകകപ്പിനു വേണ്ടി ഇന്ത്യന്‍ ടീമിനെ ആരൊക്കേെയാ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷെ ശരിയായ കളിക്കാരെയാണോ തിരഞ്ഞെടുത്തത് എന്നതാണ് ചോദ്യം. അല്ലായെന്നതാണ് ഉത്തരമെന്നും അദ്ദേഹം തുറന്നടിക്കുന്നു.
അതേസമയം, ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു കാലിടറാനുള്ള പ്രധാന കാരണം സമ്മര്‍ദ്ദമാണെന്നു നേരത്തേ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു. സമ്മര്‍ദ്ദം ടീമിന്റെ പ്രകടനത്തെയും ചെറുതായി ബാധിക്കും. അവസാനത്തെ കുറച്ച് ഐസിസി ഇവന്റുകളില്‍ ഇന്ത്യ പതറാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. അവിടെ അവര്‍ക്കു മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും കഴിഞ്ഞില്ലെന്നും 2009ല്‍ പാക് ടീമിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മിസ്ബാഹ് അഭിപ്രായപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയുടെ കാര്യമെടുത്താല്‍ സമ്മര്‍ദ്ദമെന്നത് അത്ര വലിയ ഒരു പ്രശ്‌നമല്ല. പക്ഷെ പാകിസ്താനെയും ഇന്ത്യയെയും സംബന്ധിച്ച് വലിയ സമ്മര്‍ദ്ദത്തില്‍ കളിക്കാനിറങ്ങുന്നത് വെല്ലുവിളിയാണ്. ഭാവിയില്‍ ഈ ടീമുകള്‍ എങ്ങനെയാണ് ഇതിനെ മറിടക്കുകയെന്നു കാണാന്‍ കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ ടീം വലിയ ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള മാര്‍ഗം കണ്ടെത്തിയേ തീരൂ. എങ്കില്‍ മാത്രമേ വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മിസ്ബാഹ് വിശദീകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ഇന്ത്യന്‍ ടീം അവസാനമായി കളിച്ച ഐസിസി ടൂര്‍ണമെന്റ്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യ ഫൈനല്‍ വരെ മുന്നേറിയെങ്കിലും കപ്പിനരികെ ഓസ്‌ട്രേലിയക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച രണ്ടാമത്തെ ഐസിസി ഫൈനലായിരുന്നു ഇത്. അതിനു മുമ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ ഇറങ്ങിയിരുന്നു. പക്ഷെ അവിടെയും ഓസ്‌ട്രേലിയക്കു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു.