ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് അയര്‍ലന്‍ഡിനെതിരേ വമ്പന്‍ ജയം നേടി ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കാനാണ് ആഗ്രഹിക്കുക. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ഏത് പ്ലേയിങ് 11നെയാവും കളത്തിലിറക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ഓപ്പണിങ്ങില്‍ വിരാട് കോലിയെ കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.
യശ്വസി ജയ്‌സ്വാളിനെ പുറത്തിരുത്തി വിരാട് കോലിയെ ഓപ്പണറാക്കുമ്പോള്‍ ഇന്ത്യ പദ്ധതിയിടുന്നത് ശിവം ദുബെയെ കളിപ്പിക്കാനാണ്. ദുബെ പ്ലേയിങ് 11ലേക്കെത്തിയാല്‍ ഇന്ത്യക്ക് അധികമായി ഒരു ബൗളറെക്കൂടിയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ദുബെക്കായി സഞ്ജു സാംസണും തഴയപ്പെടാനാണ് സാധ്യത. എന്നാല്‍ ദുബെയെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുന്നത് തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍.
കാരണം ദുബെയുടെ സമീപകാല ഫോമാണ്. മധ്യനിരയില്‍ സ്പിന്നിനെതിരേ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമെന്ന നിലയിലാണ് ദുബെയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദുബെയെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം കളിച്ച ഒരു മത്സരത്തിലും അദ്ദേഹത്തിന് ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. 14, 7, 18, 21, 0, 0 എന്നിങ്ങനെയാണ് സ്‌കോര്‍. 117 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. ശരാശരി 10 മാത്രം. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേയും ദുബെ ഫ്‌ളോപ്പായിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണെങ്കിലും ഈ മികവ് കഴിഞ്ഞ മത്സരങ്ങളിലൊന്നും കാട്ടാന്‍ ദുബെക്ക് സാധിച്ചിട്ടില്ല. ബൗളറെന്ന നിലയില്‍ ദുബെയെ ഉപയോഗിക്കാന്‍ സാധിക്കില്ല. കാരണം തല്ലുകൊള്ളിയായ ബൗളറാണ് ദുബെ. ഇക്കോണമി കാത്ത് പന്തെറിയാന്‍ ദുബെക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിച്ച് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.

സഞ്ജു സാംസണെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. 2022ന് ശേഷമുള്ള ഐപിഎല്ലിലെ കണക്ക് നോക്കുമ്പോള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് സ്പിന്നിനെതിരേ സഞ്ജുവിനുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിനാകും. അനായാസം സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരമാണ് സഞ്ജു. എന്നാല്‍ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനോട് സഞ്ജു ഫ്‌ളോപ്പായിരുന്നു.
നേരത്തെ അയര്‍ലന്‍ഡിനെതിരേ കളിച്ച് അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജു അവസരം അര്‍ഹിക്കുന്നു. ദുബെയുടെ ഐപിഎല്ലിലെ പ്രകടനം നല്ല ടേണുള്ള അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ചില്‍ ആവര്‍ത്തിക്കുക ദുഷ്‌കരമാവും. അതിന് മികച്ച സാങ്കേതിക ആവശ്യമാണ്. ദുബെ തന്റെ ഉയര്‍ന്ന കായിക ശേഷി ഉപയോഗിച്ച് കളിക്കുന്ന താരമാണ്. ഈ ശൈലി വലിയ ഗുണം ചെയ്യുന്നതല്ല.
അയര്‍ലന്‍ഡിനെതിരേ ഇന്ത്യ വിരാട് കോലിക്കും കുല്‍ദീപ് യാദവിനും വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അയര്‍ലന്‍ഡ് താരതമ്യേനെ ദുര്‍ബലരാണെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സ്റ്റിര്‍ലിങ്ങിനെപ്പോലെയുള്ള താരങ്ങള്‍ അയര്‍ലന്‍ഡിനുണ്ട്. ജോഷ്വാ ലിറ്റിലിനെപ്പോലെ മികച്ച പേസര്‍മാരും അവര്‍ക്കുണ്ട്. ഒരു തവണ വിജയലക്ഷ്യത്തിന് 2 റണ്‍സിപ്പുറം വരെ വരാന്‍ അയര്‍ലന്‍ഡിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ തീര്‍ത്തും എഴുതിത്തള്ളാനാവില്ല.
ഇന്ത്യ ദുര്‍ബലമായ താരനിരയോടെ ഇറങ്ങിയാല്‍ അട്ടിമറി സാധ്യത പോലും നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതായ ദിവസം കരുത്തുകാട്ടാന്‍ അയര്‍ലന്‍ഡിന് സാധിക്കും. ഇന്ത്യ പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായുള്ള മുന്നൊരുക്കമായാവും അയര്‍ലന്‍ഡ് മത്സരത്തെ കാണുക. അതുകൊണ്ടുതന്നെ ചില അപ്രതീക്ഷിത പരീക്ഷണങ്ങളും നടത്താന്‍ സാധ്യതയുണ്ട്. അത് എന്തൊക്കെയാവുമെന്ന് കാത്തിരുന്ന് കണ്ടറിയാം.