T20 World Cup 2024: ഇന്ത്യ-കാനഡ മത്സരം നടക്കില്ല? സഞ്ജുവിന് നിരാശ! ആ നേട്ടം ഇനി സ്വപ്‌നം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം ശനിയാഴ്ച നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ 8 ടിക്കറ്റെടുത്ത ഇന്ത്യക്ക് കാനഡക്കെതിരായ മത്സരം ബെഞ്ച് കരുത്ത് പരീക്ഷിക്കാനുള്ള അവസരമാണ്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരം നല്‍കി പ്രകടനം വിലയിരുത്താനുള്ള അവസരമായാണ് ഇന്ത്യ കാനഡക്കെതിരായ മത്സരം കാണുന്നത്. അതുകൊണ്ടുതന്നെ പല യുവതാരങ്ങളും വലിയ പ്രതീക്ഷയിലായിരുന്നു.
സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും കുല്‍ദീപ് യാദവുമെല്ലാം കാനഡക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം നേടാന്‍ സാധ്യതയുണ്ടായിരുന്നു. ഇവരെല്ലാം അവസരം സ്വപ്‌നം കാത്തിരിക്കവെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മത്സരം നടക്കേണ്ട വേദിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്.
അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിനെയത് കാര്യമായി ബാധിക്കില്ലെങ്കിലും സഞ്ജു സാംസണെ സംബന്ധിച്ച് വലിയ നിരാശയായി മാറുമെന്നുറപ്പ്. കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയെടുത്ത താരമാണ് മലയാളിയായ സഞ്ജു. കാനഡക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും സഞ്ജു ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍. കാരണം സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണച്ചേക്കില്ല.
ശിവം ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ നായകന്‍ രോഹിത് ശര്‍മ പിന്തുണക്കുന്നു. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ ദുബെ പരിക്കിന്റെ പിടിയിലാവണം. അങ്ങനെ വന്നാലും സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസമാവും. യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കി വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റുകയാവും ഇന്ത്യ ചെയ്യുക. ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളിയെന്ന വലിയ നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

നേരത്തെ എസ് ശ്രീശാന്തിന് സാധിച്ച ഈ നേട്ടം മറ്റൊരു മലയാളി താരത്തിനും പിന്നീട് നേടാനായിട്ടില്ല. ഇത്തവണ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമായിരുന്നു. എന്നാല്‍ കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ സഞ്ജുവിന്റെ ഈ ആഗ്രഹം സ്വപ്‌നം മാത്രമായി ശേഷിക്കും. റിഷഭ് പന്ത് മിന്നും ഫോമില്‍ കളിക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ സീറ്റുറപ്പിച്ച റിഷഭ് പന്തിനെ ഒരു കാരണവശാലും ഇന്ത്യ മാറ്റില്ല. അതുകൊണ്ടുതന്നെ കാനഡക്കെതിരായ മത്സരം നടക്കാതെ വന്നാല്‍ സഞ്ജുവിനാണത് തിരിച്ചടിയാവുന്നത്.
സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ ഇന്ത്യ യശ്വസി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവരെയൊക്കെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സഞ്ജുവിന് ഇത്തരത്തില്‍ അവസരം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ കാനഡക്കെതിരായ മത്സരം നഷ്ടമായാല്‍ ഏറ്റവും നിരാശപ്പെടുന്നത് സഞ്ജുവായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ശക്തമായ മഴ കാരണം ഇന്ത്യയുടെ പരിശീലന സെക്ഷനടക്കം ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരം നടക്കാന്‍ സാധ്യത വളരെ കുറവാണ്.
സഞ്ജു സാംസണിന് ഇത്തവണ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരു ടി20 ലോകകപ്പിന്റെ ഭാഗമാവുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഇത്തവണ സഞ്ജുവിന് അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. എന്നാല്‍ വലിയ ആരാധക പിന്തുണയുണ്ടെങ്കിലും പ്രമുഖരുടെ പിന്തുണയില്ലാത്ത സഞ്ജുവിന് ഇനിയൊരു ലോകകപ്പ് സ്വപ്‌നമാണ്. ഇക്കാരണത്താല്‍ത്തന്നെ കാനഡക്കെതിരായ മത്സരം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു.
സഞ്ജുവിന്റെ പ്രാര്‍ത്ഥന കേട്ട് മഴമാറി നിന്നാല്‍ കാനഡക്കെതിരേ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. അമേരിക്കയിലെ പിച്ചില്‍ സഞ്ജുവിന് തിളങ്ങുക പ്രയാസമാവുമെന്ന് വിലയിരുത്തിയാണ് ഇതുവരെ അവസരം ലഭിക്കാതിരുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും പോലും പ്രയാസപ്പെടുന്ന പിച്ചില്‍ സഞ്ജുവിന്റെ കടന്നാക്രമണ ശൈലി വലിയ ഗുണം ചെയ്യുന്നതല്ല. ഇക്കാരണത്താലാവാം ഇന്ത്യ മലയാളി താരത്തെ തഴഞ്ഞിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications