ഗുയാന: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ ഫൈനലിനോടടുക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സജീവ കിരീട പ്രതീക്ഷയിലാണ്. ഇന്ന് ഇംഗ്ലണ്ടിനെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനല്‍ കളിക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യ തോല്‍വി അറിയാതെയാണ് ടൂര്‍ണമെന്റില്‍ കുതിക്കുന്നത്. ഇത്തവണ വലിയ കിരീട സാധ്യത ഇന്ത്യക്കുണ്ട്. ഇന്ത്യ സെമിക്കായി അവസാന ഘട്ട മുന്നൊരുക്കം നടത്തവെ ടീമിനെതിരേയും ഐസിസിക്കെതിരേയും വിമര്‍ശനം ശക്തമാവുകയാണ്.
ഇന്ത്യക്ക് അനുകൂലമായാണ് കാര്യങ്ങള്‍ പോകുന്നതെന്നും സമയം, മത്സര വേദി തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് ഇന്ത്യയാണെന്നുമാണ് ആരോപണങ്ങള്‍ ഉയരുന്നത്. മുന്‍ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഇന്ത്യക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാവിലെയാണ് നടന്നിട്ടുള്ളത്. എന്നാല്‍ മറ്റ് ടീമുകളെല്ലാം ഒരു മത്സരമെങ്കിലും രാത്രിയില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ മാത്രം എല്ലാ മത്സരങ്ങളും രാവിലെയാണ് കളിക്കുന്നത്.
ഇത് ഐസിസിയുടെ ഒത്തുകളിയാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബിസിസിഐ) ഐസിസിയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇത് ഉപയോഗിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. അഫ്ഗാനിസ്ഥാന് സെമി ഫൈനലിന് മുമ്പ് മികച്ച പരിശീലനം നടത്താന്‍ പോലും സാധിച്ചില്ല. ഒരു മണിക്കൂറാണ് ഉറങ്ങാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഇന്ത്യക്ക് ആവശ്യത്തിന് വിശ്രമത്തിനും മുന്നൊരുക്കം നടത്തുന്നതിനും അവസരം ലഭിക്കുന്നു.
എന്നാല്‍ മറ്റ് ടീമുകള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ കൂടുതല്‍ കാണികള്‍ എത്തുന്ന നിലയിലേക്ക് നേരത്തെ മുന്‍കൂട്ടി തീരുമാനിക്കുന്നു. രണ്ടാം സെമി പ്രൊവിഡന്‍സില്‍ വെച്ചത് ഇന്ത്യ രണ്ടാം സെമിയില്‍ കളിക്കുമെന്ന മുന്‍ ധാരണ പ്രകാരമാണ്. മറ്റ് ടീമുകള്‍ ദീര്‍ഘ ദൂരം സഞ്ചരിച്ച് കളിക്കേണ്ടി വരുമ്പോള്‍ ഇന്ത്യക്ക് ഇത്തരത്തിലൊരു പ്രയാസവുമില്ല.

ഇന്ത്യയുടെ മത്സരങ്ങളെല്ലാം ടീമിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്നും ഐസിസി നിഷ്പക്ഷമായല്ല പെരുമാറുന്നതെന്നുമാണ് മുന്‍ താരങ്ങള്‍ ആരോപിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യത്തേയും ഇവര്‍ ചോദ്യം ചെയ്യുന്നു. ടൂര്‍ണമെന്റ് നിശ്ചയിക്കുന്നത് മുതല്‍ ഇന്ത്യ-പാക് മത്സരത്തിന് പ്രാധാന്യം നല്‍കിയാണ് പരസ്യം ചെയ്യുന്നത്. ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം ഈ മത്സരത്തിന് ലഭിക്കുന്നു.
ഇന്ത്യ-പാക് പോരാട്ടം ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇരു ടീമുകളുടേയും പോരാട്ടം ഒരു തവണയെങ്കിലും ഉറപ്പാക്കാന്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത്തവണയും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. നേരത്തെ തന്നെ ഈ മത്സരത്തിന്റെ എല്ലാ ടിക്കറ്റും വിറ്റുപോവുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന് മാത്രമായി നിയമങ്ങള്‍ മാറ്റുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ഓസ്‌ട്രേലിയക്കെതിരേ പന്ത് ചുരണ്ടിയെന്നും എന്നാല്‍ അംപയര്‍ ഇത് കണ്ടില്ലെന്ന് നടിച്ചെന്നും മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ് ആരോപിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുകൂലമായാണ് അംപയറുടെ തീരുമാനമെന്നാണ് മുന്‍ പാകിസ്താന്‍ നായകന്‍ ആരോപിക്കുന്നത്. അവസാന ഐസിസി ടൂര്‍ണമെന്റുകള്‍ നോക്കുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം കാണാനാവും. പല കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമായാണ് കാണപ്പെടുന്നത്.
മറ്റ് ടീമുകള്‍ക്ക് ലഭിക്കാത്ത പ്രത്യേക പരിഗണന ഇന്ത്യന്‍ ടീമിന് ലഭിക്കുന്നുണ്ടെന്നാണ് ഇവരെല്ലാം ആരോപിക്കുന്നത്. എന്നാല്‍ ഇതെല്ലാം എതിരാളികളുടെ ആരോപണം എന്നതിലുപരിയായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങളായിത്തന്നെ ഇതെല്ലാം തുടരും. വലിയ കാത്തിരിപ്പിനൊടുവില്‍ ഇത്തവണ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.