ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ച് തോറ്റിരിക്കുകയാണ് ആതിഥേയരായ അമേരിക്ക. 7 വിക്കറ്റിനാണ് അമേരിക്കയുടെ തോല്‍വി. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ അമേരിക്കന്‍ ബൗളര്‍മാര്‍ക്കായെങ്കിലും തോല്‍വി വഴങ്ങേണ്ടി വന്നു. മത്സരത്തിന്റെ ഗതി മാറ്റിയത് അമേരിക്കന്‍ ബൗളര്‍മാര്‍ക്ക് സംഭവിച്ച വലിയൊരു പിഴവാണ്. നായകനെന്ന നിലയില്‍ ആരോണ്‍ ജോണിസിന്റെ പരിചയക്കുറവാണ് ഇന്ത്യയെ രക്ഷിച്ചതെന്ന് പറയാം.
മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്കന്‍ ബൗളര്‍മാര്‍ക്കായിരുന്നു. എന്നാല്‍ 16ാം ഓവറിലാണ് അമേരിക്കന്‍ ബൗളര്‍മാരുടെ പിഴവ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റിയത്. 15 ഓവറില്‍ ഇന്ത്യ 3 വിക്കറ്റിന് 76 റണ്‍സെന്ന നിലയിലായിരുന്നു. ജയിക്കാന്‍ 30 പന്തില്‍ 35 റണ്‍സ് ഇന്ത്യക്ക് ആവശ്യമായിരുന്നു. എന്നാല്‍ 16ാം ഓവര്‍ എറിയാനെത്തിയ ജസ്ദീപ് ഓവര്‍ ആരംഭിക്കാന്‍ വൈകി. ഒരു മിനുട്ടിനുള്ളില്‍ ബൗളര്‍ ഓവര്‍ ആരംഭിക്കേണ്ടതായുണ്ട്.
എന്നാല്‍ മൂന്നാം തവണയും അമേരിക്കന്‍ ബൗളര്‍മാര്‍ ഓവര്‍ ആരംഭിക്കാന്‍ ഒരു മിനുട്ടില്‍ കൂടുതല്‍ സമയമെടുത്തു. ഇതോടെ 5 റണ്‍സ് അമേരിക്കയ്ക്ക് പെനല്‍റ്റി വിധിച്ചു. ഇതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 30 പന്തില്‍ 30 റണ്‍സായി മാറി. ഇതോടെ സമ്മര്‍ദ്ദം ഒഴിവായി കൂടുതല്‍ അനായാസം റണ്‍സ് നേടാന്‍ സൂര്യകുമാര്‍ യാദവിനും ശിവം ദുബെക്കുമായി. ഈ പെനല്‍റ്റി റണ്‍സ് വന്നില്ലായിരുന്നെങ്കില്‍ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു.
അമേരിക്കന്‍ നായകന്റെ ശ്രദ്ധക്കുറവാണ് ഇത്തരത്തില്‍ കളി കൈവിട്ടുപോകാന്‍ കാരണമായതെന്ന് പറയാം. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ രക്ഷിച്ചത്. 49 പന്ത് നേരിട്ട് 2 ഫോറും സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ സൂര്യകുമാര്‍ പുറത്താവാതെ നിന്നു. 22 റണ്‍സില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം അമേരിക്കയ്ക്ക് ലഭിച്ചതാണ്. എന്നാല്‍ സൗരഭ് നേത്രാവല്‍ക്കര്‍ ക്യാച്ച് പാഴാക്കിയതാണ് മാച്ച് വിന്നറാവാന്‍ സൂര്യകുമാറിനെ സഹായിച്ചത്.

ശിവം ദുബെ 35 പന്തല്‍ ഒാരോ സിക്‌സും ഫോറും ഉള്‍പ്പെടെ 31 റണ്‍സോടെ പുറത്താവാതെ നിന്നു. ഇന്ത്യ സൂപ്പര്‍ 8 ടിക്കറ്റെടുത്തെങ്കിലും ടീമിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തിയെന്നതാണ് വസ്തുത. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി മോശം ഫോമില്‍ തുടരുകയാണ്. അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് കോലി പുറത്തായത്. ഓപ്പണര്‍ റോളിലേക്കെത്തുമ്പോള്‍ കോലിക്ക് ഫോം കണ്ടെത്താന്‍ സാധിക്കുന്നില്ല.
കോലി തുടക്കത്തിലേ മടങ്ങുന്നത് നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയേയും ബാധിച്ചു. ആറ് പന്തില്‍ മൂന്ന് റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. റിഷഭ് പന്ത് 20 പന്തില്‍ 18 റണ്‍സോടെ മടങ്ങി. ശിവം ദുബെയുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളെല്ലാം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ അമേരിക്കയ്‌ക്കെതിരേ അവസരോചിത ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ദുബെക്ക് സാധിച്ചു. പതിയെ തുടങ്ങിയ താരം നിര്‍ണ്ണായക പ്രകടനത്തോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള അമേരിക്കയിലെ പിച്ചില്‍ നന്നായി വിയര്‍ത്താണ് ഇന്ത്യ വിജയം നേടിയത്. 130ന് മുകളിലേക്ക് സ്‌കോര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ ശ്രദ്ധേയ പ്രകടനം എടുത്തു പറയേണ്ടതാണ്.
അര്‍ഷ്ദീപ് സിങ് 4 വിക്കറ്റ് പ്രകടനത്തോടെ കളിയിലെ താരമായി. 4 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ഷ്ദീപിന്റെ നാല് വിക്കറ്റ് പ്രകടനം. ഇന്ത്യന്‍ ബൗളറുടെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.