ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിലേക്കാണ്. ജൂണ്‍ ഒമ്പതിനു അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ക്രിക്കറ്റിലെ ത്രില്ലിങ് മല്‍സരം നടക്കുന്നത്.
ഈ മല്‍സത്തിലെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യന്‍ ജ്യോതിഷി സുമിത് ബജാജ്. എക്‌സിലൂടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കില്‍ വിജയം ആര്‍ക്കായിരിക്കുമെന്നു അദ്ദേഹം പ്രവചിച്ചത്. ജൂണില്‍ ഒമ്പതിനു ന്യൂയോര്‍ക്കില്‍ പാകിസ്താനെതിരേ ഇന്ത്യ വിജയിക്കാനാണ് സാധ്യതയെന്നാണ് സുമിത് ബജാജിന്റെ പ്രവചനം.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയാണ് പ്രവചനങ്ങളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനമടക്കം സുമിത് ബജാജിന്റെ പല പ്രവചനങ്ങളും കൃത്യമായി വരികയും ചെയ്തിരുന്നു.
അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനു നേര്‍ക്കുനേര്‍ വന്ന കണക്കുകളെടുത്താല്‍ ഇന്ത്യക്കാണ് വ്യക്തമായ മുന്‍തൂക്കം. ഇതുവരെ ഏഴു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും വിജയം ഇന്ത്യക്കായിരുന്നു. ഒരു കളിയില്‍ മാത്രമാണ് പാകിസ്താനു വിജയിക്കാനായത്. ഒരു മല്‍സരം ടൈയില്‍ കലാശിക്കുകയും ചെയ്തു. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ടൈയില്‍ അവസാനിച്ച ഈ മല്‍സരം.
2021ല്‍ യുഎഇ വേദിയായ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യക്കെതിരേ പാകിസ്താന്റെ ഏക വിജയം. അന്നു പത്തു വിക്കറ്റിനായിരുന്നു പാക് പട ഇന്ത്യയെ സ്തബ്ധരാക്കിയത്. ഇതോടെ ലോകപ്പില്‍ (ടി20, ഏകദിന) പാകിസ്താനോടു പരാജയമേറ്റു വാങ്ങിയ ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന നാണക്കേടും വിരാട് കോലിയെ തേടിയെത്തിയിരുന്നു.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. മെല്‍ബണില്‍ അന്നു ത്രില്ലറില്‍ രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ അവസാന ബോളില്‍ ത്രില്ലിങ് വിജയം സ്വന്തമാക്കുകയായിരന്നു. നാലു വിക്കറ്റിനാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. അന്നു തോല്‍വിയുടെ വക്കില്‍ നിന്നാണ് വിരാട് കോലിയുടെ വണ്‍മാന്‍ ഷോ ഇന്ത്യയെ രക്ഷിച്ചത്. പുറത്താവാതെ 82 റണ്‍സെടുത്ത അദ്ദേഹം ഏറെക്കുറെ തനിച്ചു തന്നെ ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാക് പട ഇന്ത്യക്കു നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യ ഈ ടോട്ടല്‍ അനായാസം ചേസ് ചെയ്യുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും പാക് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറുകയായിരുന്നു. ഏഴോവര്‍ ആവുമ്പോഴേക്കും നാലു വിക്കറ്റിനു 31 റണ്‍സിലേക്കു ഇന്ത്യ വീണിരുന്നു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പക്ഷെ 20ാം ഓവറില്‍ ഹാര്‍ദിക്കും ദിനേശ് കാര്‍ത്തികും പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും കോലിയും ആര്‍ അശ്വിനും ചേര്‍ന്ന് ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു.
ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത് കഴിഞ്ഞ ഒക്ടോബറില്‍ ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിനു ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താതെയാണ് ബാബറും സംഘവും കീഴടങ്ങിയത്.