ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ രണ്ടാംറൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നിലവില്‍ ഒരു ടീമും സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. എട്ടു ടീമുകളില്‍ സെമിക്കു തൊട്ടരികില്‍ നില്‍ക്കുന്നത് ഗ്രൂപ്പ് രണ്ടിലുള്ള സൗത്താഫ്രിക്കയാണ്. സൂപ്പര്‍ എട്ടിലെ രണ്ടു കളിയും ജയിച്ച അവര്‍ സെമിയിലേക്കു ഒരു ചുവട് വച്ചു കഴിഞ്ഞു. പക്ഷെ സെമി കാണാതെ സൗത്താഫ്രിക്ക ഇനിയും പുറത്തായേക്കാവുന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ഇപ്പോള്‍ സെമി യോഗ്യതയ്ക്കു അടുത്തെത്തി നില്‍ക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. രണ്ടു ടീമുകള്‍ക്കും ഇനി ഓരോ ജയം വീതം നേടിയാല്‍ സെമിയിലേക്കു മുന്നേറാം. സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളികളായി വരികയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിന്റെ സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

ഇന്ത്യക്കു സൂപ്പര്‍ എട്ടില്‍ രണ്ടു കളികളാണ് ഇനി ബാക്കിയുള്ളത്. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണിത്. ഇവ രണ്ടിലും ജയിക്കാനാല്‍ ഇന്ത്യക്കു ഗ്രൂപ്പ് ജേതാക്കളായി സെമിയിലേക്കു മുന്നേറാം. അങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പ് രണ്ടിലെ രണ്ടാംസ്ഥാനക്കാരായിരിക്കും സെമിയിലെ എതിരാളികള്‍. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ സെമി ടിക്കറ്റിനു വേണ്ടിയുള്ള പോരാട്ടം മുറുകുകയാണ്. മൂന്നു ടീമുകളാണ് ഇതിനായി ഇഞ്ചോടിഞ്ച് പൊരുതുന്നത്.
നിലവില്‍ സൗത്താഫ്രിക്ക (4), വെസ്റ്റ് ഇന്‍ഡീസ് (2), നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് (2) എന്നിവരാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഈ മൂന്നു ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ളത് വിന്‍ഡീസിനാണ് (+1.814). സൗത്താഫ്രിക്ക (+0.625), ഇംഗ്ലണ്ട് (+0.412) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും നില്‍ക്കുന്നു. സൗത്താഫ്രിക്ക അടുത്ത കളിയില്‍ വിന്‍ഡീസിനെയും ഇംഗ്ലണ്ട് അമേരിക്കയയുമാണ് നേരിടുക.
അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അമേരിക്കയ്‌ക്കെതിരേ മികച്ചൊരു മാര്‍ജിനില്‍ തന്നെ ഇംഗ്ലണ്ട് ജയിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അവര്‍ക്കു സെമിയുറപ്പാണ്. വിന്‍ഡീസും സൗത്താഫ്രിക്കയും തമ്മിലുള്ള മറ്റൊരു മല്‍സരം ശരിക്കും നോക്കൗട്ടിനു തുല്യമാണ്. ഈ കളിയില്‍ സൗത്താഫ്രിക്ക ജയിച്ചാല്‍ അവര്‍ ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തും. ഇംഗ്ലണ്ട് രണ്ടാംസ്ഥാനക്കാരുമാവും.
എന്നാല്‍ വിന്‍ഡീസ് മികച്ച മാര്‍ജിനില്‍ ഈ മല്‍സരം ജയിച്ചാല്‍ എല്ലാം മാറും. അങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസ് ഗ്രൂപ്പ് ജേതാക്കളായി സെമിയിലേക്കു കുതിക്കും. റണ്‍റേറ്റില്‍ ഇംഗ്ലണ്ടിനു താഴെ പോയാല്‍ സൗത്താഫ്രിക്ക പുറത്താവുകയും ചെയ്യും. ഇതാണ് സംഭവിക്കുകയെങ്കില്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടായിരിക്കും.

അതു നടന്നാല്‍ 2022ലെ ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാവും. അന്നു ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലേക്കു കുതിച്ചിരുന്നു. അതിനു പകരം ചോദിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും ഇത്. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയയും വിന്‍ഡീസും ഏറ്റുമുട്ടുകയും ചെയ്യും. ഇതോടെ ഇന്ത്യ- ഓസീസ് ഡ്രീം ഫൈനലിനും വഴിയൊരുങ്ങും.
അതേസമയം, സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ഓസീസിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടക്കുന്നതെങ്കില്‍ ചിത്രം മാറും. അങ്ങനെ വന്നാല്‍ സൗത്താഫ്രിക്ക, വിന്‍ഡീസ് എന്നീ ടീമുകളിലൊന്നായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഈ രണ്ടു ടീമുകളിലൊന്നിനെ ആയിരിക്കും സെമിയില്‍ ഇന്ത്യ ആഗ്രഹിക്കുക.
കാരണം സൗത്താഫ്രിക്ക, വിന്‍ഡീസ് എന്നിവരേക്കാള്‍ ഇന്ത്യക്കു ഭീഷണിയായേക്കുക ഇംഗ്ലണ്ടായിരിക്കും. സെമിയില്‍ ഇന്ത്യ ജയിച്ചാല്‍ ഫൈനലിലെ എതിരാളികള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വിജയികളാവും. അങ്ങനെ വന്നാലും ഇന്ത്യ- ഓസീസ് ഫൈനല്‍ തന്നെയാണ് സംഭവിച്ചേക്കുക. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം ലഭിക്കാന്‍ 29 വരെ നമുക്കു കാത്തിരിക്കേണ്ടി വരും.