ഗുയാന: ടി20 ലോകകപ്പിന്റെ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. ഇനി ദക്ഷിണാഫ്രിക്കയുടെ എതിരാളി ആരെന്നാണ് അറിയേണ്ടത്. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇതിലെ വിജയിയാവും ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികളാവുക. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് കണക്കുവീട്ടാനുള്ള സമയമാണിത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ ഓസട്രേലിയയോട് കണക്കുവീട്ടിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ഇംഗ്ലണ്ടിനോട് പകരം വീട്ടാന്‍ ഇന്ത്യക്കാവുമോയെന്നതാണ്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് ഭീഷണി ഉയര്‍ത്തുന്നത് മഴയാണ്. ശക്തമായ മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് മത്സരമെങ്കിലും വെസ്റ്റ് ഇന്‍ഡീസിലെ സമയം അനുസരിച്ച് രാവിലെയാണ് മത്സരം.
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിവേഴ്‌സ് ഡേയില്ല. അതുകൊണ്ടുതന്നെ മത്സരം ഇന്ന് തന്നെ നടക്കേണ്ടതായുണ്ട്. പൊതുവേ ടി20 മത്സരത്തിനിടെ മഴ പെയ്താല്‍ 60 മിനുട്ടാണ് കട്ട് ഓഫ് ടൈം നല്‍കുക. ഇതിനുള്ളില്‍ തീരുമാനത്തിലേക്കെത്തും. മഴ തുടരുകയാണ് എങ്കില്‍ മത്സരം ഒഴിവാക്കാന്‍ ഈ സമയത്തിനുള്ളില്‍ തീരുമാനമുണ്ടാവും. എന്നാല്‍ ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ കട്ട് ഓഫ് ടൈം തീരുമാനിച്ചിരിക്കുന്നത് എത്രയാണെന്ന് അറിയാമോ?.
എല്ലാവരും കാത്തിരിക്കുന്ന പോരാട്ടമായതിനാല്‍ 60 മിനുട്ടല്ല കട്ട് ഓഫ് ടൈമായി അനുവദിച്ചിരിക്കുന്നത്. 250 മിനുട്ടാണ് കട്ട് ഓഫ് ടൈം. നാലര മണിക്കൂറോളം കാത്തിരുന്നും മത്സരം നടത്താനുള്ള തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. എട്ട് മണിക്ക് മത്സരം ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ 12.10വരെ മത്സരം ആരംഭിക്കാനുള്ള ശ്രമം നടത്തും. 12.10ന് ആരംഭിച്ചാലും മുഴുവന്‍ ഓവറായാവും മത്സരം നടത്തുക. അതിലും കൂടുതല്‍ മത്സരം വൈകിയാലേ 10 ഓവര്‍ മത്സരമാക്കി ചുരുക്കുകയുള്ളൂ. അഞ്ച് ഓവര്‍ മത്സരമായി സെമി ഫൈനല്‍ നടത്തില്ല.

മത്സരം നടത്താനുള്ള അവസാന സാധ്യത പരിശോധിക്കുക 1.10നാണ്. എന്നിട്ടും മത്സരം നടക്കാതെ വന്നാല്‍ ഉപേക്ഷിക്കുകയും ഇന്ത്യ ഫൈനലിലെത്തുകയും ചെയ്യും. സൂപ്പര്‍ എട്ടില്‍ തോല്‍ക്കാതെയാണ് ഇന്ത്യ സെമി ഫൈനലിലെത്തിയിരിക്കുന്നത്. അതേ സമയം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുക്കും. മത്സരം നടക്കേണ്ടത് ഇന്ത്യയെക്കാള്‍ ആവശ്യം ഇംഗ്ലണ്ടിനാണെന്ന് പറയാം.
ഇന്ത്യ മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും ഇംഗ്ലണ്ട് നിസാരക്കാരുടെ നിരയല്ല. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടിനൊപ്പം ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമായതിനാല്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്. വാശിയേറിയ പോരാട്ടം തന്നെ സെമി ഫൈനലില്‍ പ്രതീക്ഷിക്കാം. മഴ രസംകൊല്ലിയാകുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. നായകന്‍ രോഹിത് ശര്‍മ ഫോമിലേക്കെത്തിയിട്ടുണ്ട്. വിരാട് കോലിക്ക് താളം കണ്ടെത്താനായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. രവീന്ദ്ര ജഡേജക്ക് ഫോമില്ല. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ജഡേജ ഫോമിലേക്കെത്തുമോയെന്നത് കണ്ടറിയാം.
എന്തായാലും സ്ഥിരതയോടെ മഴ പെയ്യാത്ത പക്ഷം മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലെത്താന്‍ പറ്റുമോ അതോ ഇന്ത്യ പകരം വീട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്.