ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് ആവേശം നാളെ ഫൈനലിലേക്കെത്തുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇരു ടീമും തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയവരാണ്. അതുകൊണ്ടുതന്നെ പോരാട്ടം ശക്തമാവുമെന്നുറപ്പാണ്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യം വെക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കന്നി ടി20 ലോകകപ്പ് കളിക്കാനാണിറങ്ങുന്നത്. രോഹിത് ശര്‍മയുടേയും എയ്ഡന്‍ മാര്‍ക്രത്തിന്റേയും ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഫൈനലില്‍ നിര്‍ണ്ണായകമാവും.
മഴ സാധ്യത ഫൈനലിലും പ്രവചിക്കപ്പെടുന്നുണ്ട്. മത്സരം നടക്കാതെ വന്നാല്‍ റിസര്‍വ് ഡേയുണ്ട്. ഇതിലും മത്സരം നടക്കാതെ വന്നാല്‍ കിരീടം പങ്കിടുകയാവും ചെയ്യുക. എന്നാല്‍ ഫൈനല്‍ പോരാട്ടത്തില്‍ ടൈ വന്നാല്‍ എന്താവും സംഭവിക്കുക?. പരിശോധിക്കാം. നിലവിലെ നിയമ പ്രകാരം ടി20 മത്സരം ടൈയായാല്‍ സൂപ്പര്‍ ഓവര്‍ നടത്തി വിജയിയെ തീരുമാനിക്കുകയാണ് ചെയ്യുക. ലോകകപ്പ് ഫൈനലിലും ഇത് തന്നെയാവും ചെയ്യുക.
വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ നടത്തുകയാവും ചെയ്യുക. കിരീടം പങ്കിടാന്‍ നിയമം അനുവദിക്കുന്നില്ല. മത്സരം നടക്കാത്ത പക്ഷം മാത്രമാവും കിരീടം പങ്കിടുക. റിസര്‍വ് ഡേ ഉള്ളതിനാല്‍ കിരീടം പങ്കിടാനുള്ള സാധ്യത വിരളമാണ്. 10 ഓവറെങ്കിലും നടത്താനായെങ്കില്‍ മാത്രമെ മത്സരത്തില്‍ ഫലം കാണാനാവു. അഞ്ച് ഓവര്‍ മത്സരമായി കിരീട പോരാട്ടം നടത്തില്ല. മത്സരം ആരംഭിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീം 10 ഓവര്‍ കളിച്ച ശേഷം ശക്തമായ മഴയെത്തിയാല്‍ മത്സരം നിര്‍ത്തിവെക്കും.
റിസര്‍വ് ഡേയിലാവും പിന്നെ മത്സരം നടത്തുക. അങ്ങനെ സംഭവിച്ചാല്‍ മത്സരഫലം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇന്ത്യ vs ഇംഗ്ലണ്ട് സെമിക്കിടെയിലും മഴ വില്ലനായെങ്കിലും മത്സരം നടത്താന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ പോരാട്ടവും മഴ ഭീഷണി മറികടന്ന് നടത്താനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യ 2013ന് ശേഷം ഐസിസി കിരീടം നേടാത്ത ടീമാണ്. പല തവണ സെമിയിലും ഫൈനലിലുമെത്തിയെങ്കിലും കിരീടത്തിലേക്കെത്താനായില്ല.

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ അവസാന ടൂര്‍ണമെന്റാണിത്. ഇതിന് ശേഷം ദ്രാവിഡ് പടിയിറങ്ങുകയാണ്. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും ഇനി ഇന്ത്യയുടെ ടി20 ടീമില്‍ കാണാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ കപ്പ് നേടി ഇവര്‍ക്ക് മടങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. പക്ഷെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പമാവും. ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്ക കരുത്തരാണ്.
കൂടാതെ ഇവരെല്ലാം ഫോമിലാണെന്നതും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ഇരു ടീമും ബൗളിങ് നിരക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. ഇന്ത്യ ഇംഗ്ലണ്ടിനെ സെമിയില്‍ വീഴ്ത്തി എത്തിയപ്പോള്‍ കിവീസിനേയും ഓസീസിനേയും അട്ടിമറിച്ച് ഞെട്ടിച്ച അഫ്ഗാനെ നിഷ്പ്രഭമാക്കിയാണ് ദക്ഷിണാഫ്രിക്കയെത്തുന്നത്. അതുകൊണ്ടുതന്നെ ഫൈനലില്‍ തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. വിരാട് കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇതിന് മുമ്പ് 2014ലെ ടി20 ലോകകപ്പ് സെമിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമായി നോക്കൗട്ട് മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയത്. അതിന് ശേഷം ഫൈനല്‍ മത്സരത്തിലാണ് പോരടിക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തപ്പോള്‍ വിരാട് കോലിയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലി മോശം ഫോമിലാണ്.
ടി20യില്‍ മികച്ച റെക്കോഡുള്ള ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരുന്നു. തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്‍ ആക്രമണവും കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, മാര്‍ക്കോ യാന്‍സന്‍ എന്നിവരുടെ പേസ് ആക്രമണവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം.