T20 World Cup 2024: കരീബിയന്‍ കൊടുങ്കാറ്റ്! തരിപ്പണമായി അമേരിക്ക, സെമി പ്രതീക്ഷ കാത്തു
ബാര്‍ബഡോസ്: വമ്പന്‍ ജയവുമായി ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് രണ്ടു തവണ ജേതാക്കളും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ അമേരിക്കയെ ഒമ്പതു വിക്കറ്റിനാണ് കരീബിയന്‍ പട വാരിക്കളഞ്ഞത്. തൊട്ടുമുമ്പത്തെ കളിയില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനോടു തോറ്റതിനാല്‍ സെമി പ്രതീക്ഷ കാക്കാന്‍ വിന്‍ഡീസിനു ജയം അനിവാര്യമായിരുന്നു. ഏകപക്ഷീയ ജയത്തോടെ തന്നെ അവര്‍ അതു സാധിച്ചെടുക്കുകയും ചെയ്തു.
വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പ് നടത്തിയ വിന്‍ഡീസ് ഗ്രൂപ്പ് രണ്ടില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്. നേരത്തേ രണ്ടാമതുണ്ടായിരുന്ന ഇംഗ്ലണ്ട് മൂന്നാംസ്ഥാനത്തേക്കു ഇറങ്ങുകയും ചെയ്തു. 1.814 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് വിന്‍ഡീസിനുണ്ട്. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് 0.412 ഉം ആണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച സൗത്താഫ്രിക്കയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. തുടരെ രണ്ടു കളികളും തോറ്റ അമേരിക്കയുടെ സെമി സാധ്യത അവസാനിക്കുകയും ചെയ്തു.

Photo credit
129 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു അമേരിക്കന്‍ ടീം നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ അവര്‍ക്കു യാതൊരു ഭീഷണിയും സൃഷ്ടിച്ചില്ല. വെറും 10.5 ഓവറിലാണ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിന്‍ഡീസ് ഇതു മറികടന്നത്. ഓപ്പണര്‍ ഷെയ് ഹോപ്പിന്റെ (39 ബോളില്‍ 82*) ഇടിവെട്ട് ഫിഫ്റ്റി വിന്‍ഡീസിന്റെ ജയം വേഗത്തിലാക്കുകയായിരുന്നു. എട്ടു സിക്‌സറും നാലു ഫോറുമടക്കമാണ് അമേരിക്കന്‍ ബൗളിങിനുമേല്‍ ഹോപ്പ് സംഹാര താണ്ഡവമാടിയത്.
ഹോപ്പിനു കൂട്ടായി എത്തിയ വെടിക്കെട്ട് താരം നിക്കോളാസ് പൂരനും മോശമാക്കിയില്ല. 12 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറും ഒരു ഫോറുമടക്കം പുറത്താവാതെ 27 റണ്‍സ് നേടി. ജോണ്‍സന്‍ ചാള്‍സിന്റെ (14 ബോളില്‍ 15) വിക്കറ്റാണ് വിന്‍ഡീസിനു നഷ്ടമായത്.
നേരത്തേ ടോസിനു ശേഷം വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്‌മെന്‍ പവെല്‍ എതിരാളികളെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ 128 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. ആന്‍ഡ്രിയസ് ഗൗസ് (29), നിതീഷ് കുമാര്‍ (20) എന്നിവരാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മിലിന്ദ് കുമാര്‍ (19), ഷാഡ്‌ലി വാന്‍ ഷാല്‍വിക്ക് (18), അലി ഖാന്‍ (14*), ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സ് (11) എന്നിവരും രണ്ടക്കത്തിലെത്തി.
അമേരിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ മൂന്നില്‍ വച്ച് തന്നെ സ്റ്റീവന്‍ ടെയ്‌ലറെ (2) നഷ്ടമായി. തുടര്‍ന്ന് മികച്ചൊരു കൂട്ടുകെട്ട് കണ്ടു. ഗൗസ്- നിതീഷ് ജോടി 48 റണ്‍സുമായി അമേരിക്കയെ കൈപിടിച്ചുയര്‍ത്തി. ആറോവറില്‍ തന്നെ അമേരിക്ക 50 റണ്‍സും പിന്നിട്ടു. ഇതോടെ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിക്കുമെന്നും കരുതി.
പക്ഷെ പിന്നീട് അങ്ങോട്ട് അമേരിക്കന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 77 റണ്‍സിനിടെ ഒമ്പതു വിക്കറ്റുകളാണ് അമേരിക്കയ്ക്കു നഷ്ടമായത്. ഇതോടെ മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ കഴിയാതെ അവര്‍ കൂടാരം കയറുകയും ചെയ്തു. മൂന്നു വീതം വിക്കറ്റുകളെടുത്ത ആന്ദ്രെ റസ്സലും റോസ്റ്റണ്‍ ചേസുമാണ് അമേരിക്കയെ തകര്‍ത്തത്. അല്‍സാറി ജോസഫ് രണ്ടു വിക്കറ്റുകളും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications