T20 World Cup 2024: വിന്‍ഡീസിനെ പേടിക്കണം! കിവികളുടെയും ചിറകരിഞ്ഞു, സൂപ്പര്‍ 8ലേക്ക്
ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ഇത്തവണ ഭയക്കേണ്ട ടീമുകളിലൊന്നാണ് തങ്ങളെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പ് സിയില്‍ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ 13 റണ്‍സിനാണ് കരീബിയന്‍ പട തുരത്തിയത്. ഒരു മല്‍സരം ബാക്കിനില്‍ക്കെ ഹാട്രിക്ക് വിജയത്തോടെയാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പാക്കിയത്. ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ശേഷമായിരുന്നു വിന്‍ഡീസ് ഗംഭീരമായി കളിയിലേക്കു തിരിച്ചുവന്നത്.
150 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു വിന്‍ഡീസ് നല്‍കിയത്. ബാറ്റിങ് നിര തുടരെ രണ്ടാമത്തെ കളിയിലും നിലാശപ്പെടുത്തിയതോടെ കിവികള്‍ക്കു ഒമ്പതു വിക്കറ്റിനു 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 33 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു.

മുന്‍നിര ബാറ്റിങ് ദയനീയമായി പരാജയപ്പെട്ടതാണ് കിവികളെ ചതിച്ചത്. 11 ഓറില്‍ 63 റണ്‍സാവുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ കൈവിട്ട് അവര്‍ ബാക്ക്ഫൂട്ടിലായിരുന്നു. ഡെവന്‍ കോണ്‍വേ (5), ഫിന്‍ അലെന്‍ (26), രചിന്‍ രവീന്ദ്ര (10), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (1), ഡാരില്‍ മിച്ചെല്‍ (12) എന്നിവരാണ് മടങ്ങിയത്. പിന്നീട് ഫിലിപ്‌സ് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
നാലു വിക്കറ്റുകളെടുത്ത പേസര്‍ അല്‍സാറി ജോസഫും മൂന്നു പേരെ പുറത്താക്കിയ സ്പിന്നര്‍ ഗുഡകേഷ് മോട്ടിയും ചേര്‍ന്നാണ് കിവികളുടെ ചിറകരിഞ്ഞത്. വാലറ്റത്ത് 12 ബോളില്‍ മൂന്നു സിക്‌സറുകളടക്കം പുറത്താവാതെ 21 റണ്‍സെടുത്ത മിച്ചെല്‍ സാന്റനറാണ് ടീമിന്റെ പരാജയഭാരം കുറച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ന്യൂസിലാന്‍ഡ് സൂപ്പര്‍ എട്ടിലെത്താതെ പുറത്താവലിന്റെ വക്കിലാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാലും മറ്റു മല്‍സരഫലങ്ങളെ ആശ്രയിച്ചാവും അവരുടെ സൂപ്പര്‍ 8 സാധ്യത.

നേരത്തേ വലിയ തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെ (68*) വണ്‍മാന്‍ ഷോ വിന്‍ഡീസിനെ ആറു വിക്കറ്റിനു 149 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടലിലെത്തിച്ചത്. 39 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടിരുന്നു. റൂതര്‍ ഫോര്‍ഡിന മാറ്റിനിര്‍ത്തിയാല്‍ വിന്‍ഡീസ് നിരയില്‍ മറ്റാരും 20 റണ്‍സ് പോലുമെടുത്തില്ല.
നിക്കോളാസ് പൂരന്‍ (17), അക്കീല്‍ ഹൊസെയ്ന്‍ (15), ആന്ദ്രെ റസ്സല്‍ (14), റൊമാരിയോ ഷെപ്പേര്‍ഡ് (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു കളിക്കാര്‍. 13 ഓവര്‍ ആയപ്പോഴേക്കും വിന്‍ഡീസ് ഏഴു വിക്കറ്റനു 76 റണ്‍സിലേക്കു തരിപ്പണമായിരുന്നു. 100 റണ്‍സ് പോലും അവര്‍ തികയ്ക്കുമോയൈന്ന കാര്യം സംശയമായിരുന്നു.
എന്നാല്‍ റൂതര്‍ഫോര്‍ഡിന്റെ അവിശ്വസനീയ ഇന്നിങ്‌സ് അവരെ 150നടുത്തേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. അവസാന രണ്ടോവറില്‍ 37 റണ്‍സ് വിന്‍ഡീസ് വാരിക്കൂട്ടി. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് നാലും ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസനും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications