For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക്കിന് യുവിയുടെ റോള്‍, ഇന്ത്യയെ കപ്പിലെത്തിക്കും! ജാഫര്‍ പറയുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. 9നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ കിടിലന്‍ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യ ഇതേ മികവ് ടി20 ലോകകപ്പിലും ആവര്‍ത്തിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇത്തവണ ഇന്ത്യക്ക് മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്. എന്നാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരത്തെ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ആവശ്യമാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജ് സിങ്ങിന്റെ പ്രകടനമായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങിയ യുവി സെമിയിലടക്കം നിര്‍ണ്ണായക ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പില്‍ യുവിയുടെ റോള്‍ ഹാര്‍ദിക് പാണ്ഡ്യക്കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍. 'ഇന്ത്യ 2007ലും 2011ലും ലോകകപ്പ് കിരീടം നേടിയപ്പോള്‍ യുവരാജ് സിങ്ങിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അതുപോലെ ഇത്തവണത്തെ ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ ഉയരുമെന്നാണ് കരുതുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടേയും ശിവം ദുബെയുടേയും റോള്‍ വളരെ നിര്‍ണ്ണായകമാണ്.

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കും ഓള്‍റൗണ്ടറെന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനാവും' ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്കെത്തിയാല്‍ മാച്ച് വിന്നറായ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. എന്നാല്‍ താരത്തിന്റെ ഐപിഎല്ലിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കൂടാതെ വിവാഹ ബന്ധത്തിലടക്കം ഹാര്‍ദിക്കിന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

india cricket

ഇതെല്ലാം ഹാര്‍ദിക്കിന് സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഡെത്തോവറുകളില്‍ ഹാര്‍ദിക് നേടുന്ന റണ്‍സ് മത്സരഫലത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക്കിന്റെ കരുത്തില്‍ വിശ്വസിക്കുന്നു.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ വേണമെന്നാണ് ജാഫര്‍ പറയുന്നത്. മൂന്ന് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണമെന്നാണ് ജാഫര്‍ അഭിപ്രായപ്പെടുന്നത്. 'എന്റെ അഭിപ്രായത്തില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരും പ്ലേയിങ് 11ല്‍ വേണം. സ്പിന്നിനെതിരേ ദൗര്‍ബല്യമുള്ള ടീമിനെതിരേ അക്ഷര്‍ പട്ടേലിനേയും കളിപ്പിക്കണം. എന്തായാലും 3 ഓള്‍റൗണ്ടര്‍മാര്‍ പ്ലേയിങ് 11ല്‍ വേണ്ടത് അനിവാര്യമാണ്' ജാഫര്‍ പറഞ്ഞു.

ഇന്ത്യ ശിവം ദുബെയെ പ്ലേയിങ് 11ലേക്കെത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ ജയ്‌സ്വാളിനെ മാറ്റി പകരം വിരാട് കോലിയേയും രോഹിത് ശര്‍മയേയും ഇന്ത്യ ഓപ്പണിങ്ങില്‍ ഇറക്കും. അങ്ങനെ വരുമ്പോള്‍ മധ്യനിരയില്‍ ദുബെയെ കളിപ്പിക്കാന്‍ സാധിക്കും. ശിവം ദുബെ പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ്. സന്നാഹ മത്സരത്തില്‍ 2 വിക്കറ്റുമായി ദുബെ തിളങ്ങിയിരുന്നു.

എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ദുബെയെ ബൗളറെന്ന നിലയില്‍ വിശ്വസിക്കുക പ്രയാസമാണ്. ദുബെ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത താരമാണ്. അതുകൊണ്ടുതന്നെ വിശ്വസിച്ച് പന്തേല്‍പ്പിക്കുക പ്രയാസം. രവീന്ദ്ര ജഡേജക്ക് നിര്‍ണ്ണായക റോളാണുള്ളത്. ജഡേജയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് കരുത്താവും. ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.

Story first published: Wednesday, June 5, 2024, 15:13 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+