ന്യൂയോര്‍ക്ക്: ബംഗ്ലാദേശുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ വിവാദത്തില്‍. കളിയില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട സഞ്ജു ബാറ്റിങില്‍ തികഞ്ഞ പരാജയമായിരുന്നു. ആറു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. പേസര്‍ ഷൊരിഫുല്‍ ഇസ്ലാമെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ സഞ്ജു വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു.
പക്ഷെ ഇതു യഥാര്‍ഥത്തില്‍ ഔട്ടാണോ? അല്ലെന്നാണ് സഞ്ജുവിന്റെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സന്നാഹ മല്‍സരമായതിനാല്‍ തന്നെ കളിയില്‍ റിവ്യു ഇല്ലായിരുന്നു. ബാറ്റിങ് അത്ര എളുപ്പല്ലാതിരുന്ന സ്ലോ പിച്ചില്‍ തുടക്കം മുതല്‍ സഞ്ജു റണ്ണെടുക്കാന്‍ പാടുപെട്ടിരുന്നു. ചില മികച്ച ഷോട്ടുകള്‍ അദ്ദേഹം കളിച്ചെങ്കിലും ഇവയൊന്നും റണ്ണിലേക്കു എത്തിയില്ല.

സ്പിന്നര്‍ മെഹ്ദി ഹസനെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബോള്‍ മാത്രമേ സഞ്ജു നേരിട്ടുള്ളൂ. സിംഗിളുമായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും ചെയ്തു. രണ്ടാം ഓവറില്‍ ഷൊരിഫുലിനെതിരേ അഞ്ചു ബോളും നേരിട്ടത് സഞ്ജുവാണ്. വൈഡായായി ഫോറടക്കം ആറു റണ്‍സ് ലഭിച്ചതൊഴിച്ചാല്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഒരു റണ്‍സ് പോലും വന്നില്ല. അഞ്ചാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തു.
മിഡില്‍ സ്റ്റംപിനും ലെഗ് സ്റ്റംപിനും ഇടയില്‍ പിച്ച് ചെയ്ത ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ ടൈമിങ് പിഴച്ചപ്പോള്‍ ബോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു. ഷൊരിഫുലിന്റെ അപ്പീലിനു പിന്നാലെ അംപയര്‍ പോള്‍ റീഫല്‍ ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ ബോള്‍ സ്റ്റംപില്‍ പതിച്ചേക്കില്ലെന്നും ലെഗ് സറ്റംപിന് മുകളിലൂടെ പോയേക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനെക്കുറിച്ചു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു സാംസണ്‍ നോട്ടൗട്ടാണ്. ആ ബോള്‍ വിക്കറ്റില്‍ കൊള്ളില്ലെന്ന കാര്യമുറപ്പാണ്. സന്നാഹ മല്‍സരങ്ങളിലും ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ സഞ്ജു ഉറപ്പായും രക്ഷപ്പെടുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാംസണ്‍ എത്ര നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ്. അംപയറുടെ ഒരു മോശം തീരുമാനം കാരണമാണ് ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിനു നേരത്തേ ക്രീസ് വിടേണ്ടി വന്നത്. റിവ്യു ലഭ്യമായിരുന്നെങ്കില്‍ സഞ്ജു പുറത്താവലില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. മികച്ചൊരു ഇന്നിങ്‌സും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു.

ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ കുപ്പായത്തിലും അംപയറുടെ മോശം തീരുമാനങ്ങള്‍ക്കു ഇരയായി മാറിക്കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്ലില്‍ സിക്സര്‍ ആവേണ്ടിയിരുന്ന ഷോട്ടില്‍ സഞ്ജുവിനെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് കണ്ടിരുന്നു. ഇപ്പോഴിതാ സന്നാഹത്തിലും അംപയറുടെ മറ്റൊരു മോശം തീരുമാനം അദ്ദേഹത്തെ ചതിച്ചിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
സന്നാഹത്തില്‍ ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലും സഞ്ജുവിനു ഇടം ലഭിച്ചേക്കില്ലെന്നു ഏറെക്കുറെ ഉറപ്പായി. ബംഗ്ലാദേശിനെതിരേ ഫിഫ്റ്റി നേടിയ റിഷഭ് പന്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 32 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 53 റണ്‍സാണ് നേടിയത്. ടീമിന്റെ ടോപ്‌സ്‌കോററും റിഷഭ് തന്നെയാണ്. ബുധനാഴ്ച അയര്‍ലാന്‍ഡുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.